ന്യൂഡൽഹി: വിദേശപഠനത്തിനായി ഇന്ത്യൻ വിദ്യാർഥികൾ കൂടുതലായി ആശ്രയിച്ചിരുന്ന അമേരിക്ക, കാനഡ, ബ്രിട്ടൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്ക് പകരമായി ഇപ്പോൾ ശക്തമായി ഉയർന്നുവരുന്നത് ന്യൂസീലൻഡ് ആണ്. ഇന്ത്യ-ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാര കരാർ (FTA) ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ പഠനവും തൊഴിൽ അവസരങ്ങളും കൂടുതൽ സ്ഥിരതയാർജിക്കുമെന്ന പ്രതീക്ഷയാണ് വിദ്യാർഥികളെയും കുടുംബങ്ങളെയും ന്യൂസീലൻഡിലേക്കാകർഷിക്കുന്നത്.
2025 ജനുവരി മുതൽ ഏപ്രിൽ വരെ ന്യൂസീലൻഡിലെ അന്താരാഷ്ട്ര വിദ്യാർഥി പ്രവേശനം 63,000 കടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ വർധനയാണിത്. ഈ വളർച്ചയിൽ ഇന്ത്യൻ വിദ്യാർഥികളുടെ പങ്ക് നിർണായകമാണെന്നാണ് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.
മുമ്പ് അമേരിക്കയിലോ കാനഡയിലോ പ്രവേശനം ലഭിക്കാത്തവർക്ക് ബദൽ സാധ്യതയെന്ന നിലയിലാണ് ന്യൂസീലൻഡിനെ പലരും കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുകയാണ്. പഠനച്ചെലവ്, താമസസൗകര്യം, പഠനാനന്തര തൊഴിൽ അവസരങ്ങൾ, സ്ഥിരതയുള്ള വിസ നയം എന്നിവ കൃത്യമായി വിലയിരുത്തിയാണ് വിദ്യാർഥികൾ ന്യൂസീലൻഡിനെ ആദ്യ പരിഗണനയായി കാണുന്നത്.
ഇന്നത്തെ വിദ്യാർഥികളും രക്ഷിതാക്കളും സർവകലാശാലയുടെ റാങ്കിംഗിനേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് നയസ്ഥിരതയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കുമാണെന്ന് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ പറയുന്നു. വിസ നിയമങ്ങളിലെ അനിശ്ചിതത്വം, പഠനാനന്തര തൊഴിൽ നിയന്ത്രണങ്ങൾ, കുടിയേറ്റ നയങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയവ കാനഡ, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളോടുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെയും തൊഴിൽ അന്വേഷകരുടെയും സമീപനം മാറ്റിയിരിക്കുകയാണ്.
ഇതോടെ കൂടുതൽ സ്ഥിരതയുള്ള പഠന-തൊഴിൽ അന്തരീക്ഷം നൽകുന്ന ന്യൂസീലൻഡ് ഇന്ത്യൻ വിദ്യാർഥികൾക്ക് ആകർഷക കേന്ദ്രമായി മാറുന്നു. നിലവിൽ ന്യൂസീലൻഡിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പഠനകാലത്ത് ആഴ്ചയിൽ 25 മണിക്കൂർ വരെ ജോലി ചെയ്യാൻ അനുമതിയുണ്ട്. അവധിക്കാലങ്ങളിൽ മുഴുവൻ സമയ ജോലിക്കും അവസരമുണ്ട്. പഠനം പൂർത്തിയാക്കിയ ശേഷം യോഗ്യതയുടെ അടിസ്ഥാനത്തിൽ മൂന്ന് വർഷം വരെ ജോലി ചെയ്യാനുള്ള അവസരവും ലഭ്യമാണ്.
