യു എസ് ഇറാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു

യു എസ് ഇറാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു


ഒമാന്‍: നേരിട്ടുള്ള സൈനിക ഏറ്റുമുട്ടല്‍ ആശങ്കകള്‍ ശക്തമായിരിക്കെ അമേരിക്കയുടെയും ഇറാന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഒമാനില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. കഴിഞ്ഞ മാസം ഇറാനിലുടനീളം നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ക്രൂരമായി അടിച്ചമര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെയും അതിന് മറുപടിയായി മിഡില്‍ ഈസ്റ്റില്‍ അമേരിക്ക സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചതിന്റെയും പശ്ചാത്തലത്തിലാണ് ചര്‍ച്ചകള്‍.

മനുഷ്യാവകാശ സംഘടനകളുടെ കണക്കുകള്‍ പ്രകാരം പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിനിടെ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് ആരോപണം. ഇതിന് പിന്നാലെയാണ് മേഖലയില്‍ അമേരിക്ക സൈനിക സജ്ജീകരണം ശക്തമാക്കിയത്.

ഇരു രാജ്യങ്ങളും തമ്മില്‍ അവിശ്വാസം നിലനില്‍ക്കുന്നതിനാല്‍ ചര്‍ച്ചകള്‍ നേരിട്ടല്ലെന്നാണ് കരുതുന്നത്. ചര്‍ച്ചകളുടെ വ്യാപ്തിയും അജണ്ടയും സംബന്ധിച്ച് വ്യക്തതയില്ല. വിജയകരമായാല്‍ ഭാവിയിലെ ഔപചാരിക ചര്‍ച്ചകള്‍ക്ക് ഒരു ചട്ടക്കൂട് രൂപപ്പെടുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.

ഇറാന്‍ ആണവപദ്ധതി നിര്‍ത്തിവയ്ക്കുകയും സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം ഉപേക്ഷിക്കുകയും ചെയ്യണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി, മേഖലയില്‍ സായുധ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന പിന്തുണ, പൗരന്മാരോടുള്ള പെരുമാറ്റം എന്നിവയും ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തണമെന്ന നിലപാടിലാണ് വാഷിംഗ്ടണ്‍ ഉള്ളത്. 

എന്നാല്‍, ചര്‍ച്ചകള്‍ ആണവപദ്ധതിയിലേക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിലപാട് ഭിന്നതകള്‍ പരിഹരിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല.

ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത് പ്രകാരം ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയുമായും അമേരിക്കന്‍ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫുമായും മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മരുമകനും ദൂതനുമായ ജാരെഡ് കുഷ്നറുമായും ഒമാന്‍ വിദേശകാര്യ മന്ത്രി  പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തി. 

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള യു എസ് -ഇറാന്‍ ചര്‍ച്ചകള്‍ 2025 ജൂണിലാണ് നടക്കേണ്ടിയിരുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ ഇറാനെതിരെ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് അതുണ്ടായില്ല. 

കരാര്‍ ഉണ്ടായില്ലെങ്കില്‍ ഇറാനെ ബോംബിട്ട് ആക്രമിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ആയിരക്കണക്കിന് സൈനികരെയും വിമാനവാഹിനിക്കപ്പലടക്കം യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉള്‍പ്പെടുന്ന നാവികസേനാ സജ്ജീകരണം മേഖലയിലേക്ക് അയച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

അമേരിക്കന്‍ ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക ആസ്തികളെയും ഇസ്രായേലിനെയും ലക്ഷ്യമാക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കി.

1979ലെ ഇസ്ലാമിക് വിപ്ലവത്തിനു ശേഷം ഏറ്റവും ദുര്‍ബലമായ ഘട്ടത്തിലാണ് ഇറാന്‍ ഭരണകൂടമെന്ന് വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന സാഹചര്യത്തില്‍, ഈ ചര്‍ച്ചകള്‍ യു എസ് സൈനിക നടപടികള്‍ ഒഴിവാക്കാനുള്ള അവസാന അവസരമായേക്കാമെന്നും വിലയിരുത്തപ്പെടുന്നു.

വാഷിംഗ്ടണ്‍ ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ്‌സ് ആക്റ്റിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി പ്രകാരം, കുറഞ്ഞത് 6,883 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റിലായവരുടെ എണ്ണം 5അരലക്ഷത്തിലധികമാണെന്നും യഥാര്‍ഥ മരണസംഖ്യ ഇതിലും കൂടുതലാകാമെന്നുമാണ് മുന്നറിയിപ്പ്.

