വാഷിംഗ്ടണ്‍: വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും നോബല്‍ സമാധാന പുരസ്‌കാര ജേതാവുമായ മറിയ കോറിന മച്ചാഡോ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തന്റെ നോബല്‍ മെഡല്‍ കൈമാറിയതായി അറിയിച്ചു. വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ നടന്ന സ്വകാര്യ കൂടിക്കാഴ്ചയിലാണ് മെഡല്‍ നല്‍കിയതെന്ന് മച്ചാഡോ മാധ്യമങ്ങളോട് പറഞ്ഞു. ട്രംപ് അത് സ്വീകരിച്ചോയെന്നത് വ്യക്തമല്ല.
'ഇന്ന് വെനിസ്വേലക്കാര്‍ക്ക് ചരിത്രദിനമാണ്. പ്രസിഡന്റ് ട്രംപിനെ ആശ്രയിക്കാം,' എന്ന് വൈറ്റ് ഹൗസിന് പുറത്തു പിന്തുണക്കാര്‍ക്കിടയില്‍ മച്ചാഡോ പറഞ്ഞു. വെനിസ്വേലയിലെ സ്വാതന്ത്ര്യത്തിനായുള്ള ട്രംപിന്റെ നിലപാടിനുള്ള അംഗീകാരമായാണ് മെഡല്‍ നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ നോബല്‍ കമ്മിറ്റി മെഡല്‍ കൈമാറ്റം ചെയ്യാനാവില്ലെന്നും, ഒരിക്കല്‍ പ്രഖ്യാപിച്ച പുരസ്‌കാരം മറ്റൊരാള്‍ക്ക് നല്‍കാനോ പങ്കിടാനോ കഴിയില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. 'മെഡല്‍ കൈമാറാമെങ്കിലും നോബല്‍ ജേതാവെന്ന പദവി മാറ്റാനാവില്ല,' എന്ന് നോബല്‍ പീസ് സെന്ററും പറഞ്ഞു.
മഡൂറോയെ അധികാരത്തില്‍ നിന്ന് മാറ്റിയതിന് പിന്നാലെ, വെനിസ്വേലയിലെ പുതിയ ഭരണക്രമത്തെ കുറിച്ച് അമേരിക്ക വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. മച്ചാഡോയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കൂട്ടായ്മയ്ക്ക് പകരം, മുന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന്റെ ഇടക്കാല സര്‍ക്കാരുമായാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ ഇടപെടുന്നത്.
വാഷിംഗ്ടണിലെ സന്ദര്‍ശനത്തിനിടെ മച്ചാഡോ കോണ്‍ഗ്രസിലെ അംഗങ്ങളെയും കണ്ടു. വെനിസ്വേലയിലെ ഭരണകൂടമാറ്റത്തില്‍ തന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് ട്രംപിനെ മനസ്സിലാക്കാനായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
അതേസമയം, റോഡ്രിഗസുമായി ട്രംപ് ഫോണില്‍ സംസാരിച്ചു. ഈ സംഭാഷണം സൗഹൃദപരവും ഫലപ്രദവുമായിരുന്നെന്ന് ഇരുവശവും അറിയിച്ചു. അമേരിക്ക ഇതിനകം വെനിസ്വേലയിലെ എണ്ണവ്യാപാരത്തില്‍ ഇടപെടല്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
വെനിസ്വേലയിലെ അധികാര കൈമാറ്റവും അമേരിക്കയുടെ നിലപാടും രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയാണ്
ട്രംപിന് നോബല്‍ മെഡല്‍ കൈമാറിയതായി വെനിസ്വേലന്‍ നേതാവ് മച്ചാഡോ
