'യുദ്ധാവസാനത്തിനുള്ള സാധ്യതാ ചട്ടക്കൂട് രൂപപ്പെട്ടു': അബുദാബി ചർച്ചകൾക്കുശേഷം സെലൻസ്‌കി; രൂക്ഷ വിമർശനവുമായി ഇറാൻ വിദേശകാര്യ മന്ത്രി

'യുദ്ധാവസാനത്തിനുള്ള സാധ്യതാ ചട്ടക്കൂട് രൂപപ്പെട്ടു': അബുദാബി ചർച്ചകൾക്കുശേഷം സെലൻസ്‌കി; രൂക്ഷ വിമർശനവുമായി ഇറാൻ വിദേശകാര്യ മന്ത്രി


അബുദാബി: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിലേക്കുള്ള വഴികൾ തേടി യുഎസ്, റഷ്യ, യുക്രൈൻ പ്രതിനിധികൾ പങ്കെടുത്ത രണ്ട് ദിവസത്തെ ത്രികക്ഷി ചർച്ചകൾ അബുദാബിയിൽ 'നിർമാണാത്മകമായി' സമാപിച്ചതായി യുക്രൈൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്‌കി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ സഹായകമായ 'സാധ്യതാ മാനദണ്ഡങ്ങൾ' ചർച്ചയിൽ രൂപപ്പെട്ടുവെന്നാണ് സെലൻസ്‌കിയുടെ വിലയിരുത്തൽ.

ഡോണൾഡ് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ ആദ്യമായാണ് റഷ്യയും യുക്രൈനും ഒരുമിച്ച് പങ്കെടുക്കുന്ന ചർച്ചയിൽ ഇടപെടുന്നത്. എല്ലാ കക്ഷികളും ചർച്ചകളുടെ വിശദാംശങ്ങൾ തങ്ങളുടെ തലസ്ഥാനങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യാനും തുടർനടപടികൾ നേതാക്കളുമായി ഏകോപിപ്പിക്കാനും ധാരണയായതായി സെലൻസ്‌കി ടെലഗ്രാമിൽ കുറിച്ചു. അടുത്ത ആഴ്ച തന്നെ തുടർയോഗം നടക്കാനുള്ള സാധ്യതയുണ്ടെന്നും സൈനിക പ്രതിനിധികൾ അതിനുള്ള വിഷയങ്ങൾ തിരിച്ചറിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കുന്ന പ്രക്രിയയിൽ അമേരിക്കയുടെ മേൽനോട്ടവും നിയന്ത്രണവും അനിവാര്യമാണെന്ന ധാരണയും ചർച്ചയിൽ ഉണ്ടായതായി സെലൻസ്‌കി പറഞ്ഞു. റഷ്യൻ വാർത്താ ഏജൻസി ടാസ്‌സും ചർച്ചകൾ ഫലം കണ്ടുവെന്നും അടുത്ത ദിവസങ്ങളിൽ തുടരുമെന്നുമാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം, ഇതേ ദിവസം തന്നെ സെലൻസ്‌കിക്കെതിരെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി രൂക്ഷ വിമർശനം ഉന്നയിച്ചു. അമേരിക്കയുടെയും യൂറോപ്പിന്റെയും നികുതിപണം ദുരുപയോഗം ചെയ്യുകയാണെന്നും യുഎൻ ചാർട്ടറിനെ ലംഘിച്ച് ഇറാനെതിരായ അമേരിക്കൻ ആക്രമണത്തിന് ആഹ്വാനം ചെയ്യുകയാണെന്നും അറാഘ്ചി ആരോപിച്ചു.

'ലോകം ഇത്തരം 'വ്യക്തതയില്ലാത്ത കോമാളികളെ കൊണ്ട്' മടുത്തിരിക്കുന്നു. വിദേശ പിന്തുണയുള്ള നിങ്ങളുടെ സൈന്യത്തെപ്പോലെ അല്ല; ഇറാനികൾക്ക് സ്വന്തം സുരക്ഷ ഉറപ്പാക്കാൻ മറ്റുള്ളവരുടെ സഹായം തേടേണ്ടതില്ല,' എന്നും അറാഘ്ചി സമൂഹമാധ്യമത്തിൽ കുറിച്ചു.

അബുദാബി ചർച്ചകൾ യുദ്ധാവസാനത്തിലേക്കുള്ള വഴിത്തിരിവാകുമോ എന്നതാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.