പാരിസ്: ജി7 ഉച്ചകോടിക്കിടെ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ സുരക്ഷാ വിഷയത്തില്‍ ഇന്ത്യയുടെ ആശങ്ക ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമുദ്രപാതകളില്‍ നടക്കുന്ന ആക്രമണങ്ങളും സുരക്ഷാ ഭീഷണിയും വിവിധ രാജ്യങ്ങളുടെ വ്യാപാരത്തെയും സാമ്പത്തിക സംവിധാനങ്ങളെയും ബാധിക്കുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങളുടെ ആഘാതം ഇന്ത്യക്കും നേരിട്ട് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇന്ത്യക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്തി. ഇന്ത്യന്‍ പൗരന്മാരെ ബാധിച്ച കടല്‍സുരക്ഷാ പ്രശ്‌നങ്ങളുടെ ഗൗരവം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഹോർമുസിൽ ഷിപ്പിംഗ് ജീവനക്കാർ നേരിടുന്ന അപകട സാദ്ധ്യതകളെ കുറിച്ചും വിശദമാക്കി.
ഫ്രാൻസിലെ എവിയാനിൽ നടക്കുന്ന ജി7 ഉച്ചകോടിയിലെ "പുതിയ പങ്കാളിത്തം രൂപപ്പെടുത്തലും അന്താരാഷ്ട്ര ഐക്യദാർഢ്യം പുനർനിർമ്മിക്കലും" എന്ന വിഷയത്തിൽ നടന്ന ഔട്ട്‌റീച്ച് സെഷനെ അഭിസംബോധന ചെയ്യവേയാണ് ഒമാൻ തീരത്ത് ഇന്ത്യൻ നാവികർക്കെതിരേ ഉണ്ടായ അമേരിക്കൻ ആക്രമണത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയത്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള രാഷ്ട്രത്തലവന്മാര്‍ കൂടിയ വേദിയിലായിരുന്നു മോദിയുടെ പരാമര്‍ശം.
ഇന്ത്യ ലോകത്തിലെ പ്രധാന വ്യാപാര രാജ്യങ്ങളിലൊന്നായതിനാല്‍ ചരക്ക് ഗതാഗതത്തിന്റെ ഏറിയ പങ്കും സമുദ്രപാതകളെ ആശ്രയിച്ചാണ് നടക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തിലോ മറ്റ് അന്താരാഷ്ട്ര കടല്‍പാതകളിലോ ഉണ്ടാകുന്ന അസ്ഥിരത രാജ്യത്തിന്റെ വ്യാപാര മേഖലയെ നേരിട്ട് ബാധിക്കുമെന്ന് മോദി പറഞ്ഞു. എണ്ണ, ഭക്ഷ്യവസ്തുക്കള്‍, വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ആഗോള വിതരണ ശൃംഖലയില്‍ കടല്‍പാതകള്‍ നിര്‍ണായകമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അതേസമയം, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ച ഇന്ന് നടക്കും.
'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ജി7 ഉച്ചകോടിയിൽ ആശങ്ക പങ്കുവച്ച് മോദി
