വാഷിംഗ്ടണ്‍: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഈയാഴ്ച യു എസില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തും. സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ നടക്കുന്ന സന്ദര്‍ശനത്തിനിടെ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി അദ്ദേഹം ചര്‍ച്ച നടത്തും. പത്തുവര്‍ഷത്തിനിടെ ആദ്യമായാണ് ഷി ഔദ്യോഗിക സന്ദര്‍ശനത്തിനായി വാഷിംഗ്ടണിലെത്തുന്നത്.
വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലിയും മുതിര്‍ന്ന യു എസ് ഉദ്യോഗസ്ഥരും അറിയിച്ചതനുസരിച്ച്, ഇരുനേതാക്കളും തമ്മിലുള്ള ഉഭയകക്ഷി നയതന്ത്ര ചര്‍ച്ചകള്‍ക്കായിരിക്കും സന്ദര്‍ശനത്തില്‍ പ്രാധാന്യം.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങളും കൂടിക്കാഴ്ചയിലെ പ്രധാന വിഷയമാകും. താരിഫ് കുറയ്ക്കല്‍, ഊര്‍ജം, കാര്‍ഷിക ഉത്പന്നങ്ങള്‍, വിമാനങ്ങള്‍ വാങ്ങല്‍ തുടങ്ങിയ മേഖലകളില്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2025 സാമ്പത്തിക വര്‍ഷത്തില്‍ ചരക്കുകളും സേവനങ്ങളും ഉള്‍പ്പെടെ യു എസ് ചൈനയിലേക്ക് ഏകദേശം 16,320 കോടി ഡോളറിന്റെ കയറ്റുമതി നടത്തി. അതേസമയം, ചൈനയില്‍നിന്ന് 33,150 കോടി ഡോളറിന്റെ ഇറക്കുമതിയും നടത്തി. ഇതോടെ യു എസിന്റെ വ്യാപാരക്കമ്മി ഏകദേശം 16,830 കോടി ഡോളറായി.
വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലും ചൈനയില്‍നിന്നുള്ള യു എസ് ചരക്ക് ഇറക്കുമതി വലിയ തോതില്‍ തുടരുകയാണ്. ഇലക്ട്രോണിക്സ്, യന്ത്രസാമഗ്രികള്‍, ദൈനംദിന ഉപഭോക്തൃ ഉത്പന്നങ്ങള്‍ എന്നിവയാണ് ഇറക്കുമതിയുടെ പ്രധാന ഭാഗങ്ങള്‍.
കമ്പ്യൂട്ടറുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, ലിഥിയം അയണ്‍ ബാറ്ററികള്‍ എന്നിവ ഉള്‍പ്പെടെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ 8400 കോടി ഡോളറിലധികമാണ് ചൈനയില്‍ നിന്ന് യു എസ് ഇറക്കുമതി ചെയ്യുന്നത്.
യന്ത്രസാമഗ്രികളും ആണവ റിയാക്ടറുകളും ഏകദേശം 5200 കോടി ഡോളര്‍, ഉപഭോക്തൃ ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും ഉള്‍പ്പെടെ 2000 കോടി ഡോളറിലധികവും ഇറക്കുമതി ചെയ്യുന്നുണ്ട്.
വ്യാപാര ചര്‍ച്ചകളില്‍ കൂടുതല്‍ താരിഫ് ഇളവുകള്‍ക്ക് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശാലമായ ഊര്ജകാര്ഷിക കരാറിന്റെ ഭാഗമായി യു എസില്‍നിന്നുള്ള ദ്രവീകൃത പ്രകൃതിവാതകത്തിന് (എല്‍ എന്‍ ജി) ചൈന ഏര്‍പ്പെടുത്തിയിട്ടുള്ള 15 ശതമാനം താരിഫ് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതും പരിഗണനയിലുണ്ട്.
കാര്‍ഷിക മേഖലയില്‍ 2026 മുതല്‍ 2028 വരെ ഓരോ വര്‍ഷവും കുറഞ്ഞത് 1700 കോടി ഡോളറിന്റെ യു എസ് കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങാന്‍ ചൈന പ്രതിജ്ഞാബദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ നടത്തിയ സോയാബീന്‍ വാങ്ങല്‍ വാഗ്ദാനങ്ങള്‍ക്ക് പുറമേയാണിത്.
പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് 200 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാന്‍ ചൈനയ്ക്ക് പദ്ധതിയുണ്ടെന്നാണ് യു എസിന്റെയും ചൈനയുടെയും പ്രഖ്യാപനങ്ങള്‍ സൂചിപ്പിക്കുന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ വാഷിംഗ്്ടണ്‍ സന്ദര്‍ശനത്തിന്റെ ഔദ്യോഗിക പരിപാടി വൈറ്റ് ഹൗസ് പുറത്തുവിട്ടു.
സെപ്റ്റംബര്‍ 23 ബുധനാഴ്ച വാഷിംഗ്്ടണിന് സമീപമുള്ള ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ ട്രംപ് ഷി ജിന്‍പിങ്ങിനെയും ഭാര്യ പെങ് ലിയുവാനെയും സ്വീകരിക്കും.