നിലവിലെ പ്രതിസന്ധി വീണ്ടും ഇറാന്റെ ആണവപദ്ധതിയെ ആഗോള ചര്‍ച്ചകളുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി ആണവപദ്ധതി സമാധാനപരമാണെന്ന് ഇറാന്‍ അവകാശപ്പെടുമ്പോള്‍ ആണവായുധ വികസന ശ്രമമാണെന്ന് അമേരിക്കയും ഇസ്രായേലും ആരോപിക്കുന്നു.

സ്വന്തം ഭൂപ്രദേശത്ത് യുറേനിയം സമ്പുഷ്ടമാക്കാനുള്ള അവകാശം തങ്ങള്‍ക്ക് ഉണ്ടെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. 400 കിലോഗ്രാം ഉയര്‍ന്ന തോതില്‍ സമ്പുഷ്ടമാക്കിയ യുറേനിയം മൂന്നാം രാജ്യത്തേക്ക് കൈമാറണമെന്ന ആവശ്യം ഇറാന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് ശേഷം യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിയെന്നും ഇറാന്‍ അവകാശപ്പെടുന്നു.

ഇളവുകള്‍ക്ക് തയ്യാറാണെന്ന സൂചനകളും ഇറാന്‍ നല്‍കിയിട്ടുണ്ട്. യു എസുമായുള്ള മുന്‍ ചര്‍ച്ചകളില്‍ നിര്‍ദേശിച്ചിരുന്നതുപോലെ യുറേനിയം സമ്പുഷ്ടീകരണത്തിനായി ഒരു പ്രാദേശിക കോണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതും പരിഗണനയില്‍ ഉള്‍പ്പെടാം. എന്നാല്‍, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി നിയന്ത്രിക്കണമെന്നതും ഹമാസ്, ഹിസ്ബുല്ല, ഇറാഖിലെ മിലീഷ്യകള്‍, യെമനിലെ ഹൂതികള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രതിരോധ അച്ചുതണ്ട് എന്ന സഖ്യത്തിന് പിന്തുണ അവസാനിപ്പിക്കണമെന്നതും അംഗീകരിക്കാനാകില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.

അനുയോജ്യമായ അന്തരീക്ഷം നിലനില്‍ക്കുന്നുവെങ്കില്‍ നീതിയുക്തവും സമതുലിതവുമായ ചര്‍ച്ചകള്‍ പിന്തുടരാന്‍ വിദേശകാര്യ മന്ത്രിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു.

അതേസമയം തങ്ങളുടെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ ഉപരോധങ്ങള്‍ നീക്കണമെന്ന ആവശ്യമാണ് ചര്‍ച്ചകളില്‍ ഇറാന്‍ ഉന്നയിക്കാന്‍ പോകുന്നത്. 

അമേരിക്കയുടെ ഭാഗത്ത് നിന്ന്, ചര്‍ച്ചകളുടെ ഫലം അനുസരിച്ച് ട്രംപിന് സൈനിക ഭീഷണികളില്‍ നിന്ന് പിന്‍വാങ്ങാനുള്ള വഴിയാകാമെന്ന വിലയിരുത്തലുമുണ്ട്. എന്നാല്‍, അമേരിക്കന്‍ ആക്രമണം മേഖലയില്‍ വ്യാപക സംഘര്‍ഷത്തിലേക്കോ ദീര്‍ഘകാല അസ്ഥിരതയിലേക്കോ നയിക്കുമെന്ന ആശങ്ക പ്രാദേശിക രാജ്യങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. വ്യോമാക്രമണം മാത്രം ഇറാന്‍ നേതൃത്വത്തെ അട്ടിമറിക്കാന്‍ പോരാ എന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രധാനമായ നേട്ടം കൈവരിക്കണമെങ്കില്‍ ആണവ വിഷയത്തിന് അപ്പുറം ചര്‍ച്ചകള്‍ പോകേണ്ടിവരുമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ അഭിപ്രായപ്പെട്ടു.

ഇസ്താംബൂളില്‍ നടത്താനിരുന്ന ചര്‍ച്ചകള്‍ ഈജിപ്ത്, തുര്‍ക്കി, ഖത്തര്‍ എന്നിവയുടെ മധ്യസ്ഥ ശ്രമത്തിന്റെ ഭാഗമായാണ് ആസൂത്രണം ചെയ്തത്. എന്നാല്‍ അവസാന നിമിഷത്തില്‍ യോഗസ്ഥലം ഒമാനിലേക്ക് മാറ്റാനും ചര്‍ച്ചകള്‍ ഇറാനും അമേരിക്കയും തമ്മില്‍ മാത്രം നടത്താനും ഇറാന്‍ ആവശ്യപ്പെടുകയായിരുന്നു.