കീവ്: മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ ഇറാന്റെ ഡ്രോണുകളെ പ്രതിരോധിക്കാന്‍ യുക്രൈന്റെ പരിജ്ഞാനം തേടിയ സാഹചര്യത്തില്‍ സഹായത്തിനുപകരം പണവും സാങ്കേതികവിദ്യയും ലഭിക്കണമെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ വിദഗ്ധ സംഘങ്ങളെ ഇതിനായി മിഡില്‍ ഈസ്റ്റിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു.
മൂന്ന് വിദഗ്ധ സംഘങ്ങളെ മിഡില്‍ ഈസ്റ്റിലേക്ക് അയച്ചതായും ഡ്രോണ്‍ പ്രതിരോധ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനെക്കുറിച്ച് വിലയിരുത്തലുകളും പ്രദര്‍ശനങ്ങളും നടത്തുകയായിരുന്നു അവരുടെ ദൗത്യമെന്നും സെലെന്‍സ്‌കി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സംഘങ്ങളെ ഖത്തര്‍, യു എ ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കും ജോര്‍ദാനിലെ ഒരു യു എസ് സൈനിക താവളത്തിലേക്കുമാണ് അയച്ചത്.
ഗള്‍ഫ് രാജ്യങ്ങളുമായി ദീര്‍ഘകാല ഡ്രോണ്‍ സഹകരണ കരാറുകള്‍ ചര്‍ച്ച ചെയ്യാമെന്നും ഈ സഹായത്തിനുപകരമായി യുക്രൈനിന് ലഭിക്കേണ്ട കാര്യങ്ങള്‍ ഇനിയും തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തങ്ങള്‍ക്ക് സാങ്കേതികവിദ്യയും ധനസഹായവും രണ്ടും പ്രധാനമാണെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ ഷഹീദ് ഡ്രോണുകള്‍ പ്രതിരോധിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ വലിയ തോതില്‍ എയര്‍ ഡിഫന്‍സ് മിസൈലുകളാണ് വിനിയോഗിക്കുന്നത്. എന്നാല്‍ റഷ്യന്‍ ഡ്രോണുകള്‍ പ്രതിരോധിക്കാന്‍ ചെലവ് കുറഞ്ഞ ചെറിയ ഡ്രോണുകളും ജാമിംഗ് ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള നിരവധി ആയുധ സംവിധാനങ്ങള്‍ യുക്രെയ്ന്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
യു എസിന് ഡ്രോണുകള്‍ വീഴ്ത്തുന്നതിന് യുക്രൈന്റെ സഹായം ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞതായി സെലെന്‍സ്‌കി ചൂണ്ടിക്കാട്ടി. അമേരിക്കയുമായി വലിയൊരു ഡ്രോണ്‍ കരാറില്‍ ഒപ്പുവയ്ക്കാത്തതിന്റെ കാരണം തനിക്കറിയില്ലെന്നും 35 മുതല്‍ 50 ബില്യണ്‍ ഡോളര്‍ വരെ വിലവരുന്ന കരാര്‍ ഒപ്പിടാനായിരുന്നു തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈന്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ ചില യുക്രൈന്‍ കമ്പനികളും വിദേശ സര്‍ക്കാരുകളും ആന്റി-ഡ്രോണ്‍ ഉപകരണങ്ങള്‍ സംബന്ധിച്ച കരാറുകള്‍ നടത്താന്‍ ശ്രമിച്ചുവെന്നും സെലെന്‍സ്‌കി ആരോപിച്ചു.
മിഡില്‍ ഈസ്റ്റില്‍ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം യുക്രെയ്‌ന്റെ എയര്‍ ഡിഫന്‍സ് മിസൈല്‍ ലഭ്യതയെ ബാധിക്കുമോ എന്ന ആശങ്കയും സെലെന്‍സ്‌കി ഉയര്‍ത്തി. മിഡില്‍ ഈസ്റ്റ് പ്രശ്‌നം കാരണം അമേരിക്ക യുക്രെയ്ന്‍ വിഷയത്തില്‍ നിന്ന് മാറിനില്‍ക്കുന്നത് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ, യുക്രെയ്ന്‍, യു എസ് എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള അടുത്ത സമാധാന ചര്‍ച്ചകള്‍ യു എ ഇയില്‍ നടത്താനായിരുന്നു പദ്ധതി. എന്നാല്‍ ഇസ്രായേലും യു എസും ഇറാനെതിരെ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ മേഖലയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ചര്‍ച്ചകള്‍ മാറ്റിവെക്കുകയായിരുന്നു.
അടുത്ത ആഴ്ച അമേരിക്കയില്‍ കൂടിക്കാഴ്ച നടത്താന്‍ വാഷിംഗ്ടണ്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും എന്നാല്‍ റഷ്യ അതിന് സമ്മതിച്ചിട്ടില്ലെന്നും സെലെന്‍സ്‌കി പറഞ്ഞു.
യുദ്ധഭൂമിയിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, റഷ്യ പദ്ധതിയിട്ടിരുന്ന വസന്തകാല ആക്രമണം ഇതിനകം പരാജയപ്പെട്ടതായി യുക്രൈന്‍ സൈന്യം വിലയിരുത്തുന്നുവെന്നും സെലെന്‍സ്‌കി പറഞ്ഞു.
