കാരക്കസ്: യു എസ് സൈനിക നടപടിയില്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഫസ്റ്റ് ലേഡി സെലിയ ഫ്‌ളോറസിനെയും പിടികൂടിയതിലും സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട ആക്രമണങ്ങളിലും ഇസ്രായേലിന് പങ്കുണ്ടെന്ന തരത്തില്‍ വെനിസ്വേലന്‍ ഉപരാഷ്ട്രപതി ഡെല്‍സി റോഡ്രിഗസ് ആരോപണം ഉന്നയിച്ചു.
വെനിസ്വേല ഇത്തരമൊരു ആക്രമണത്തിന്റെ ഇരയും ലക്ഷ്യവുമായി മാറിയതില്‍ ലോക സര്‍ക്കാരുകള്‍ ഞെട്ടിയിരിക്കുകയാണെന്നും ഇതിന് സംശയമില്ലാതെ സിയോണിസ്റ്റ് അര്‍ഥങ്ങളുണ്ടെന്നും ദേശീയ പ്രതിരോധ കൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടിയ ശനിയാഴ്ചത്തെ പ്രസംഗത്തില്‍ റോഡ്രിഗസ് പറഞ്ഞു. ഇത് അത്യന്തം ലജ്ജാകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റിനെയും ഫസ്റ്റ് ലേഡിയെയും ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട റോഡ്രിഗസ് വ്യാജ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് നടത്തിയതെന്നും ഭരണമാറ്റം ലക്ഷ്യമിട്ടും രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ കൈക്കലാക്കാനുമാണ് ഈ നീക്കമെന്നും ആരോപിച്ചു.
യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റോഡ്രിഗസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതായും യു എസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പറഞ്ഞതിനെതിരെ പ്രതികരിച്ച ഉപരാഷ്ട്രപതി, നിക്കോളാസ് മഡൂറോ മാത്രമാണ് രാജ്യത്തിന്റെ ഏക പ്രസിഡന്റെന്ന് വ്യക്തമാക്കി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സുരക്ഷാ സേന പൂര്‍ണമായി നിയന്ത്രണത്തിലാക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
ഉപരാഷ്ട്രപതിയുടെ ഈ പരാമര്‍ശങ്ങള്‍ രാജ്യത്തിനകത്തും വിദേശത്തുമുള്ള വെനിസ്വേലന്‍ ജൂത സമൂഹത്തിലെ ചില അംഗങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
യു എസ് സംഘര്‍ഷത്തിനിടെ 'സിയോണിസ്റ്റുകള്‍ വെനിസ്വേലയെ പിശാചുകള്‍ക്ക് കൈമാറാന്‍ ശ്രമിക്കുന്നു' എന്ന് മഡൂറോ ആരോപിച്ചിരുന്നു.
നവംബറില്‍ യു എസുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സിയോണിസ്റ്റുകള്‍ തന്റെ രാജ്യത്തെ 'പിശാചുകള്‍ക്ക്' കൈമാറാന്‍ ശ്രമിക്കുന്നുവെന്ന് പ്രസിഡന്റ് നിക്കോളാസ് മഡൂറോ ആരോപിച്ചിരുന്നു.
ഈ രാജ്യത്തെ പിശാചുകള്‍ക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ട് . ആരാണെന്ന് നിങ്ങള്‍ക്ക് അറിയാം, അല്ലേ? അതി-വലതുപക്ഷ സിയോണിസ്റ്റുകളാണ് ഈ രാജ്യത്തെ പിശാചുകള്‍ക്ക് കൈമാറാന്‍ ശ്രമിക്കുന്നത്- നവംബര്‍ 15ന് നടന്ന ബൊളീവേറിയന്‍ ഇന്റഗ്രല്‍ ബേസ് കമ്മിറ്റിയുടെ പരിപാടിയില്‍ മഡൂറോ പറഞ്ഞു. ആരാണ് ജയിക്കുക? രാജാവ് ദാവീദിന്റെ ജനതയോ ദൈവത്തിന്റെ ജനതയോ സിമോന്‍ ബൊളീവറിന്റെ ജനതയോ അല്ലെങ്കില്‍ സാമ്രാജ്യത്വ പിശാചുകളോ? എന്നും അദ്ദേഹം ചോദിച്ചു.
വെനിസ്വേല ഒരു ക്രിസ്ത്യന്‍ രാജ്യമാണെന്ന് ആവര്‍ത്തിച്ച മഡൂറോ കരീബിയന്‍ മേഖലയില്‍ യു എസ് സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടതായി ആരോപിക്കുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍, അമേരിക്കക്കാര്‍ ക്രിസ്ത്യാനികളെ കൊല്ലാന്‍ ആഗ്രഹിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു.
ഈ പോരാട്ടത്തിന്റെ മുന്‍നിരയില്‍ ഞാന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ നിര്‍ത്തുന്നു. സ്വര്‍ഗത്തിനും ഭൂമിക്കും ഇടയിലെ ഏക രാജാവ്, നസറേത്തിലെ യേശു, ബാലനും ഫലസ്തീന്‍ രക്തസാക്ഷിയുമായ യേശു, മഡൂറോ പറഞ്ഞു. വെനിസ്വേലന്‍ ജനതയുടെ സമാധാനത്തിനും പരമാധികാരത്തിനുമായുള്ള ഈ പോരാട്ടത്തിന്റെ സര്‍വസേനാധിപനായി ഞാന്‍ നസറേത്തിലെ യേശുവിനെ നിശ്ചയിക്കുന്നു, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
