ഹവാന: മുൻ ക്യൂബൻ നേതാവ് റൗൾ സാസ്‌ട്രോക്കെതിരായ അമേരിക്കൻ കുറ്റപത്രം യു.എസ്.-ക്യൂബ ബന്ധം പതിറ്റാണ്ടുകൾക്കിപ്പുറം ഏറ്റവും അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയെന്നാണ് വിലയിരുത്തൽ. 1996ൽ രണ്ട് സിവിലിയൻ വിമാനങ്ങൾ വെടിവെച്ച് തകർത്ത സംഭവവുമായി ബന്ധപ്പെട്ടാണ് അമേരിക്ക ഫെഡറൽ കുറ്റപത്രം സമർപ്പിച്ചത്. ഇതോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ഉയരുകയാണ്.
കുറ്റപത്രം പ്രഖ്യാപിച്ച ദിവസം തന്നെ മിയാമിയിലെ ക്യൂബൻ പ്രവാസി സമൂഹം ശക്തമായ പിന്തുണയുമായി രംഗത്തെത്തി. സ്‌പെയിനിൽ നിന്നുള്ള ക്യൂബയുടെ സ്വാതന്ത്ര്യദിനാഘോഷവുമായി ചേർന്നാണ് പ്രഖ്യാപനം നടന്നത്. കാസ്‌ട്രോ ഭരണത്തിനെതിരെ ദീർഘകാലമായി പ്രവർത്തിക്കുന്ന പ്രവാസി സംഘടനകൾ, ക്യൂബൻ ഭരണകൂടത്തെ അധികാരത്തിൽ തുടരാൻ അനുവദിക്കുന്ന യാതൊരു ധാരണയും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ്.
അതേസമയം, ക്യൂബയിലെ വിപ്ലവ അനുകൂലികൾ റൗൾ കാസ്‌ട്രോയെ അമേരിക്കയ്ക്ക് കൈമാറാനുള്ള സാധ്യത തള്ളിക്കളയുന്നു. 'അദ്ദേഹം ഇപ്പോഴും വിപ്ലവത്തിന്റെ ജീവനുള്ള പ്രതീകമാണ്,' എന്നാണ് മുൻ അമേരിക്കൻ നയതന്ത്രജ്ഞൻ റിച്ചാർഡോ സുനിഗ പ്രതികരിച്ചത്. ഒബാമ ഭരണകാലത്ത് യു.എസ്.-ക്യൂബ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്ന രഹസ്യ ചർച്ചകളിൽ പങ്കെടുത്ത വ്യക്തിയാണ് സുനിഗ.
കാസ്‌ട്രോയ്‌ക്കെതിരായ നടപടി ക്യൂബയെ സമ്മർദത്തിലാക്കി പുതിയ ധാരണയിലേക്ക് നയിക്കുമെന്ന അമേരിക്കൻ കണക്കുകൂട്ടൽ തിരിച്ചടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 'സംവാദം പൂർണമായി നിലച്ചാൽ അതിന്റെ അവസാനം സായുധ സംഘർഷത്തിലേക്കാകാം,' അദ്ദേഹം പറഞ്ഞു.
മറ്റുവശത്ത്, കാസ്‌ട്രോ വിപ്ലവം അവസാന ഘട്ടത്തിലാണെന്നും കൂടുതൽ സമ്മർദം ചെലുത്തിയാൽ ക്യൂബൻ ഭരണകൂടം തകരുമെന്നുമാണ് അമേരിക്കയിലെ പല ക്യൂബൻ പ്രവാസികളുടെയും വിലയിരുത്തൽ. 'കാസ്‌ട്രോമാരുടെ കാലം കഴിഞ്ഞു,' എന്നാണ് ക്യൂബൻ വംശജയായ അമേരിക്കൻ കോൺഗ്രസ് അംഗം മരിയ എൽവിറ സലാസർ പ്രതികരിച്ചത്.
