ന്യൂയോര്‍ക്ക്: ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള 'ഓറെഷ്‌നിക്' ബാലിസ്റ്റിക് മിസൈല്‍ യുക്രെയ്‌നില്‍ പ്രയോഗിച്ച റഷ്യയുടെ നടപടി യുദ്ധത്തെ കൂടുതല്‍ അപകടകരമായ ഘട്ടത്തിലേക്ക് നയിക്കുന്നതാണെന്ന് ആരോപിച്ച് യുഎസും ബ്രിട്ടനും ശക്തമായ വിമര്‍ശനം ഉന്നയിച്ചു. സംഭവത്തെ തുടര്‍ന്ന് തിങ്കളാഴ്ച അടിയന്തരമായി ചേര്‍ന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലായിരുന്നു വിമര്‍ശനം. റഷ്യയുടെ നടപടി 'വ്യക്തതയില്ലാത്തതും അത്യന്തം ഉത്തരവാദിത്വരഹിതവുമായ യുദ്ധവര്‍ധന'യാണെന്ന് യുഎസ് ഡെപ്യൂട്ടി അംബാസഡര്‍ ടാമി ബ്രൂസ് പറഞ്ഞു.
ആണവ വാര്‌ഹെഡ് ഘടിപ്പിച്ചിട്ടില്ലെങ്കിലും ഇടത്തരം ദൂരപരിധിയുള്ള മിസൈല്‍ പ്രയോഗിച്ചത് സംഘര്‍ഷത്തെ പുതിയ അപകടകരമായ ഘട്ടത്തിലേക്കാണ് എത്തിച്ചതെന്ന് ബ്രൂസ് ചൂണ്ടിക്കാട്ടി. യുദ്ധം അവസാനിപ്പിക്കാന്‍ കീവുമായും മറ്റ് പങ്കാളികളുമായും മോസ്‌കോയുമായും ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നതിനിടെയാണ് ഇത്തരം ആക്രമണമെന്ന് അവര്‍ പറഞ്ഞു. യുക്രെയ്‌നിലെ ഊര്‍ജ്ജ കേന്ദ്രങ്ങളും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് റഷ്യ തുടരുന്ന ആക്രമണങ്ങളെയും യുഎസ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
ബ്രിട്ടനും റഷ്യയുടെ നീക്കത്തെ അപലപിച്ചു. ഓറെഷ്‌നിക് മിസൈല്‍ പ്രയോഗം 'അത്യന്തം അശ്രദ്ധാപരമായ നടപടി'യാണെന്നും ഇത് പ്രാദേശികവും അന്താരാഷ്ട്രവുമായ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതായും ആക്ടിംഗ് യുഎന്‍ അംബാസഡര്‍ ജെയിംസ് കാരിയുക്കി മുന്നറിയിപ്പ് നല്‍കി. ഇത്തരം ആക്രമണങ്ങള്‍ തെറ്റായ കണക്കുകൂട്ടലുകളിലേക്കും നിയന്ത്രണം വിട്ട സംഘര്‍ഷത്തിലേക്കും നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച യുക്രെയ്‌നിന്റെ പടിഞ്ഞാറന്‍ ല്വീവ് മേഖലയില്‍ ഓറെഷ്‌നിക് മിസൈല്‍ പ്രയോഗിച്ചതായി റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പോളണ്ട് അതിര്‍ത്തിക്കടുത്തുള്ള ഒരു വിമാന അറ്റകുറ്റപ്പണി കേന്ദ്രമാണ് ലക്ഷ്യമിട്ടതെന്ന് മോസ്‌കോ അവകാശപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ വസതികളിലൊന്നിനെ ലക്ഷ്യമിട്ട് യുക്രെയ്ന്‍ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് മിസൈല്‍ ആക്രമണമെന്നുമായിരുന്നു റഷ്യയുടെ വിശദീകരണം. എന്നാല്‍ ഈ ആരോപണം യുക്രെയ്ന്‍ നിഷേധിച്ചു.
മിസൈല്‍ ല്വീവ് മേഖലയിലേക്ക് എത്തിയതായി യുക്രെയ്ന്‍ സ്ഥിരീകരിച്ചെങ്കിലും ലക്ഷ്യം വിജയകരമായി തകര്‍ത്തെന്ന റഷ്യന്‍ വാദം അവര്‍ അംഗീകരിച്ചില്ല. ഇതേ ദിവസം തന്നെ കീവില്‍ റഷ്യ നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ പകുതിയോളം വീടുകളില്‍ താപവിതരണം തകരാറിലായതോടെ മൈനസ് താപനിലയിലേക്കു താഴ്ന്ന കാലാവസ്ഥയില്‍ ആയിരങ്ങള്‍ കടുത്ത ദുരിതത്തിലായി.
ഓറെഷ്‌നിക് മിസൈല്‍ പ്രയോഗം 'അപകടകരമായ വര്‍ധന'; റഷ്യയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് യുഎസും ബ്രിട്ടനും
