അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഖത്തറിലെ ദോഹയിൽ ഇന്ന് (ചൊവ്വാഴ്ച) ഉന്നതതല ചർച്ച നടക്കും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇറാന്റെ അഭ്യർഥന പ്രകാരമാണ് ചർച്ച നടക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ ആണവ പദ്ധതിയാണ് ചർച്ചയിലെ പ്രധാന വിഷയം. 'ഇറാൻ ആണവായുധം കൈവശം വയ്ക്കാൻ അമേരിക്ക അനുവദിക്കില്ല. അതാണ് ചർച്ചയുടെ പ്രധാന ലക്ഷ്യം,' ട്രംപ് വ്യക്തമാക്കി.
അമേരിക്കൻ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകനും മുൻ വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ ജാരെദ് കുഷ്‌നറും അമേരിക്കൻ പ്രതിനിധി സംഘത്തെ നയിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് അറിയിച്ചു. ഉന്നതതല ചർച്ചകൾക്കൊപ്പം സാങ്കേതിക തലത്തിലും പ്രത്യേക കൂടിക്കാഴ്ചകൾ നടക്കുമെന്നും അവർ പറഞ്ഞു.
അതേസമയം, അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദീകരിക്കാൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും സ്റ്റീവ് വിറ്റ്‌കോഫും കോൺഗ്രസ് അംഗങ്ങൾക്ക് തിങ്കളാഴ്ച വിശദീകരണം നൽകി. രഹസ്യ വിവരങ്ങൾ ഉൾപ്പെടുന്ന പ്രത്യേക ബ്രീഫിങ്ങും ഈ ആഴ്ച നടക്കുമെന്നാണ് റിപ്പോർട്ട്.
ഇതിനിടെ, തെക്കൻ ലെബനനിൽ ഇസ്രയേൽ പ്രതിരോധ സേന വീണ്ടും ആക്രമണം നടത്തി. വെടിനിർത്തൽ കരാർ ലംഘിച്ച് ഹിസ്ബുല്ല ഇസ്രായേൽ സൈന്യത്തെ ലക്ഷ്യമിട്ട് ആക്രമണം തുടരുകയാണെന്ന് ആരോപിച്ചാണ് നടപടി. ഹിസ്ബുല്ലയുടെ കമാൻഡ് കേന്ദ്രങ്ങളും റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രായേൽ സൈന്യം വ്യക്തമാക്കിയത്.
ലെബനനിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്കിടെയാണ് പുതിയ സൈനിക നടപടി. ഇതോടെ അമേരിക്ക-ഇറാൻ ചർച്ചകളുടെ പുരോഗതിയിലും മേഖലയുടെ സുരക്ഷാ സാഹചര്യത്തിലും അന്താരാഷ്ട്ര ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
ഇറാനുമായി ഉന്നതതല ചർച്ചയ്ക്ക് അമേരിക്ക; ഖത്തറിലെ ദോഹയിൽ ഇന്ന് നിർണായക കൂടിക്കാഴ്ച
