രാഷ്ട്രീയ തടവുകാർക്ക് പൊതുമാപ്പ് നിയമം പാസാക്കി വെനസ്വേല അസംബ്ലി

രാഷ്ട്രീയ തടവുകാർക്ക് പൊതുമാപ്പ് നിയമം പാസാക്കി വെനസ്വേല അസംബ്ലി


കാരാക്കാസ്: വെനസ്വേലയിൽ കഴിഞ്ഞ 27 വർഷത്തെ അധികാരാധിപത്യ കാലയളവിൽ രാഷ്ട്രീയ കാരണങ്ങളാൽ കേസുകളിൽ പെടുകയോ ശിക്ഷിക്കപ്പെടുകയോചെയ്ത നൂറുകണക്കിന് ആളുകൾക്ക് പൊതുമാപ്പ് നൽകുന്ന നിയമം ദേശീയ അസംബ്ലി പാസാക്കി. അമേരിക്കയുടെ സമ്മർദത്തെ തുടർന്നാണ് പുതിയ നീക്കം വന്നതെന്നാണ് വിലയിരുത്തൽ. മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷവും നിയമത്തെ സൂക്ഷ്മ പ്രതീക്ഷയോടെ സ്വാഗതം ചെയ്‌തെങ്കിലും, നടപടിക്രമങ്ങൾ പൂർണമായും സുതാര്യമായിരിക്കണമെന്ന് ആവശ്യപ്പെട്ടു.

അമേരിക്കൻ സൈനിക ഇടപെടലിന് പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മദൂറോ അധികാരത്തിൽനിന്ന് നീങ്ങിയതിനെ തുടർന്ന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെൽസി റോഡ്രിഗസാണ് കഴിഞ്ഞ മാസം പൊതുമാപ്പ് ബിൽ അവതരിപ്പിച്ചത്. രാജ്യത്തെ വീണ്ടും ജനാധിപത്യപരവും സമാധാനപരവുമായ സഹവാസത്തിലേക്ക് നയിക്കാൻ ഇതൊരു വലിയ അവസരമാണെന്ന് നിയമത്തിൽ ഒപ്പുവെച്ച ശേഷം അവർ പറഞ്ഞു.

പൊതുമാപ്പിനായി 1,500ലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അടുത്ത മണിക്കൂറുകളിൽ നൂറുകണക്കിന് പേരെ വിട്ടയക്കുമെന്നും ദേശീയ അസംബ്ലി പ്രസിഡന്റ് ഹോർഹെ റോഡ്രിഗസ് ശനിയാഴ്ച അറിയിച്ചു. പുതിയ നിയമപ്രകാരം ആദ്യ രണ്ട് തടവുകാർ ശനിയാഴ്ച മോചിതരായതായി വെനസ്വേലയിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഫോറോ പെനാൽ സ്ഥിരീകരിച്ചു.

ലൂയിസ് ആൽബർട്ടോ ലിനാരസ് സാൻച്ചസ്, മിൽട്ടൺ ജോസെ ഹിഡാൽഗോ മെൻഡോസ എന്നീ അധ്യാപകരെയാണ് ആദ്യം വിട്ടയച്ചത്. 'വിദ്വേഷ പ്രചാരണത്തിന് പ്രചോദിപ്പിക്കൽ', 'രാജ്യദ്രോഹം' തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ തടവിലാക്കിയിരുന്നത്. ബരിനാസ് സംസ്ഥാനത്തിലെ കോടതി പൊതുമാപ്പ് നിയമപ്രകാരം കുറ്റങ്ങൾ റദ്ദാക്കി ഉടൻ മോചിപ്പിക്കാൻ ഉത്തരവിട്ടു.

