ലെബനനിൽ സുരക്ഷാ ഭീഷണി: അമേരിക്കൻ പൗരന്മാർക്ക് രാജ്യം വിടാൻ യുഎസ് മുന്നറിയിപ്പ്

ലെബനനിൽ സുരക്ഷാ ഭീഷണി: അമേരിക്കൻ പൗരന്മാർക്ക് രാജ്യം വിടാൻ യുഎസ് മുന്നറിയിപ്പ്


വാഷിംഗ്ടൺ: പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ, ലെബനനിലുള്ള സ്വന്തം പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ അമേരിക്കൻ ഭരണകൂടം നിർദേശം നൽകി. ഇറാഖിന് പിന്നാലെയാണ് ലെബനനിലും സമാന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ലെബനനിലെ സുരക്ഷാ സാഹചര്യം അതീവ അസ്ഥിരവും പ്രവചനാതീതവുമാണെന്ന് യുഎസ് എംബസി വ്യക്തമാക്കി. ഡ്രോൺ സാന്നിധ്യവും റോക്കറ്റ് ആക്രമണങ്ങളും വർധിക്കുന്ന പശ്ചാത്തലത്തിൽ, വാണിജ്യ വിമാനങ്ങൾ ലഭ്യമായിരിക്കുമ്പോൾ തന്നെ രാജ്യത്തുനിന്ന് പുറപ്പെടണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടു.

തെക്കൻ ലെബനൻ, സിറിയ അതിർത്തി പ്രദേശങ്ങൾ, അഭയാർഥി ക്യാംപുകൾ, ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളായ ദഹിയ ഉൾപ്പെടെയുള്ള മേഖലകൾ അതീവ അപകട സാധ്യതയുള്ളവയാണെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഈ പ്രദേശങ്ങളിൽ ഉള്ളവർ ഉടൻ ഒഴിഞ്ഞുപോകണമെന്നും എംബസി നിർദേശിച്ചു.

ലെബനനിലെ അമേരിക്കൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇറാൻ അനുകൂല സായുധ സംഘങ്ങളുടെ ആക്രമണ ലക്ഷ്യമാകാനിടയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇതിനിടെ, ഇറാൻ അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചതും, ബെയ്‌റൂട്ടിലും ടെഹ്‌റാൻ നഗരത്തിലുമുള്ള ആക്രമണങ്ങളും മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കി.

അതേസമയം, തെക്കൻ ലെബനനിലെ യു.എൻ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് സമാധാന സേനാംഗങ്ങൾക്ക് പരുക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

ബാഗ്ദാദിൽ ഒരു അമേരിക്കൻ മാധ്യമപ്രവർത്തകയെ ഇറാൻ അനുകൂല സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടർന്ന് ഇറാഖിലുള്ള അമേരിക്കക്കാരോടും നേരത്തെ രാജ്യം വിടാൻ നിർദേശം നൽകിയിരുന്നു. ലെബനനിൽ തുടരുന്നവർ അടിയന്തര സാഹചര്യം നേരിടാൻ സജ്ജരാകുകയും സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടുകയും ചെയ്യണമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.