1996ൽ 'ബ്രദേഴ്‌സ് ടു ദ റസ്‌ക്യൂ' എന്ന സംഘടനയുടെ രണ്ട് സിവിലിയൻ വിമാനങ്ങൾ ക്യൂബൻ സൈന്യം വെടിവെച്ച് തകർത്ത സംഭവത്തിൽ നാല് ക്യൂബൻ അമേരിക്കക്കാർ കൊല്ലപ്പെട്ടിരുന്നു. മൂന്ന് പതിറ്റാണ്ടായി ശിക്ഷിക്കപ്പെടാതെ കിടക്കുന്ന കുറ്റകൃത്യമാണിതെന്ന് മിയാമിയിലെ പ്രവാസി സമൂഹം ആരോപിക്കുന്നു.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ക്യൂബയുമായി ധാരണയ്ക്കുള്ള സാധ്യത പൂർണമായി തള്ളിയിട്ടില്ല. 'ഭരണകൂടം മാറിയാലും ഇല്ലെങ്കിലും കരാർ സാധ്യമാണ്. പക്ഷേ അവിടെ ജനങ്ങൾ ദുരിതത്തിലാണ്. വൈദ്യുതിയില്ല, ഭക്ഷണമില്ല,' ട്രംപ് പറഞ്ഞു.
എന്നാൽ വെനസ്വേലയിലും ഇറാനിലും പോലെ ആദ്യം ചർച്ചകളെക്കുറിച്ച് പറഞ്ഞ ശേഷം അമേരിക്ക സൈനിക നടപടിയിലേക്ക് പോയ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ക്യൂബയിൽ ആശങ്ക ഉയരുന്നുണ്ട്. ക്യൂബൻ ഭരണനേതൃത്വം ഒഴിഞ്ഞുപോകണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ തുറന്നുപറഞ്ഞതും സംഘർഷം വർധിപ്പിച്ചു.
അമേരിക്കയുടെ എണ്ണ ഉപരോധവും സാമ്പത്തിക നിയന്ത്രണങ്ങളും ക്യൂബയെ വലിയ സാമ്പത്തിക-മാനുഷിക പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന ചില വിദേശ കപ്പൽ കമ്പനികൾ പോലും സർവീസ് അവസാനിപ്പിച്ചതോടെ ക്ഷാമവും വൈദ്യുതി മുടക്കവും രൂക്ഷമായി. ഇതിനെ തുടർന്ന് ഇടയ്ക്കിടെ സർക്കാർവിരുദ്ധ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
അടുത്തിടെ സി.ഐ.എ ഡയറക്ടർ ജോൺ റാക്ട്‌ലിഫ് നടത്തിയ ക്യൂബ സന്ദർശനവും ഹവാനയ്ക്കുള്ള മുന്നറിയിപ്പായാണ് അമേരിക്കൻ വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്. വിട്ടുവീഴ്ചയ്ക്ക് സമയം കുറയുകയാണെന്ന സന്ദേശമാണ് അമേരിക്ക നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, അമേരിക്കൻ ആക്രമണ സാധ്യത മുന്നിൽകണ്ട് ക്യൂബ സൈനിക തയ്യാറെടുപ്പുകൾ ശക്തമാക്കിയിട്ടുണ്ട്. 'രാജ്യത്തെ ആക്രമിച്ചാൽ രക്തച്ചൊരിച്ചിൽ ഉണ്ടാകും' എന്ന് ക്യൂബൻ പ്രസിഡന്റ് മിഗു ഡയസ് കാനൽ മുന്നറിയിപ്പ് നൽകിയത് ഈ സാഹചര്യത്തിലാണ്.
94കാരനായ റൗൾ കാസ്‌ട്രോ ഔദ്യോഗികമായി വിരമിച്ചെങ്കിലും ക്യൂബയിൽ ഇപ്പോഴും 'വിപ്ലവത്തിന്റെ നേതാവ്' എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തെ ഭൂരിഭാഗം രാഷ്ട്രീയ-സൈനിക നേതാക്കളും കാസ്‌ട്രോയുടെ വിശ്വസ്തരാണെന്നതിനാൽ അദ്ദേഹത്തെ ലക്ഷ്യമിട്ടുള്ള ഏത് നടപടിയും ക്യൂബയെ നേരിട്ടുള്ള യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമാണ്.
റൗൾ കാസ്‌ട്രോയ്‌ക്കെതിരായ കുറ്റപത്രം യു.എസ്.-ക്യൂബ ബന്ധം കൂടുതൽ വഷളാക്കുമോ? യുദ്ധഭീഷണി ശക്തമാകുന്നു