വെള്ളിയാഴ്ച റോസ് ഗാര്‍ഡനില്‍ നടക്കുന്ന സൈനിക പരേഡ് അവലോകനത്തില്‍ ഇരുനേതാക്കളും പങ്കെടുക്കും. തുടര്‍ന്ന് അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി നയതന്ത്ര ബന്ധങ്ങളും വ്യാപാരബന്ധങ്ങളും ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദക്ഷിണ കൊറിയയിലെ ബുസാനില്‍ വ്യാപാരയുദ്ധത്തിന് താത്ക്കാലിക വിരാമമിട്ടതുമുതല് ബെയ്ജിംഗില്‍ പുതിയ സാമ്പത്തിക സംവിധാനങ്ങള്‍ രൂപീകരിക്കുന്നതുവരെ, കഴിഞ്ഞ 11 മാസമായി ലോകത്തിലെ ഏറ്റവും നിര്‍ണായകമായ മത്സരബന്ധങ്ങളിലൊന്നിനെ നിയന്ത്രിച്ചുനിര്‍ത്താനുള്ള ശ്രമമാണ് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിഗും നടത്തിയത്.
സെപ്റ്റംബര്‍ 24ന് വാഷിങ്ടണില്‍ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളുടെ തലവന്മാര് തമ്മിലുള്ള 11 മാസം നീണ്ട ചര്‍ച്ചകളുടെ പുതിയ അധ്യായത്തിനാണ് തുടക്കമാകുന്നത്.
താരിഫുകളും തിരിച്ചടിനടപടികളും മാസങ്ങളോളം വര്‍ധിച്ച സാഹചര്യത്തിലാണ് ട്രംപും ഷിയും ബുസാനില്‍ കൂടിക്കാഴ്ച നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള് തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമാകുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷത്തെ വ്യാപാര ധാരണയിലാണ് കൂടിക്കാഴ്ച അവസാനിച്ചത്.
ധാരണപ്രകാരം ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള ചില താരിഫുകള്‍ വാഷിംഗ്ടണ്‍ കുറച്ചു. ഫെന്റനിലുമായി ബന്ധപ്പെട്ട താരിഫും ഇതില്‍ ഉള്‍പ്പെട്ടു. സോയാബീന്‍ ഉള്‍പ്പെടെയുള്ള പ്രധാന യു എസ് കാര്‍ഷിക ഉത്പന്നങ്ങളുടെ വാങ്ങല്‍ പുന:രാരംഭിക്കാന്‍ ബെയ്ജിങ് സമ്മതിച്ചു. ഫെന്റനിലുമായി ബന്ധപ്പെട്ട രാസവസ്തുക്കള്‍ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്താനും അപൂര്‍വ ഭൂലോഹ കയറ്റുമതിക്കുള്ള പുതിയ നിയന്ത്രണങ്ങള്‍ താldക്കാലികമായി നിര്‍ത്തിവയ്ക്കുകയോ ലഘൂകരിക്കുകയോ ചെയ്യാനും ചൈന സമ്മതിച്ചു.
യു എസ് ഉത്പന്നങ്ങള്‍ക്കും കമ്പനികള്‍ക്കുമെതിരെ ചൈന സ്വീകരിച്ചിരുന്ന ചില തിരിച്ചടിനടപടികള് താത്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതും ധാരണയുടെ ഭാഗമായിരുന്നു.
എന്നാല്‍ സമഗ്രമായ ഒത്തുതീര്‍പ്പിലേക്ക് ബുസാന്‍ കൂടിക്കാഴ്ച എത്തിയില്ല. താത്ക്കാലിക ധാരണയായാണ് കരാര്‍ രൂപപ്പെടുത്തിയിരുന്നത്. തര്‍ക്കവിഷയങ്ങളില്‍ പലതും തുടര്‍ചര്‍ച്ചകള്‍ക്കായി മാറ്റിവച്ചു.
ഏഴു മാസത്തിനുശേഷം ട്രംപ് ഷിയുമായി ചര്‍ച്ച നടത്താന്‍ ബെയ്ജിങ്ങിലെത്തി. 2017നുശേഷം ചൈന സന്ദര്‍ശിക്കുന്ന ആദ്യത്തെ അധികാരത്തിലിരിക്കുന്ന യു എസ് പ്രസിഡന്റായിരുന്നു അദ്ദേഹം.
ബുസാനിലെ താല്‍ക്കാലിക ധാരണയെക്കാള്‍ വിപുലമായ സാമ്പത്തിക ചട്ടക്കൂടാണ് ബെയ്ജിംഗ് കൂടിക്കാഴ്ചയില്‍ രൂപപ്പെട്ടത്. എന്നാല്‍ വാഷിംഗ്ടണും ബെയ്ജിംഗും തമ്മിലുള്ള പ്രധാന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടില്ല.
ബുസാനില്‍ രൂപപ്പെട്ട വ്യാപാര ധാരണയുടെ കാലാവധി നവംബറില്‍ അവസാനിക്കാനിരിക്കുകയാണ്. അതിന്റെ കാലാവധി നീട്ടുന്നതിനെക്കുറിച്ച് വാഷിംഗ്ടണും ബെയ്ജിങ്ങും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
മൂന്ന് കൂടിക്കാഴ്ചകളുടെ തുടര്‍ച്ച പരിശോധിക്കുമ്പോള്‍, അന്തിമ ഒത്തുതീര്‍പ്പിനേക്കാള്‍ പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള ശ്രമമാണ് വ്യക്തമാകുന്നത്.
