റഷ്യ ഊര്‍ജ വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് സെലന്‍സ്‌കി

റഷ്യ ഊര്‍ജ വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് സെലന്‍സ്‌കി


കീവ്: റഷ്യ ഊര്‍ജ മേഖലയിലെ വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച ഊര്‍ജ വെടിനിര്‍ത്തലിനോട് റഷ്യ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ യുക്രെയ്ന്‍ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍സോ സെക്യൂരിറ്റി ഫോറത്തെ വീഡിയോ ലിങ്കിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു സെലന്‍സ്‌കി. അമേരിക്കയും റഷ്യയും തമ്മിലുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അമേരിക്ക സ്വീകരിക്കാന്‍ തയ്യാറെടുക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയും യുക്രെയ്നും പരസ്പരം ഊര്‍ജ അടിസ്ഥാനസൗകര്യങ്ങള്‍ ആക്രമിക്കുന്നത് അവസാനിപ്പിക്കാന്‍ ധാരണയായെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ യുക്രെയ്നിലെ നിരവധി വൈദ്യുത നിലയങ്ങള്‍ക്കുനേരെ റഷ്യ ആക്രമണം നടത്തിയതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. 

ഞായറാഴ്ച റഷ്യന്‍ ഡ്രോണ്‍ കീവിലെ വൈദ്യുത നിലയത്തില്‍ പതിച്ചതിനെത്തുടര്‍ന്ന് തലസ്ഥാനത്ത് വൈദ്യുതി തടസ്സമുണ്ടായതായി സെലന്‍സ്‌കി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പിന്നാലെ കിഴക്കന്‍ നഗരമായ ഖാര്‍കീവിലെ സി എച്ച് പി-5 വൈദ്യുത നിലയത്തിനുനേരെയും ആക്രമണമുണ്ടായതായി അദ്ദേഹം പറഞ്ഞു. ദിവസം മുഴുവന്‍ യുക്രെയ്ന്‍ ആകാശത്ത് റഷ്യന്‍ 'ഷഹെദ്' ഡ്രോണുകള്‍ നിറഞ്ഞിരിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഇരു രാജ്യങ്ങളും തമ്മില്‍ ഊര്‍ജ മേഖലയിലെ വെടിനിര്‍ത്തലിന് ധാരണയായതായി ട്രംപ് പ്രഖ്യാപിച്ചത് വ്യക്തമായ വിശദാംശങ്ങളില്ലാതെയായിരുന്നു. ഇത് യുക്രെയ്‌നെ അമ്പരപ്പിച്ചപ്പോള്‍ റഷ്യയുടെ ഭാഗത്തുനിന്ന് പരസ്യ പ്രതികരണമുണ്ടായില്ല. യുക്രെയ്‌ന്റെ പാശ്ചാത്യ സഖ്യകക്ഷികള്‍ പ്രഖ്യാപനത്തെ പിന്തുണച്ചു.


റഷ്യന്‍ ഡീസലിനുമേലുള്ള അമേരിക്കന്‍ ഉപരോധത്തില്‍ താത്ക്കാലിക ഇളവ് അനുവദിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനുശേഷമാണ് ഊര്‍ജ വെടിനിര്‍ത്തല്‍ സംബന്ധിച്ച പ്രഖ്യാപനം വന്നത്. ഇതിനെതിരെ യൂറോപ്യന്‍ സഖ്യകക്ഷികളും കീവിലെ നേതൃത്വവും രംഗത്തെത്തിയിരുന്നു. ഉപരോധത്തിലെ ഇളവ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ നിലപാടുകള്‍ക്ക് കൂടുതല്‍ കരുത്തുപകരുമെന്നായിരുന്നു അവരുടെ വിമര്‍ശനം.

ഇറാനുമായുള്ള യുദ്ധം ആഗോള എണ്ണലഭ്യതയെ ബാധിച്ച സാഹചര്യത്തില്‍ റഷ്യന്‍ എണ്ണശുദ്ധീകരണശാലകള്‍ക്കുനേരെ യുക്രെയ്ന്‍ നടത്തുന്ന ആക്രമണങ്ങളാണ് ഡീസല്‍ വില കുതിച്ചുയരാന്‍ കാരണമെന്ന് ട്രംപ് ആരോപിച്ചിരുന്നു. അടുത്ത മാസം നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിക്ക് ഈ വിലക്കയറ്റം വലിയ വെല്ലുവിളിയാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

