ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ സൈനിക നീക്കം ശക്തമാകുന്നു; മൂന്നാം വിമാനവാഹിനിക്കപ്പൽ മിഡില്‍ ഈസ്റ്റിലേക്ക്‌; 10,000 വരെ സൈനികരെ അധികമായി വിന്യസിക്കും

ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ സൈനിക നീക്കം ശക്തമാകുന്നു; മൂന്നാം വിമാനവാഹിനിക്കപ്പൽ മിഡില്‍ ഈസ്റ്റിലേക്ക്‌;  10,000 വരെ സൈനികരെ അധികമായി വിന്യസിക്കും


വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ വീണ്ടും ശക്തമാക്കാനുള്ള സാധ്യത നിലനിൽക്കെ മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം വർധിപ്പിച്ച് അമേരിക്ക. മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ സംഘത്തെയും (Carrier tSrike Group) അധിക മറൈൻ സേനയെയും മേഖലയിലേക്ക് അയയ്ക്കുകയാണ് പെന്റഗൺ. ഇതോടെ 9,000 മുതൽ 10,000 വരെ സൈനികർ അധികമായി മേഖലയിലെത്തുമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. 

സാൻ ഡിയാഗോ ആസ്ഥാനമായ യുഎസ്എസ് തിയഡോർ റൂസ്‌വെൽറ്റ് വിമാനവാഹിനിക്കപ്പൽ ഞായറാഴ്ച നിശ്ചിത വിന്യാസത്തിന്റെ ഭാഗമായി പുറപ്പെട്ടു. റൂസ്‌വെൽറ്റിനൊപ്പം വിമാനവാഹിനി സംഘത്തിലെ മറ്റ് യുദ്ധക്കപ്പലുകളും മേഖലയിലേക്ക് നീങ്ങുന്നുണ്ട്. തൊട്ടടുത്ത ദിവസം യുഎസ്എസ് മക്കിൻ ഐലൻഡ് ഉൾപ്പെടുന്ന ആംഫിബിയസ് റെഡിനസ് ഗ്രൂപ്പും പുറപ്പെട്ടു. ഇതിൽ 13ാം മറൈൻ എക്‌സ്‌പെഡിഷണറി യൂണിറ്റിലെ മറൈൻ സേനയുണ്ട്. 

നിലവിൽ യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ്, യുഎസ്എസ് ജോർജ് വാഷിങ്ടൺ എന്നീ രണ്ട് വിമാനവാഹിനിക്കപ്പലുകൾ മധ്യപൂർവദേശത്തുണ്ട്. റൂസ്‌വെൽറ്റും മേഖലയിലെത്തുകയും വാഷിങ്ടൺ അവിടെ തുടരുകയും ചെയ്താൽ ഒരേസമയം മൂന്ന് അമേരിക്കൻ വിമാനവാഹിനി സംഘങ്ങൾ മേഖലയിൽ ