സ്വിറ്റ്‌സർലൻഡ്: അമേരിക്ക-ഇറാൻ സമാധാന ചർച്ചകളിൽ നിർണായക മുന്നേറ്റമുണ്ടായതായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (IAEA) പരിശോധനാ സംഘത്തെ വീണ്ടും രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ ഇറാൻ സമ്മതിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഈ ആഴ്ച തന്നെ പരിശോധനകൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വാൻസ് പറഞ്ഞു.
ഐഎഇഎ പരിശോധനകൾ പുനരാരംഭിക്കുന്നത് അമേരിക്കയ്ക്ക് ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണെന്ന് വാൻസ് അഭിപ്രായപ്പെട്ടു. ഇറാന്റെ ആണവായുധ പദ്ധതിക്ക് സ്ഥിരമായ വിരാമമിടുന്നതിനുള്ള ആദ്യപടിയായാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
സ്വിറ്റ്‌സർലൻഡിൽ മാധ്യമങ്ങളോട് സംസാരിച്ച വാൻസ്, ഇതുവരെ നടന്ന ചർച്ചകളിലൂടെ നാല് പ്രധാന ലക്ഷ്യങ്ങൾ കൈവരിച്ചുവെന്ന് പറഞ്ഞു. ഐഎഇഎ പരിശോധനകൾ പുനരാരംഭിക്കുക, ഹോർമുസ് കടലിടുക്ക് വീണ്ടും പൂർണമായി തുറക്കാനുള്ള സംവിധാനം ഒരുക്കുക, ലെബനനിലെ വെടിനിർത്തൽ ഉറപ്പാക്കാനുള്ള സംവിധാനമൊരുക്കുക, ഭാവി ചർച്ചകൾക്കുള്ള അടിത്തറ പാകുക എന്നിവയാണ് ആ നേട്ടങ്ങൾ.
അന്തിമ കരാറിലേക്ക് എത്താൻ ഇനിയും കാര്യമായ ചർച്ചകൾ ആവശ്യമായിരുന്നാലും മികച്ച തുടക്കമാണ് ലഭിച്ചതെന്ന് വാൻസ് വ്യക്തമാക്കി. ലെബനനിൽ യുദ്ധം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ 24 മണിക്കൂർ ഏറ്റവും സമാധാനപരമായ സമയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചർച്ചകളിൽ നല്ല പുരോഗതിയുണ്ടായതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ചിയും പ്രതികരിച്ചു. എന്നാൽ ആണവ പദ്ധതിയെക്കുറിച്ചുള്ള വിശദമായ ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഖായെ വ്യക്തമാക്കിയത്.
ഇതിനിടെ, ഇറാന്റെ എണ്ണയും പ്രകൃതി വാതകവും ആഗോള വിപണിയിൽ വിൽക്കുന്നതിനുള്ള അമേരിക്കൻ ഉപരോധങ്ങൾ താൽക്കാലികമായി നീക്കിയതായി യുഎസ് ട്രഷറി വകുപ്പ് അറിയിച്ചു. 2026 ഓഗസ്റ്റ് 21 വരെ ഇറാന്റെ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ, മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉൽപ്പാദനത്തിനും കയറ്റുമതിക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
മുൻപ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 'പരമാവധി സമ്മർദ്ദ' നയത്തിന്റെ ഭാഗമായി ഇറാന്റെ എണ്ണവ്യാപാരത്തിന് കടുത്ത ഉപരോധങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. പുതിയ തീരുമാനം ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ സാമ്പത്തിക ഉത്തേജനം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇറാൻ ആണവ കേന്ദ്രങ്ങളിൽ വീണ്ടും ഐഎഇഎ പരിശോധന; ചർച്ചകളിൽ വലിയ പുരോഗതിയെന്ന് ജെ.ഡി. വാൻസ്
