ജനീവ: റഷ്യ, യുക്രെയ്ന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങള്‍ അടുത്ത ആഴ്ച ജനീവയില്‍ സമാധാന പദ്ധതി ചര്‍ച്ച ചെയ്യാന്‍ കൂടിക്കാഴ്ച നടത്തും.
യുക്രെയ്നിന്റെ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് കൗണ്‍സിലിന്റെ സെക്രട്ടറി റുസ്തം ഉമെറോവ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചതനുസരിച്ച് ത്രികക്ഷി ചര്‍ച്ചകളുടെ അടുത്ത ഘട്ടം ഫെബ്രുവരി 17നും 18നും സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ നഗരത്തില്‍ നടക്കും. യുക്രെയ്ന്‍ പ്രതിനിധി സംഘത്തില്‍ വോളോഡിമിര്‍ സെലെന്‍സ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് കിറിലോ ബുദാനോവ് എന്നിവരും ഉള്‍പ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മോസ്‌കോയില്‍ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചത് റഷ്യന്‍ പ്രതിനിധി സംഘത്തെ പ്രസിഡന്റിന്റെ സഹായിയായ വ്‌ലാദിമിര്‍ മെദിന്‍സ്‌കി നയിക്കുമെന്നാണ്.
ഈ മാസം ആദ്യം നടന്ന മുന്‍ ചര്‍ച്ചകളില്‍ റഷ്യന്‍ സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു റഷ്യന്‍ പ്രതിനിധി സംഘത്തെ നയിച്ചത്.
പ്രതിനിധി സംഘത്തിലെ മാറ്റത്തെ തുടര്‍ന്ന് പ്രദേശപരമായ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമോ എന്ന കാര്യത്തില്‍ യുക്രെയ്നിലെ മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സമാധാന ചര്‍ച്ചകളുടെ സാധ്യതയെ കുറിച്ചുള്ള ചോദ്യത്തിന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞത് റഷ്യ ഒരു കരാര്‍ ആഗ്രഹിക്കുന്നുവെന്നും സെലന്‍സ്‌കി മുന്നോട്ടുപോകണമെന്നുമാണ്. അല്ലെങ്കില്‍ ഒരു മികച്ച അവസരം നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സെലന്‍സ്‌കി വെള്ളിയാഴ്ച ദക്ഷിണ ജര്‍മ്മനിയിലെ ഒരു സ്ഥാപനം സന്ദര്‍ശിച്ചു. യുക്രെയ്നിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡ്രോണുകള്‍ നിര്‍മ്മിക്കുന്ന ഈ സ്ഥാപനം വര്‍ഷാവസാനത്തോടെ യുക്രെയ്ന്‍ സൈന്യത്തിനായി ഏകദേശം 10,000 ഡ്രോണുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നുണ്ട്.
യൂറോപ്പുമായുള്ള സഹകരണത്തിന്റെ മികച്ച ഫലമാണ് വന്‍തോതില്‍ ഡ്രോണ്‍ നിര്‍മ്മാണത്തിനുള്ള ഈ ഉത്പാദന ലൈന്‍ എന്നാണ് സെലന്‍സ്‌കി അഭിപ്രായപ്പെട്ടത്.
യൂറോപ്പില്‍ 10 ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ യുക്രെയ്ന്‍ പദ്ധതിയിടുന്നുണ്ട്.
