കരാക്കാസ്: 13 വർഷം നീണ്ട നിക്കോളാസ് മദൂറോയുടെ ഭരണത്തിന് അമേരിക്കൻ സൈനിക ഇടപെടലോടെ അപ്രതീക്ഷിതമായി വിരാമമിട്ടതിന് ശേഷം, വെനിസ്വേല പുതിയൊരു വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. ജനങ്ങൾക്ക് സമ്പദ്‌വ്യവസ്ഥയിൽ പ്രതീക്ഷയുണ്ടെങ്കിലും, ജനാധിപത്യ ഭാവിയെക്കുറിച്ച് ഇപ്പോഴും ആശങ്കകൾ ശക്തമാണ്.
മദൂറോ അധികാരത്തിൽ നിന്ന് മാറിയെങ്കിലും, അദ്ദേഹത്തിന്റെ ഭരണകൂട ഘടനകൾ ഏറെക്കുറെ അതേപടി തുടരുകയാണ്. വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ആണ് ഇപ്പോൾ ഭരണചക്രം കൈകാര്യം ചെയ്യുന്നത്. സ്വതന്ത്രവും ന്യായവുമായ തിരഞ്ഞെടുപ്പുകളെക്കുറിച്ച് വ്യക്തമായ പ്രഖ്യാപനങ്ങളൊന്നുമില്ല. കരാക്കാസിലെ വിവിധ ഭാഗങ്ങളിൽ ആയുധധാരികളായ സുരക്ഷാ സേന ഇപ്പോഴും കാവലുണ്ട്. അധികാരം മാറിയെങ്കിലും അടിച്ചമർത്തലിന്റെ നിഴൽ മാറിയിട്ടില്ലെന്ന ബോധമാണ് പൊതുവേ.
അതേസമയം, ഒരു ദശകത്തിന് ശേഷം ആദ്യമായി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രതീക്ഷയുടെ കാറ്റ് വീശുകയാണ്. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെട്ടതോടെ വെനിസ്വേലൻ എണ്ണയുടെ വിൽപന പുനരാരംഭിച്ചു. ഏകദേശം 500 ദശലക്ഷം ഡോളറിന്റെ എണ്ണ അമേരിക്ക വിറ്റഴിക്കുകയും, അതിൽ നിന്ന് 300 ദശലക്ഷം ഡോളർ വെനിസ്വേലൻ ബാങ്കുകളിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. ഇതോടെ കടുത്ത പണപ്പെരുപ്പം നിയന്ത്രിക്കാനും ദേശീയ കറൻസിയായ ബൊലിവാറിനെ ശക്തിപ്പെടുത്താനും സാധിച്ചു.
ഇതിന്റെ ഫലമായി ഭക്ഷ്യവിലകളിൽ വലിയ ഇടിവുണ്ടായി. മാംസവില ഏകദേശം 60 ശതമാനം വരെ കുറഞ്ഞു. 'ഒരു മാസം മുൻപ് ഇതുപറയുമെന്ന് കരുതിയില്ല. ഇപ്പോഴെങ്കിലും ജീവിതം മെച്ചപ്പെടുമെന്ന തോന്നലുണ്ട്,' എന്ന് രണ്ട് കുട്ടികളോടൊപ്പം സാധനങ്ങൾ വാങ്ങാനെത്തിയ മരിസേല പെരസ് പറഞ്ഞു.
2013 മുതൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഏകദേശം 70 ശതമാനം ചുരുങ്ങിയിരുന്നു. ഈ അവസ്ഥ തിരുത്താൻ ഊർജ മേഖലയിൽ വൻ പരിഷ്‌കാരങ്ങൾക്ക് റോഡ്രിഗസ് ഭരണകൂടം തയ്യാറെടുക്കുകയാണ്. വിദേശ നിക്ഷേപം ആകർഷിക്കാൻ പുതിയ നിയമങ്ങൾ വരുന്നു. അഴിമതിയും അമിത നിയന്ത്രണങ്ങളും കാരണം തകർന്ന എണ്ണ ഉത്പാദനം പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം.
200ലേറെ രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചതായി സർക്കാർ അറിയിച്ചു. ഇതിനെ 'പുതിയ രാഷ്ട്രീയ ഘട്ടം' എന്നാണ് ഭരണകൂടം വിശേഷിപ്പിക്കുന്നത്. എന്നാൽ പ്രതിപക്ഷം ഇതെല്ലാം ഉപരിതല മാറ്റങ്ങളാണെന്നും, അധികാരം ഉറപ്പിക്കാനുള്ള നീക്കം മാത്രമാണെന്നും ആരോപിക്കുന്നു.
അമേരിക്കൻ എംബസി വീണ്ടും തുറക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. യുഎസ് എണ്ണ കമ്പനികളുടെ പ്രതിനിധികൾ ഉടൻ വെനിസ്വേലയിൽ എത്തും. ഇതോടെ റിയൽ എസ്റ്റേറ്റ് വിലകളും ഓഹരി വിപണിയും കുതിച്ചുയരുന്ന പ്രവണതയാണ് കാണുന്നത്.
എന്നാൽ സാധാരണക്കാർക്കിടയിൽ ആശങ്കകൾ തുടരുന്നു. ഇറക്കുമതി സാധനങ്ങൾ വാങ്ങാൻ യുഎസ് ഡോളർ ലഭിക്കാത്തത് വലിയ പ്രശ്‌നമാണ്. ബൊലിവാറിന്റെ മൂല്യം കഴിഞ്ഞ വർഷങ്ങളിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവുകളിലൊന്നാണ് നേരിട്ടത്. ഏതാനും ആഴ്ച മുൻപ് ഒരു ഡോളറിന് 800 ബൊലിവാർ വരെ എത്തിയിരുന്ന നിരക്ക് ഇപ്പോൾ ഏകദേശം 450ലേക്ക് കുറഞ്ഞിട്ടുണ്ട്.
'വില കുറഞ്ഞത് സന്തോഷമാണ്, പക്ഷേ ഭാവിയെക്കുറിച്ച് ഉറപ്പില്ല,' എന്ന് വിരമിച്ച സാമൂഹിക പ്രവർത്തകൻ റാഫേൽ ആർട്ടേഗ പറഞ്ഞു. ജൂലൈയോടെ രാജ്യം ജനാധിപത്യ തിരഞ്ഞെടുപ്പിലേക്കു നീങ്ങുമെന്നും, പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ മടങ്ങിവന്ന് മത്സരിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
സമ്പദ്‌വ്യവസ്ഥയിൽ ആശ്വാസം അനുഭവപ്പെടുമ്പോഴും, ജനാധിപത്യത്തിലേക്കുള്ള യാത്ര ഇനിയും ദൂരെ എന്ന ബോധമാണ് വെനിസ്വേലൻ സമൂഹത്തിൽ ശക്തം. പ്രതീക്ഷയും ജാഗ്രതയും ചേർന്ന അവസ്ഥയിലാണ് രാജ്യം ഇപ്പോൾ.
സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതീക്ഷ, ജനാധിപത്യത്തിന് അനിശ്ചിതത്വം: മദൂറോക്ക് ശേഷമുള്ള വെനിസ്വേല
