വത്തിക്കാന്‍: വനിതാ ഡീക്കന്മാരെ നിയമിക്കാനുള്ള സാധ്യതകള്‍ പഠിച്ച വത്തിക്കാന്‍ കമ്മീഷന്‍ നിലവിലെ ചരിത്രപരവും ദൈവശാസ്ത്രപരവുമായ അവസ്ഥയില്‍ അതിന് മുന്നോട്ടുപോകാനാവില്ലെന്ന നിഗമനത്തില്‍ എത്തിയതായി റിപ്പോര്‍ട്ട് ചെയ്തു. വനിതാ ഡീക്കന്‍മാരെ കുറിച്ചുള്ള കത്തോലിക്ക സഭയിലെ ഏറ്റവും വിവാദമായ വിഷയങ്ങളിലൊന്നില്‍ പുരോഗതി മന്ദഗതിയിലാക്കുന്നതാണ് കമ്മീഷന്റെ സമീപനം, എങ്കിലും പൂര്‍ണമായ നിരാകരണമല്ലെന്ന നിലപാടോടെയാണ് കമ്മീഷന്‍ തീരുമാനമെടുത്തത്.
ഡിസംബര്‍ 4ന് വത്തിക്കാന്‍ പുറത്തിറക്കിയ, പ്രസ്താവനയിലാണ് ഈ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പത്ത് അംഗ കമ്മീഷന്റെ ഏഴ് അംഗങ്ങള്‍ എതിര്‍ത്തും ഒരാള്‍ മാത്രം വനിതാഡീക്കന്മാരെ നിയമിക്കുന്നതിനെ പിന്തുണച്ചും വോട്ടുചെയ്തു. മറ്റ് രണ്ടുപേരുടെ നിലപാടിനെക്കുറിച്ച് കത്തില്‍ സൂചനയില്ല.
2022ല്‍ അംഗീകരിച്ച വിശുദ്ധഗ്രന്ഥം, പരമ്പരാഗതം, സഭാധ്യാപനം എന്നിവയുടെ വെളിച്ചത്തില്‍ സ്ത്രീകളെ ഡീക്കന്‍മാരായി അഭിഷേകിക്കാനുള്ള വഴി ഇപ്പോള്‍ അടച്ചുപൂട്ടപ്പെട്ടിരിക്കുകയാണ്. പുരോഹിത നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേതുപോലെ ഇതിലും അന്തിമ വിധിയിലേക്ക് എത്താനാവില്ലെന്നും കത്ത് പറയുന്നു.
സഭയിലെ മൂന്നു അഭിഷേക പദവികളില്‍ അടിസ്ഥാന പദവിയായ ഡീക്കനേറ്റ് സ്ത്രീകള്‍ക്കായി തുറക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ടെങ്കിലും, ശുദ്ധമായ ചരിത്രപരമായ പഠനം മാത്രം കൊണ്ടു തന്നെ വ്യക്തമായ ഉത്തരത്തിലേക്ക് എത്താനാവില്ലെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ കാര്‍ഡിനാള്‍ ജ്യൂസെപ്പെ പെട്രോക്കി കുറിച്ചു. വിഷയത്തില്‍ കൂടുതല്‍ ദൈവശാസ്ത്രപരവും പാസ്റ്ററല്‍ പഠനവും ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2020ല്‍ രൂപീകരിച്ച ഈ കമ്മീഷന്‍ മുന്‍ മാര്‍പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ച രണ്ടാമത്തേതാണെന്നതും ശ്രദ്ധേയമാണ്. 2016ല്‍ രൂപീകരിച്ച ആദ്യ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നില്ല. സിനഡ് ഓഫ് സിനഡാലിറ്റിയുടെ ഭാഗമായി വനിതാ ഡീക്കന്‍മാരെ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിച്ച മറ്റൊരു സംഘം, ഈ വിഷയത്തില്‍ തീരുമാനം 2020ലെ കമ്മീഷനിലേക്കാണ് വിടുന്നതെന്ന് അടുത്തിടെ അറിയിച്ചിരുന്നു.
സിനഡിന്റെ സമയത്ത് പൊതുജനങ്ങളില്‍നിന്ന് ലഭിച്ച അഭിപ്രായങ്ങള്‍ പരിഗണിച്ചെങ്കിലും, കുറച്ച് രാജ്യങ്ങളില്‍നിന്നുള്ള 22 സമര്‍പ്പണങ്ങള്‍ മാത്രമാണ് ലഭിച്ചതെന്നും അത് ദൈവജനതയുടെ മുഴുവന്‍ അഭിപ്രായമായി കണക്കാക്കാനാവില്ലെന്നും കത്തില്‍ പറയുന്നു. വനിതാ ഡീക്കന്‍മാരുടെ തുടര്‍പഠനം ആവശ്യപ്പെടുന്ന സിനഡിന്റെ അന്തിമ രേഖയിലെ ഭാഗത്താണ് ഏറ്റവും കൂടുതല്‍ 'നോ' വോട്ടുകള്‍ ലഭിച്ചതെന്നും വത്തിക്കാന്‍ വെളിപ്പെടുത്തി.
അതേസമയം, സമൂഹസേവനവുമായി ബന്ധപ്പെട്ട് പുരോഹിതന്മാരോ സന്യാസിമാരോ അല്ലാത്ത സാധാരണ വിശ്വാസികള്‍ സഭയില്‍ ചെയ്യുന്ന ശുശ്രൂഷകള്‍(Lay Ministries) സ്ത്രീകള്‍ക്കായി കൂടുതല്‍ തുറക്കണമെന്നും, സഭയുടെ തീരുമാനമെടുക്കല്‍ സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തവും സഹഉത്തരവാദിത്തവും ലഭിക്കണമെന്നും കമ്മീഷന്‍ ശക്തമായി നിര്‍ദേശിച്ചു.
.
വനിതാ ഡീക്കന്മാരുടെ നിയമനം: മുന്നോട്ടുപോകാനാവില്ലെന്ന് വത്തിക്കാന്‍ കമ്മീഷന്‍
