വാഷിംഗ്ടണ്‍: മയക്കുമരുന്ന് കാര്‍ട്ടലുകള്‍ക്കെതിരെ അമേരിക്ക നേരിട്ടുള്ള ഭൂതല ആക്രമണങ്ങള്‍ ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ട്രംപിന്റെ നിര്‍ണായക പ്രഖ്യാപനം.
'ഇനി ഞങ്ങള്‍ കരയിലേക്കും കടക്കുന്നു. കാര്‍ട്ടലുകളെ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങും' എന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ ആക്രമണം എവിടെ, എപ്പോള്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.
വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും പിടികൂടിയ രഹസ്യ സ്‌റ്റെല്‍ത്ത് ഓപ്പറേഷനു ശേഷമുള്ള ട്രംപിന്റെ ആദ്യ അഭിമുഖമാണിത്. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് വലിയ തോതില്‍ നിയന്ത്രിച്ചതായും ട്രംപ് അവകാശപ്പെട്ടു.
'കടല്‍ മാര്‍ഗം എത്തുന്ന മയക്കുമരുന്നുകളുടെ 97 ശതമാനവും ഞങ്ങള്‍ തടഞ്ഞു. ഇനി കരമാര്‍ഗങ്ങളിലൂടെയുള്ള പ്രവര്‍ത്തനങ്ങളെയാണ് ലക്ഷ്യമിടുന്നത്' എന്നാണ് ട്രംപിന്റെ വാക്കുകള്‍.
മെക്‌സിക്കോയിലെ സാഹചര്യത്തെക്കുറിച്ചും ട്രംപ് കടുത്ത വിമര്‍ശനം ഉന്നയിച്ചു. 'കാര്‍ട്ടലുകളാണ് മെക്‌സിക്കോയെ നിയന്ത്രിക്കുന്നത്. ആ രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ ഏറെ ദുഃഖമുണ്ട്' എന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പ്രതിവര്‍ഷം 2.5 മുതല്‍ 3 ലക്ഷം വരെ ആളുകള്‍ കൊല്ലപ്പെടുന്നുവെന്നും ട്രംപ് ആരോപിച്ചു.
ട്രംപിന്റെ പരാമര്‍ശങ്ങള്‍ മേഖലയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കുമോ എന്ന ആശങ്ക ഉയരുന്നതിനിടെയാണ് അമേരിക്കയുടെ ഈ ശക്തമായ മുന്നറിയിപ്പ്.
'ഇനി കരയിലും ആക്രമണം': മയക്കുമരുന്ന് കാര്‍ട്ടലുകള്‍ക്കെതിരെ കരയാക്രമണം പ്രഖ്യാപിച്ച് ട്രംപ്
