ജനീവ: വേള്‍ഡ് ഇക്കണോമിക് ഫോറം പ്രസിഡന്റും സി ഇ ഒയുമായ ബോര്‍ഗ് ബ്രെന്‍ഡെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീ്‌നുമായുള്ള മുന്‍കാല ബന്ധങ്ങളുടെ പേരില്‍ പരിശോധനക്കിടെ സ്ഥാനമൊഴിഞ്ഞു. ബ്രെന്‍ഡെയുടെ എപ്സ്റ്റീനുമായുള്ള ഇടപാടുകള്‍ സംബന്ധിച്ച് സ്വതന്ത്ര പരിശോധന ആരംഭിച്ചതിന് ആഴ്ചകള്‍ക്കുശേഷമാണ് രാജി പ്രഖ്യാപനം വന്നത്.
2017 മുതല്‍ ജനീവ ആസ്ഥാനമായ ഫോറത്തിന്റെ മേധാവിയായിരുന്ന ബ്രെന്‍ഡെ, യു എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട വിവരങ്ങളിലൂടെയാണ് എപ്സ്റ്റീനുമായി നടത്തിയ മൂന്ന് ബിസിനസ് ഡിന്നറുകളിലും ഇമെയില്‍, സന്ദേശങ്ങള്‍ വഴിയുള്ള ആശയവിനിമയങ്ങളിലും പങ്കെടുത്തതായി വെളിപ്പെട്ടത്.
നീണ്ട ആലോചനകള്‍ക്ക് ശേഷമാണ് രാജിക്കാര്യം തീരുമാനിച്ചതെന്നും സഹപ്രവര്‍ത്തകരുടെയും പങ്കാളികളുടെയും സഹകരണത്തിന് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, ഫോറത്തിന്റെ പ്രവര്‍ത്തനം തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകാന്‍ ഇതാണ് ശരിയായ സമയമെന്നും കൂട്ടിച്ചേര്‍ത്തു. രാജിക്കുറിപ്പില്‍ എപ്സ്റ്റീനിനെ അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല.
വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ സഹാധ്യക്ഷന്മാരായ ആന്‍ഡ്രെ ഹോഫ്മാന്‍, ലാറി ഫിന്‍ക് എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ എപ്സ്റ്റീനുമായുള്ള ബ്രെന്‍ഡെയുടെ ബന്ധത്തെക്കുറിച്ചുള്ള സ്വതന്ത്ര പരിശോധന പൂര്‍ത്തിയായതായി അറിയിച്ചു. പൊതുവില്‍ ഇതിനകം വെളിപ്പെടുത്തിയതിനു പുറമേ മറ്റ് ആശങ്കകള്‍ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം തുടക്കത്തില്‍ യു എസ് നീതിന്യായ വകുപ്പ് എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിട്ടതിനെത്തുടര്‍ന്ന് ആഗോള രാഷ്ട്രീയ- വ്യവസായ നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ ബന്ധങ്ങള്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഫോറം അന്വേഷണം ആരംഭിച്ചത്.
ഇടക്കാല പ്രസിഡന്റും സി ഇ ഒയുമായി അലോയിസ് സ്വിന്‍ഗി ചുമതലയേല്‍ക്കും. സ്ഥിരം പിന്‍ഗാമിയെ കണ്ടെത്തുന്നതിനുള്ള പ്രക്രിയയ്ക്ക് ട്രസ്റ്റി ബോര്‍ഡ് മേല്‍നോട്ടം വഹിക്കും.
എല്ലാ വര്‍ഷവും സ്വിറ്റ്‌സര്‍ലന്‍ഡിലെ ഡാവോസില്‍ നടക്കുന്ന ഉച്ചകോടിയിലൂടെ ലോക രാഷ്ട്രത്തലവന്മാരെയും കോര്‍പ്പറേറ്റ് നേതാക്കളെയും സിവില്‍ സമൂഹ പ്രതിനിധികളെയും ഒന്നിപ്പിക്കുന്നതിനാലാണ് വേള്‍ഡ് ഇക്കണോമിക് ഫോറം പ്രസിദ്ധമായത്. ഭരണപരമായ ഉത്തരവാദിത്വങ്ങളും സുതാര്യതയും സംബന്ധിച്ച പുതിയ ചോദ്യങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബ്രെന്‍ഡെയുടെ പിന്മാറ്റം ഫോറത്തിനുള്ളില്‍ ഒരു അധ്യായത്തിന് വിരാമമിടുന്നതായി വിലയിരുത്തപ്പെടുന്നു.