റഷ്യയുടെ എണ്ണശുദ്ധീകരണശാലകള്‍ക്കും എണ്ണ കയറ്റുമതിക്കും നേരെയുള്ള ദീര്‍ഘദൂര ആക്രമണങ്ങള്‍ യുക്രെയ്ന്‍ അവസാനിപ്പിക്കണമെന്ന് മോസ്‌കോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ യുക്രെയ്‌ന്റെ ഊര്‍ജ സംവിധാനങ്ങള്‍ക്കും നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ റഷ്യയും അവസാനിപ്പിക്കണമെന്ന് സെലന്‍സ്‌കി പറഞ്ഞു. ജനങ്ങളെ കൊലപ്പെടുത്തുന്നതും നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


യുക്രെയ്‌നോ റഷ്യയോ സ്ഥിരീകരിക്കുന്നതിനുമുമ്പ് വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള ധാരണകള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ നടത്തുന്നതിനെ സെലന്‍സ്‌കി വിമര്‍ശിച്ചു.

'ഊര്‍ജ വെടിനിര്‍ത്തലും സംഘര്‍ഷം കുറയ്ക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മറ്റ് നടപടികളും യാഥാര്‍ഥ്യത്തില്‍ നടപ്പാകേണ്ടതാണ്; ട്രൂത്ത് സോഷ്യലില്‍ മാത്രം പ്രഖ്യാപിച്ചാല്‍ പോരാ'- അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഇരു രാജ്യങ്ങളും ഊര്‍ജ വെടിനിര്‍ത്തലിന് ധാരണയായതായി ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം യുക്രെയ്‌നിലെ വൈദ്യുത നിലയങ്ങള്‍ക്കുനേരെ റഷ്യ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

റഷ്യന്‍ ആക്രമണത്തില്‍ വൈദ്യുതി ശൃംഖല തകര്‍ന്നതിനെത്തുടര്‍ന്ന് യുക്രെയ്‌നിലെ ഇസിയം നഗരത്തിലെ ജനങ്ങള്‍ക്ക് വൈദ്യുതി തടസ്സം നേരിട്ടതായി യുക്രെയ്ന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഉക്രിന്‍ഫോം റിപ്പോര്‍ട്ട് ചെയ്തു.

പടിഞ്ഞാറന്‍ യുക്രെയ്‌നിലെ ഷിറ്റോമിര്‍ മേഖലയിലെ ഊര്‍ജ, റെയില്‍വേ അടിസ്ഥാനസൗകര്യങ്ങളും രാത്രിയില്‍ റഷ്യന്‍ ആക്രമണങ്ങള്‍ക്ക് ഇരയായതായി മേഖലയിലെ സൈനിക ഭരണകൂട മേധാവി വിറ്റാലി ബുനെച്‌കോ അറിയിച്ചു.

യുക്രെയ്‌നില്‍നിന്നുള്ള ധാന്യ കയറ്റുമതി റഷ്യ തടയുകയാണെന്നും സെലന്‍സ്‌കി ആരോപിച്ചു. ഇതേത്തുടര്‍ന്ന് രണ്ടു മാസത്തിനുള്ളില്‍ കാര്‍ഷിക പ്രതിസന്ധി രൂക്ഷമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'ഇതിന്റെ പ്രത്യാഘാതങ്ങള്‍ അമേരിക്ക അനുഭവിക്കുന്നില്ല. അതുകൊണ്ടാണ് ശ്രദ്ധ ഊര്‍ജ മേഖലയിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നത്,'- സെലന്‍സ്‌കി പറഞ്ഞു.

കാനഡ, ഫിന്‍ലന്‍ഡ് നേതാക്കളുമായും നേറ്റോ നേതൃത്വവുമായും സംസാരിച്ചതിനുശേഷം യുക്രെയ്ന്‍ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുന്നുവെന്നും റഷ്യയും അതിന് പിന്തുണ നല്‍കേണ്ടത് പ്രധാനമാണെന്നും സെലന്‍സ്‌കി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. 

2022 ഫെബ്രുവരിയില്‍ റഷ്യ അധിനിവേശം ആരംഭിച്ചതിനുശേഷം യുക്രെയ്നിലെ ഊര്‍ജ അടിസ്ഥാനസൗകര്യങ്ങള്‍ക്കുനേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. അതിശൈത്യകാലത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതിയും ചൂടും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. യുദ്ധത്തിന് പണം കണ്ടെത്താന്‍ സഹായിക്കുന്നുവെന്നാരോപിച്ച് റഷ്യന്‍ എണ്ണശുദ്ധീകരണശാലകള്‍ക്കുനേരെ യുക്രെയ്നും ആസൂത്രിതമായി ആക്രമണം നടത്തിവരികയാണ്.