തായ്‌പേയ്: യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ തായ്‌വാനിലെ 101 നിലകളുള്ള അംബരചുംബിയായ 'തായ്‌പേയ് 101' കെട്ടിടം അമേരിക്കന്‍ പര്‍വതാരോഹകനായ അലക്‌സ് ഹോണോള്‍ഡ് വിജയകരമായി കീഴടക്കി. കയറോ ഹാര്‍ണസോ ഇല്ലാതെ നടത്തിയ ഈ സാഹസിക കയറ്റം നെറ്റ്ഫ്‌ലിക്‌സ് തത്സമയം സംപ്രേക്ഷണം ചെയ്തു.
508 മീറ്റര്‍ (1,667 അടി) ഉയരമുള്ള തായ്‌പേയ് 101 ഉരുക്ക്, ഗ്ലാസ്, കോണ്‍ക്രീറ്റ് എന്നിവ ഉപയോഗിച്ച് നിര്‍മിച്ച, മുളവടിയോട് സാമ്യമുള്ള നിര്‍മ്മിതിയാണ്. ശനിയാഴ്ച നടക്കേണ്ടിയിരുന്ന പ്രകടനം കാലാവസ്ഥ അനുകൂലമല്ലാത്തതിനെ തുടര്‍ന്ന് ഞായറാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
ഒരു മണിക്കൂറും 31 മിനിറ്റും കൊണ്ടാണ് ഹോണോള്‍ഡ് കെട്ടിടത്തിന്റെ മുകളില്‍ എത്തിയത്. മുന്‍പ് ഫ്രഞ്ച് റോക്ക് ക്ലൈമ്പര്‍ താരം അലന്‍ റോബര്‍ട്ടും സമാന രീതിയില്‍ ഈ കെട്ടിടം കീഴടക്കിയിട്ടുണ്ട്. 'ഫ്രഞ്ച് സ്‌പൈഡര്‍മാന്‍' എന്നറിയപ്പെടുന്ന റോബര്‍ട്ട് നാല് മണിക്കൂര്‍ കൊണ്ടായിരുന്നു അന്ന് മുകളിലെത്തിയത്.
കയറലിനിടെ 89ാം നിലയില്‍ എത്തിയപ്പോള്‍ ജനാലയ്ക്കരികിലെത്തിയ ഒരാള്‍ക്ക് കൈവീശി പ്രതികരിച്ച ഹോണോള്‍ഡിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധേയമായി. ഈ നിമിഷത്തിന്റെ വീഡിയോ താരം പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു.
മുന്‍പ് 3,000 അടി (915 മീറ്റര്‍) ഉയരമുള്ള എല്‍ ക്യാപിറ്റന്‍ പാറക്കെട്ട് കയര്‍ ഇല്ലാതെ കീഴടക്കിയ ഹോണോള്‍ഡിന്റെ സാഹസിക യാത്രയെ ആസ്പദമാക്കിയ 'ഫ്രീ സോളോ' ഡോക്യുമെന്ററി അക്കാദമി അവാര്‍ഡ് നേടിയിരുന്നു.
കയര്‍ ഇല്ലാതെ 101 നില കെട്ടിടം കീഴടക്കി അലക്‌സ് ഹോണോള്‍ഡ്