ഇന്ത്യ-ന്യൂസീലൻഡ് എഫ്ടിഎ നിലവിൽ വന്നാൽ ഈ അവസരങ്ങൾ കൂടുതൽ ഉറപ്പിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും കൂടുതൽ വ്യക്തതയുള്ള തൊഴിൽ-സഞ്ചാര നയങ്ങൾ കരാറിൽ ഉൾപ്പെടുമെന്ന സൂചനകളുണ്ട്. വിദ്യാർഥി വിസയ്ക്ക് സംഖ്യപരമായ നിയന്ത്രണം ഇല്ലെന്നതും വലിയ ആകർഷണമാണ്.
18 മുതൽ 30 വയസ്സ് വരെയുള്ള ഇന്ത്യക്കാർക്കായി പ്രതിവർഷം 1,000 വർക്കിങ് ഹോളിഡേ വിസ അനുവദിക്കാനുള്ള പദ്ധതിയും ചർച്ചയിലുണ്ട്. ഇത് പഠനത്തോടൊപ്പം തൊഴിൽപരിചയം നേടാനുള്ള അവസരം വർധിപ്പിക്കും.
പഠനച്ചെലവിനൊപ്പം താമസച്ചെലവും ഇപ്പോൾ കുടുംബങ്ങൾ കൂടുതൽ ഗൗരവത്തോടെ വിലയിരുത്തുന്നുണ്ട്. ഓക്‌ലൻഡ്, വെല്ലിങ്ടൺ പോലുള്ള നഗരങ്ങളിൽ മാസച്ചെലവ് ഉയർന്നതാണെങ്കിലും ക്രൈസ്റ്റ്ചർച്ച്, ഹാമിൽട്ടൺ, ഡ്യൂനിഡിൻ പോലുള്ള നഗരങ്ങളിൽ താരതമ്യേന കുറഞ്ഞ ചെലവിൽ പഠിക്കാനാകും. പാർട്ട് ടൈം ജോലി വഴി ഒരു പരിധിവരെ ചെലവ് നിയന്ത്രിക്കാനാകുന്നതും കുടുംബങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.
അതേസമയം, വിദേശപഠന കൗൺസിലിംഗ് രംഗം ഇപ്പോഴും അമേരിക്ക-ബ്രിട്ടൻ-കാനഡ-ഓസ്‌ട്രേലിയ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ന്യൂസീലൻഡിലെ പഠനരീതി, തൊഴിൽസാധ്യത, താമസച്ചെലവ്, നയസ്ഥിരത തുടങ്ങിയ കാര്യങ്ങളിൽ പല കൗൺസിലർമാർക്കും ഇപ്പോഴും പരിമിതമായ അറിവാണ് ഉള്ളതെന്നും വിമർശനമുണ്ട്.
എന്നാൽ ന്യൂസീലൻഡ് അമേരിക്കയെയോ ബ്രിട്ടനെയോ പൂർണമായി പകരംവയ്ക്കില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചെറിയ ജനസംഖ്യയും പരിമിത സർവകലാശാല സംവിധാനവുമുള്ള രാജ്യമായതിനാൽ പ്രവേശന സംഖ്യ വലിയ തോതിൽ ഉയരാൻ സാധ്യത കുറവാണ്. എങ്കിലും പഠനാനന്തര തൊഴിൽ സ്ഥിരതയും വ്യക്തമായ നയങ്ങളും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കിടയിൽ ന്യൂസീലൻഡ് ഇപ്പോൾ 'ബദൽ' അല്ല, മറിച്ച് 'ആദ്യ തിരഞ്ഞെടുപ്പ്' ആയി മാറുകയാണെന്നാണ് വിദ്യാഭ്യാസ മേഖലയിലെ പൊതുവായ വിലയിരുത്തൽ.
ഇന്ത്യൻ വിദ്യാർഥികളുടെ പുതിയ ഇഷ്ടകേന്ദ്രമായി ന്യൂസീലൻഡ്; പഠന-തൊഴിൽ അവസരങ്ങളിൽ വലിയ മാറ്റം
