ടെഹ്രാൻ/വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനിലെ വിവിധ മേഖലകളിൽ യുഎസ് വീണ്ടും ആക്രമണം നടത്തി. തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസ്, സിറിക്, കൊണാരക്, ഛബഹാർ എന്നിവിടങ്ങളിൽ സ്‌ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ വാർത്താ ഏജൻസികളായ മെഹറും ഫാർസും റിപ്പോർട്ട് ചെയ്തു. ആക്രമണം സ്ഥിരീകരിച്ച യുഎസ് സെൻട്രൽ കമാൻഡ്, മേഖലയിലെ സുരക്ഷാ നടപടികൾ ശക്തമാക്കിയതായും അറിയിച്ചു.
ആക്രമണത്തെ തുടർന്ന് ഇറാൻ വ്യോമപ്രതിരോധ സംവിധാനം പൂർണ സജ്ജമാക്കിയതായി ഔദ്യോഗിക മാധ്യമങ്ങൾ അറിയിച്ചു. ഹോർമുസ് കടലിടുക്കിന് സമീപം 20 അമേരിക്കൻ യുദ്ധക്കപ്പലുകൾ പട്രോളിങ്ങിന് വിന്യസിച്ചിട്ടുണ്ടെന്നും യുഎസ് അറിയിച്ചു.
അതിനിടെ, അമേരിക്കയുടെ ആക്രമണം തുടർന്നാൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. യുഎസ് സൈനികർക്കെതിരേ ശക്തമായ തിരിച്ചടി നൽകുമെന്നും ഒരു അമേരിക്കൻ സൈനികൻ പോലും സുരക്ഷിതമായി മടങ്ങിപ്പോകില്ലെന്നും ഇറാൻ പാർലമെന്റിന്റെ വിദേശകാര്യ സമിതി വക്താവ് ഇബ്രാഹിം റെസായി പറഞ്ഞു.
ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഖാരിബ് അബാദി, 'ട്രംപിനോട് അദ്ദേഹത്തിന് മനസ്സിലാകുന്ന ഭാഷയിൽ തന്നെയായിരിക്കും മറുപടി നൽകുക' എന്ന് എക്‌സിലൂടെ പ്രതികരിച്ചു. ഉപരോധങ്ങളും ആക്രമണഭീഷണികളും ഇറാനെ മുട്ടുകുത്തിച്ചിട്ടില്ലെന്നും ട്രംപിന്റെ പ്രസ്താവനകൾ അമേരിക്കൻ നയത്തിന്റെ പരാജയമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, യുഎസ് ആക്രമണത്തിൽ എട്ട് ഇറാൻ സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ സൈന്യം അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചെന്ന ആരോപണത്തെ തുടർന്നാണ് അമേരിക്ക ആക്രമണം ശക്തമാക്കിയത്.
തുർക്കിയിലെ അങ്കാറയിൽ നടന്ന നേറ്റോ ഉച്ചകോടിക്കിടെ ട്രംപ് ഇറാനെതിരെ കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു. 'കഴിഞ്ഞ രാത്രി അതിശക്തമായ ആക്രമണം നടത്തി. ആവശ്യമെങ്കിൽ ഇന്നും അതിലും ശക്തമായി തിരിച്ചടിക്കും. ഇത് ചെറിയൊരു മുന്നറിയിപ്പ് മാത്രമാണ്,' എന്ന് ട്രംപ് പറഞ്ഞു. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണവും കപ്പലുകൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണങ്ങളും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; ഹോർമുസ് വീണ്ടും അടയ്ക്കുമെന്ന് ടെഹ്രാൻ
