വാഷിംഗ്ടൺ: വെനസ്വേലൻ നേതാവ് നിക്കോളാസ് മദുറോയെ പിടികൂടിയ സൈനിക ഓപ്പറേഷനുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ഉപയോഗിച്ച് ഓൺലൈൻ പന്തയം വെച്ച് ലക്ഷങ്ങൾ സമ്പാദിച്ചതായി ആരോപിച്ച് യുഎസ് സൈനികനെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി.
യുഎസ് ആർമി സ്പെഷ്യൽ ഫോഴ്സിലെ മാസ്റ്റർ സാർജന്റ് ഗന്നൺ കെൻ വാൻ ഡൈക്കാണ് പ്രതി. 2026 ജനുവരി 3ന് നടന്ന 'മദുറോയെ പിടികൂടിയ ദൗത്യ' ത്തിന്റെ പദ്ധതിയിലും നടപ്പാക്കലിലും ഇയാൾ പങ്കെടുത്തിരുന്നു. ഈ ദൗത്യവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ഉപയോഗിച്ച് 'പോളിമാർക്കറ്റ്' എന്ന പ്രവചന അടിസ്ഥാനത്തിലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഇയാൾ പന്തയം വെച്ചതായി യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി.
ഡിസംബർ അവസാനം മുതൽ ജനുവരി തുടക്കം വരെ, യുഎസ് സേന വെനസ്വേലയിലേക്ക് പ്രവേശിക്കുമോ, മദുറോ അധികാരത്തിൽ നിന്ന് പുറത്താകുമോ തുടങ്ങിയ വിഷയങ്ങളിൽ ഇയാൾ പന്തയം വെച്ചിരുന്നു. ഇതിലൂടെ ഏകദേശം 4 ലക്ഷം ഡോളറിലധികം ലാഭം നേടിയതായി അന്വേഷണത്തിൽ കണ്ടെത്തി.
സ്വകാര്യ ലാഭത്തിനായി സർക്കാർ രഹസ്യ വിവരങ്ങൾ ദുരുപയോഗം ചെയ്തതും, പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്ത വിവരങ്ങൾ ചോർത്തിയതും ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് വാൻ ഡൈക്കിനെതിരെ ചുമത്തിയിരിക്കുന്നത്. വയർ ഫ്രോഡ്, കൊമോഡിറ്റീസ് ഫ്രോഡ്, നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ഗ്രാൻഡ് ജൂറി ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പ്രവചന വിപണികളിൽ ഇൻസൈഡർ ട്രേഡിംഗ് ആരോപിച്ച് അമേരിക്കയിൽ കേസെടുത്ത ആദ്യ സംഭവമായും ഇത് വിലയിരുത്തപ്പെടുന്നു.
ഇതിനിടെ, രഹസ്യ വിവരങ്ങൾ വ്യക്തിപരമായ സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുന്നത് ദേശീയ സുരക്ഷയ്ക്കെതിരായ ഗുരുതര ലംഘനമാണെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. ദൗത്യങ്ങൾ സുരക്ഷിതമായി പൂർത്തിയാക്കാൻ സൈനികർക്കു നൽകിയ വിശ്വാസത്തെ ഇത് തകർക്കുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടി.
സംഭവം പുറത്തായതിന് പിന്നാലെ പോളിമാർക്കറ്റ് അധികൃതർ അന്വേഷണവുമായി സഹകരിച്ചതായി അറിയിച്ചിട്ടുണ്ട്. കേസ് ഇപ്പോൾ കൂടുതൽ നിയമ നടപടികളിലേക്ക് നീങ്ങുകയാണ്.
രഹസ്യ സൈനിക വിവരങ്ങൾ ചോർത്തി പന്തയം വെച്ച് പണം സമ്പാദിച്ച യുഎസ് സൈനികനെതിരെ ഗുരുതര കുറ്റം ചുമത്തി
