ഇറാനും ലെബനനും ഒരേസമയം സമാധാനത്തിലേക്ക്; യുദ്ധം അവസാനിക്കണമെങ്കിൽ ഇരുരാജ്യങ്ങളിലെയും സംഘർഷം അവസാനിക്കണമെന്ന് ഇറാൻ

ഇറാനും ലെബനനും ഒരേസമയം സമാധാനത്തിലേക്ക്; യുദ്ധം അവസാനിക്കണമെങ്കിൽ ഇരുരാജ്യങ്ങളിലെയും സംഘർഷം അവസാനിക്കണമെന്ന് ഇറാൻ


ടെഹ്രാൻ : ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ഏത് ധാരണയിലും ലെബനനും ഉൾപ്പെടണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി. ഇറാനും ലെബനനും നേരിടുന്ന സംഘർഷങ്ങളെ വേർതിരിച്ച് കാണാനാകില്ലെന്നും, യുദ്ധം അവസാനിക്കണമെങ്കിൽ രണ്ട് മുന്നണികളിലെയും പോരാട്ടം ഒരേസമയം അവസാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അൽ മയദീൻ മീഡിയ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് അറാഘ്ചിയുടെ പ്രതികരണം. ലെബനനിൽ നടന്ന യുദ്ധം ഇറാനെതിരായ യുദ്ധത്തിന്റെ തുടർച്ചയാണെന്നും അതിനാൽ അതിന്റെ അവസാനവും ഒരേസമയം സംഭവിക്കണമെന്നാണ് ഇറാന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ബെയ്രൂട്ടിന്റെ തെക്കൻ മേഖലകളിൽ ഇസ്രായേൽ വലിയ ആക്രമണം നടത്തുന്നത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തടഞ്ഞുവെന്ന റിപ്പോർട്ടുകളെ കുറിച്ചും അറാഘ്ചി പ്രതികരിച്ചു. ആക്രമണം ഉണ്ടായാൽ ഇറാൻ സൈന്യം ശക്തമായി തിരിച്ചടിക്കുമെന്ന് മുൻകൂട്ടി അമേരിക്കയെയും മേഖലയിലെ രാജ്യങ്ങളെയും അറിയിച്ചിരുന്നുവെന്നും, ഇറാന്റെ പ്രതിരോധ ശേഷിയാണ് സാഹചര്യം മാറ്റിമറിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, ടെഹ്രാനും വാഷിങ്ടണും തമ്മിൽ പരോക്ഷ ആശയവിനിമയങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് അറാഘ്ചി സ്ഥിരീകരിച്ചു. ഔപചാരിക ചർച്ചകൾ മന്ദഗതിയിലായെങ്കിലും സന്ദേശ കൈമാറ്റം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമീപകാല യുദ്ധത്തിൽ അമേരിക്കയും ഇസ്രായേലും വേഗത്തിൽ വിജയം നേടുമെന്നാണ് കരുതിയതെങ്കിലും അവരുടെ ലക്ഷ്യങ്ങൾ ഒന്നും നേടിയില്ലെന്ന് അറാഘ്ചി ആരോപിച്ചു. ഇറാനെ കീഴടങ്ങാൻ നിർബന്ധിക്കുക, ഭരണസംവിധാനത്തിൽ മാറ്റം വരുത്തുക, മിസൈൽ ശേഷി തകർക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ ലക്ഷ്യങ്ങൾ നേടാതെ യുഎസ് തന്നെ ചർച്ചകൾ തേടേണ്ടിവന്നുവെന്നും അറാഘ്ചി കൂട്ടിച്ചേർത്തു.
യുദ്ധം വീണ്ടും ഉണ്ടാകുമോയെന്ന ചോദ്യത്തിന്, 'യുക്തിബോധം നിലനിൽക്കുകയാണെങ്കിൽ യുദ്ധം തിരിച്ചുവരില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ ഏതെങ്കിലും ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കാൻ ഇറാൻ പൂർണ സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മുതിർന്ന നേതാക്കളെ വധിച്ചാൽ പ്രസ്ഥാനങ്ങൾ തകരുമെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ കരുതിയതെങ്കിലും അത് തെറ്റാണെന്ന് അറാഘ്ചി പറഞ്ഞു. നേതാക്കളുടെ മരണം പ്രസ്ഥാനങ്ങളെ ദുർബലമാക്കുന്നതിനുപകരം കൂടുതൽ ശക്തിപ്പെടുത്തുകയാണുണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജനറൽ ഖാസിം സുലൈമാനിയുടെയും ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസൻ നസ്രല്ലയുടെയും വധം വലിയ നഷ്ടമായിരുന്നുവെങ്കിലും അത് പ്രതിരോധ പ്രസ്ഥാനങ്ങളുടെ കരുത്ത് വർധിപ്പിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ വാദം.