യുഎസ്-ഇറാൻ ചർച്ചകൾ ഫലം കണ്ടില്ല: 'അവസാന നിർദ്ദേശം' നൽകി വാൻസ് സംഘം മടങ്ങുന്നു

യുഎസ്-ഇറാൻ ചർച്ചകൾ ഫലം കണ്ടില്ല: 'അവസാന നിർദ്ദേശം' നൽകി വാൻസ് സംഘം മടങ്ങുന്നു


ഇസ്ലാമാബാദ്:  പാകിസ്ഥാനിലെ ഇസ്‌ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ നിർണായക ചർച്ചകൾ യാതൊരു കരാറുമില്ലാതെ അവസാനിച്ചു. ഏകദേശം 15 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്  മാധ്യമങ്ങളെ കണ്ടു. അമേരിക്കൻ സംഘം കരാറില്ലാതെ മടങ്ങുകയാണെന്ന് അദ്ദേഹം അറിയിച്ചു.

പ്രധാന നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകാത്തതാണ് കരാർ സാധ്യമാകാതിരുന്നതിന് കാരണമെന്ന് വാൻസ് ആരോപിച്ചു. യുറേനിയം സമ്പുഷ്ടീകരണം നിർത്താൻ ഇറാൻ തയ്യാറാകണമെന്നും, ആണവായുധം വികസിപ്പിക്കില്ലെന്ന വ്യക്തമായ ഉറപ്പ് വേണമെന്നുമാണ് അമേരിക്കയുടെ പ്രധാന ആവശ്യം. ചർച്ചകളിൽ യുഎസ് ഏറെ ഇളവുകൾ കാട്ടിയെന്നും, ഇപ്പോളും 'അവസാനവും മികച്ചതുമായ നിർദ്ദേശം' മുന്നോട്ടുവച്ചിട്ടുണ്ടെന്നും വാൻസ് വ്യക്തമാക്കി.

ഇസ്‌ലാമാബാദിൽ പാകിസ്ഥാന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചകൾക്കുശേഷം വാൻസ് പറഞ്ഞു: 'നല്ല വിശ്വാസത്തോടെ മികച്ച ശ്രമം നടത്താനാണ് ഞങ്ങൾ എത്തിയത്. എന്നാൽ യാതൊരു പുരോഗതിയും കൈവരിക്കാനായില്ല.' ഇറാൻ തന്റെ ആണവ പദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകാത്തതാണു പ്രധാന തടസ്സമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ചകൾക്കിടയിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ പ്രധാന നേതാക്കളുമായി തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരുന്നതായും വാൻസ് പറഞ്ഞു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ്‌ഹെഗ്‌സെത്, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് എന്നിവരുമായി നിരന്തരം ആശയവിനിമയം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, ചർച്ചകൾ അവസാനിച്ചതായി ഇറാന്റെ തസ്‌നിം വാർത്താ ഏജൻസി സ്ഥിരീകരിച്ചു. അമേരിക്കയുടെ 'അമിതമായ ആവശ്യങ്ങൾ' കാരണം കരാർ സാധ്യമായില്ലെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചത്. ഹോർമുസ് കടലിടുക്ക്, ആണവ വിഷയം, ഉപരോധങ്ങൾ നീക്കം ചെയ്യൽ, യുദ്ധപരിഹാരം തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെട്ടതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ദേശീയ താൽപര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്ന നിലപാട് ഇറാൻ തുടരുമെന്നും, ചർച്ചകൾ വിജയിക്കാൻ മറുവശത്തിന്റെ സത്യസന്ധതയും ഗൗരവവും നിർണായകമാണെന്നും അവർ വ്യക്തമാക്കി.

അതേസമയം, ചർച്ചകൾക്ക് മുൻപ് പ്രതികരിച്ച പ്രസിഡന്റ് ട്രംപ്, കരാർ ഉണ്ടാകുമോ ഇല്ലയോ എന്നതിൽ തനിക്ക് വലിയ ആശങ്കയില്ലെന്നു പറഞ്ഞിരുന്നു. 'കരാർ ഉണ്ടായാലും ഇല്ലെങ്കിലും ഞങ്ങൾ വിജയിച്ചിരിക്കുകയാണ്,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചർച്ചകൾ ഫലം കണ്ടില്ലെങ്കിലും, ഇരുരാജ്യങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ പ്രശ്‌നപരിഹാരത്തിന് കൂടുതൽ സമയം വേണ്ടിവരുമെന്നാണു വിലയിരുത്തൽ.