കണ്ണീർ കടലായി വെനസ്വേല: മരണം 920 കടന്നു, കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി ആയിരങ്ങൾ

കണ്ണീർ കടലായി വെനസ്വേല: മരണം 920 കടന്നു, കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി ആയിരങ്ങൾ


കരാക്കസ്: വെനസ്വേലയിൽ തുടർച്ചയായുണ്ടായ രണ്ട് അതിശക്തമായ ഭൂചലനങ്ങളിൽ മരിച്ചവരുടെ എണ്ണം 920 കടന്നു. മൂവായിരത്തിലധികം പേർക്ക് പരിക്കേറ്റ ദുരന്തത്തിൽ ആയിരങ്ങളെ കാണാതായിട്ടുണ്ട്. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. 

ദുരന്തം നടന്ന് രണ്ട് ദിവസമായിട്ടും മതിയായ സർക്കാർ സഹായം ലഭിക്കാത്തതിനാൽ ജനങ്ങൾ സ്വന്തം നിലയ്ക്കുള്ള തിരച്ചിലുകളാണ് നടത്തുന്നത്. ചുറ്റികയും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കോൺക്രീറ്റ് പാളികൾ പൊളിച്ചാണ് പലരും രക്ഷാപ്രവർത്തനം നടത്തുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ ജീവനോടെ പുറത്തെടുക്കാനുള്ള സമയം നീണ്ടുപോകുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. വീടുകൾ നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകൾ പാർക്കുകളിലും റോഡരികിലുമാണ് കഴിയുന്നത്. പലരും തങ്ങളുടെ വാഹനങ്ങൾ തന്നെ താത്കാലിക അഭയകേന്ദ്രങ്ങളാക്കി മാറ്റി. 

ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലാത്തതിനാൽ സ്വതന്ത്ര ഏജൻസികളുടെ വിവരങ്ങൾ പ്രകാരം ഇരുപതിനായിരത്തിലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് സൂചന. കാണാതായവർക്കായി സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായ തിരച്ചിലാണ് നടക്കുന്നത്. എക്സ്, ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ പ്രിയപ്പെട്ടവരുടെ ചിത്രങ്ങളും വിവരങ്ങളും പങ്കുവച്ച് നിരവധി പേർ സഹായം അഭ്യർഥിക്കുന്നുണ്ട്. 

ബുധനാഴ്ച രാത്രിയാണ് 39 സെക്കൻഡുകളുടെ വ്യത്യാസത്തിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ഉണ്ടായത്. തലസ്ഥാനമായ കരാക്കസിൽ നിന്ന് 170 കിലോമീറ്റർ അകലെ കരീബിയൻ തീരത്തെ മൊറോൺ മേഖലയിലാണ് പ്രഭവകേന്ദ്രം. നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ് വെനസ്വേലയിലുണ്ടായത്. വടക്കൻ തീരപ്രദേശമായ ലാ ഗ്വയ്‌റയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഇവിടെ നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. 

രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങളെ ലാ ഗ്വയ്‌റയിലേക്ക് നിയോഗിച്ചിട്ടുണ്ടെന്ന് ആക്ടിങ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് വ്യക്തമാക്കി. തകർന്ന ആശുപത്രികളുടെയും വീടുകളുടെയും പുനർനിർമാണത്തിനായി 200 ദശലക്ഷം ഡോളറിൻ്റെ ഫണ്ട് രൂപീകരിക്കുമെന്നും അവർ അറിയിച്ചു. മുൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയെ അമേരിക്ക പിടികൂടിയതിന് പിന്നാലെ ജനുവരിയിലാണ് ഡെൽസി റോഡ്രിഗസ് അധികാരമേറ്റത്. മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും നിലവിൽ ന്യൂയോർക്കിൽ ജയിലിലാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് ഭൂചലനം വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

വെനസ്വേലയ്ക്ക് സഹായവുമായി രാജ്യാന്തര സമൂഹം രംഗത്തെത്തിയിട്ടുണ്ട്. അമേരിക്ക 150 ദശലക്ഷം ഡോളറിൻ്റെ സഹായവും രക്ഷാപ്രവർത്തകരെയും അയച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒക്ടോബർ 23 വരെ വെനസ്വേലയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ അമേരിക്ക ഇളവ് അനുവദിച്ചിട്ടുണ്ട്. ഇന്ത്യ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളിൽ 41 അംഗ രക്ഷാപ്രവർത്തകരെയും മരുന്നുകളും അയച്ചു. യൂറോപ്യൻ യൂണിയൻ 520 അംഗ സംഘത്തെയും ബ്രസീൽ, ചൈന, ഇറ്റലി, തുർക്കി തുടങ്ങിയ രാജ്യങ്ങൾ വൈദ്യസഹായവും രക്ഷാപ്രവർത്തകരെയും അയച്ചിട്ടുണ്ട്. റെഡ് ക്രോസ് 61 ദശലക്ഷം ഡോളറിൻ്റെ അടിയന്തര സഹായം അഭ്യർഥിച്ചിട്ടുണ്ട്.