ലണ്ടൻ: വടക്കൻ അയർലണ്ടിൽ നടന്ന കത്തി ആക്രമണത്തെ തുടർന്ന് കുടിയേറ്റവിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. ബെൽഫാസ്റ്റ് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധക്കാർ വീടുകൾക്കും വാഹനങ്ങൾക്കും ബസുകൾക്കും തീ വെച്ചതോടെ സ്ഥിതി സംഘർഷഭരിതമായി.
തിങ്കളാഴ്ച രാത്രി ബെൽഫാസ്റ്റിൽ നടന്ന കത്തി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കണ്ണിനും മുഖത്തിനും പുറകുവശത്തും ഗുരുതര പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സുഡാൻ സ്വദേശിയെന്ന് കരുതുന്ന 30കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതകശ്രമക്കുറ്റം ചുമത്തുകയും ചെയ്തു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കുടിയേറ്റവിരുദ്ധ സംഘടനകളും തീവ്ര വലതുപക്ഷ അനുകൂലികളും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. തുടർന്ന് ബെൽഫാസ്റ്റിലെ വിവിധ മേഖലകളിൽ മുഖംമൂടി ധരിച്ച സംഘങ്ങൾ തെരുവിലിറങ്ങി. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും തീ വെച്ചതോടൊപ്പം റോഡുകളിൽ തടസങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
അടുത്തുള്ള ന്യൂട്ടൺആബിയും കില്കീലും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചു. ഇംഗ്ലണ്ട്, സ്‌കോട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലുമുള്ള ചില നഗരങ്ങളിൽ ചെറിയ തോതിൽ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വടക്കൻ അയർലണ്ട് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ'നീൽ അക്രമത്തെ ശക്തമായി അപലപിച്ചു. നിരപരാധികളായ കുടുംബങ്ങളെ വീടുകളിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്ന ഗുണ്ടായിസമാണിതെന്നും വർഗീയതയ്ക്കും അക്രമത്തിനും സമൂഹത്തിൽ സ്ഥാനമില്ലെന്നും അവർ പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ കത്തി ആക്രമണത്തെ 'ഭയാനകവും ഞെട്ടിക്കുന്നതും' എന്ന് വിശേഷിപ്പിച്ചു. അതേസമയം, സംഭവത്തെ മറയാക്കി തെരുവുകളിൽ നടക്കുന്ന അക്രമങ്ങൾക്ക് യാതൊരു ന്യായീകരണവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും ആക്രമണത്തിന് ഭീകരവാദ ബന്ധമുള്ളതായി നിലവിൽ തെളിവുകളില്ലെന്നും അധികൃതർ അറിയിച്ചു. 2023ൽ പാരിസിൽ നിന്ന് ഡബ്ലിനിലെത്തി അഭയം തേടിയ പ്രതിക്ക് 2028 വരെ യുകെയിൽ താമസിക്കാൻ നിയമാനുസൃത അനുമതിയുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്. സമാധാനം പാലിക്കാനും അക്രമങ്ങളിൽ ഏർപ്പെടാതിരിക്കാനും ജനങ്ങളോട് പൊലീസ് അഭ്യർഥിച്ചു.
കത്തി ആക്രമണത്തിന് പിന്നാലെ കലാപം; വടക്കൻ അയർലണ്ടിൽ കുടിയേറ്റവിരുദ്ധ പ്രതിഷേധം അക്രമാസക്തം
