പരിഹാരം കണ്ടെത്തേണ്ടതുണ്ട്': സെലെന്‍സ്‌കിയെ കാണാന്‍ തയ്യാറാണെന്ന് പുടിന്‍

പരിഹാരം കണ്ടെത്തേണ്ടതുണ്ട്': സെലെന്‍സ്‌കിയെ കാണാന്‍ തയ്യാറാണെന്ന് പുടിന്‍




മോസ്‌കോ:  യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെ കാണാന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ പറഞ്ഞു. പക്ഷേ ചര്‍ച്ചകളുടെ 'അവസാന ഘട്ട'ത്തില്‍ മാത്രമേ അത് ആഗ്രഹിക്കുന്നുള്ളൂ എന്നും പുടിന്‍പറഞ്ഞു. അതേസമയം ഈ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും, സെലെന്‍സ്‌കിയുടെ നിയമസാധുതയെ പുടിന്‍ ചോദ്യം ചെയ്തു.

'അത് ഏതെങ്കിലും തരത്തിലുള്ള അവസാന ഘട്ടമാണെങ്കില്‍ മാത്രമേ ഞാന്‍ അദ്ദേഹത്തെ കാണാന്‍ തയ്യാറുള്ളൂ,' സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ റിംസ്‌കികോര്‍സകോവ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്‌റ്റേറ്റ് കണ്‍സര്‍വേറ്ററിയില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിന്റെ (എസ്പിഐഇഎഫ്) ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ പുടിന്‍ പറഞ്ഞു.

പോരാട്ടം വീണ്ടും ആരംഭിക്കുന്നത് തടയാനും യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും  'ദീര്‍ഘകാലാടിസ്ഥാനത്തില്‍'  ഏതൊരു ഒത്തുതീര്‍പ്പിനും തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കുക മാത്രമല്ല, സമാനമായ സാഹചര്യങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആവര്‍ത്തിക്കുന്നത് തടയുന്ന ഒരു പരിഹാരം നാം കണ്ടെത്തേണ്ടതുണ്ട്,' പുടിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

റഷ്യന്‍ സൈന്യത്തിന് യുക്രെയ്‌നില്‍ 'തന്ത്രപരമായ മുന്‍തൂക്കം' ഉണ്ടെന്നും യുദ്ധക്കളത്തില്‍ അവര്‍ നിരന്തരം മുന്നോട്ട് നീങ്ങുന്നുണ്ടെന്നും പുടിന്‍ പറഞ്ഞു.

'എല്ലാ ദിവസവും, ഏറിയും കുറഞ്ഞും, നമ്മുടെ സൈന്യം മുഴുവന്‍ സമ്പര്‍ക്ക രേഖയിലൂടെയും മുന്നേറുകയാണ്.  എല്ലാ ദിവസവും അവര്‍ മുന്നോട്ട് പോകുന്നു. മുന്നേറ്റം തുടരും.' പുടിന്‍ പറഞ്ഞു.

ജര്‍മ്മനി യുക്രെയ്‌നിലേക്ക് ദീര്‍ഘദൂര ടോറസ് മിസൈലുകള്‍ അയയ്ക്കുന്നതിനെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് സംസാരിച്ചു, ഈ നീക്കം ഉഭയകക്ഷി ബന്ധങ്ങളെ 'പൂര്‍ണ്ണമായും' നശിപ്പിക്കുമെന്ന് പുടിന്‍ പറഞ്ഞു. മോസ്‌കോയുടെ ആക്രമണത്തിന്റെ ഗതിയില്‍ ജര്‍മനിയുടെഇടപെടല്‍ ഒരു സ്വാധീനവും ചെലുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇത് സംഭവിച്ചാല്‍, അത് പോരാട്ടത്തിന്റെ ഗതിയെ ബാധിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അത് ചോദ്യം ചെയ്യപ്പെടുന്നില്ല. പക്ഷേ അത് നമ്മുടെ ബന്ധങ്ങളെ പൂര്‍ണ്ണമായും നശിപ്പിക്കും,' പുടിന്‍ പറഞ്ഞു.