1999ൽ ഹ്യൂഗോ ഷാവേസിന്റെ ഭരണാരംഭം മുതൽ ഇന്നുവരെ രാഷ്ട്രീയ കാരണങ്ങളാൽ കേസുകളിലായവരെയെല്ലാം പൊതുമാപ്പിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നു. 2014, 2017, 2019 തുടങ്ങിയ വർഷങ്ങളിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിപക്ഷ നേതാക്കൾ, പ്രവർത്തകർ, മാധ്യമപ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവരും ഇതിൽ ഉൾപ്പെടും. എന്നാൽ കൊലപാതകം, മയക്കുമരുന്ന് കടത്ത്, അഴിമതി, ഗുരുതര മനുഷ്യാവകാശ ലംഘനം, മനുഷ്യവിരുദ്ധ കുറ്റങ്ങൾ, യുദ്ധക്കുറ്റങ്ങൾ എന്നിവ ഉൾപ്പെടുന്ന കേസുകൾക്ക് മാപ്പില്ലെന്ന് നിയമം വ്യക്തമാക്കുന്നു.

ഇതിനിടയിൽ, ആയിരക്കണക്കിന് വിദ്യാർഥികൾ ഫെബ്രുവരി 12ന് കാരക്കാസിൽ വൻ പ്രതിഷേധം നടത്തി. രാഷ്ട്രീയ തടവുകാരെ നിബന്ധനകളില്ലാതെ മോചിപ്പിക്കണമെന്നും പീഡനങ്ങൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അമേരിക്കയുടെ സമ്മർദത്തെ തുടർന്ന് വലിയൊരു വിഭാഗത്തെ മോചിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഫോറോ പെനാൽ പ്രകാരം ഇതുവരെ 400ലധികം പേർ മോചിതരായെങ്കിലും ഔദ്യോഗിക കണക്കുകൾ 800ൽ അധികമെന്നാണ്. മോചിതരിൽ ജയിലിൽ പ്രസവിച്ച ആറുമാസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും ഉൾപ്പെടുത്തുന്നു.

എന്നാൽ മോചിതരായവരിൽ പലർക്കും യാത്രാ വിലക്ക്, കോടതിയിൽ ഹാജരാകൽ തുടങ്ങിയ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുവെന്നാണ് റിപ്പോർട്ട്. അടുത്തിടെ എട്ട് മാസം തടവിൽ കഴിഞ്ഞ പ്രതിപക്ഷ നേതാവ് ഹുവാൻ പാബ്ലോ ഗ്വാനിപ മോചിതനായ മണിക്കൂറുകൾക്കകം വീണ്ടും അറസ്റ്റിലായത് ആശങ്ക ഉയർത്തി. ജനങ്ങളെ തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രി ദിയോസ്ദാദോ കബെല്ലോ വ്യക്തമാക്കി. ഗ്വാനിപ ഇപ്പോൾ വീട്ടുതടങ്കലിലാണ്.

പൊതുമാപ്പിനൊപ്പം കാരക്കാസിലെ വിവാദ തടങ്കൽ കേന്ദ്രമായ എൽ ഹെലിക്കോയ്‌ഡെ അടച്ചുപൂട്ടി സാമൂഹികസാംസ്‌കാരിക കേന്ദ്രമാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ഒരിക്കൽ ഷോപ്പിംഗ് മാളായി ആലോചിച്ചിരുന്ന ഈ കെട്ടിടം പിന്നീട് രഹസ്യാന്വേഷണ ഏജൻസിയുടെ ആസ്ഥാനമായി മാറി രാഷ്ട്രീയ തടവുകാർ പാർപ്പിച്ച കേന്ദ്രമായി പ്രസിദ്ധി നേടി. ഇതിനെ സമൂഹ സേവന കേന്ദ്രമാക്കുമെന്ന് സർക്കാർ അറിയിച്ചു. എന്നാൽ അതിനെ പീഡനങ്ങളുടെ സ്മാരകമായി സംരക്ഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

പുതിയ നിയമം രാഷ്ട്രീയ സംഘർഷങ്ങൾ കുറയ്ക്കാൻ സഹായിക്കാമെങ്കിലും, നടപ്പാക്കൽ സുതാര്യവും വിശ്വാസ്യതയുള്ളതുമായിരിക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. വെനസ്വേലയുടെ ജനാധിപത്യയാത്രയ്ക്ക് ഇത് നിർണായകഘട്ടമാകുമോ എന്നത് ഇനി വരാനിരിക്കുന്ന നടപടികളിൽ നിന്നാകും വ്യക്തമാകുക.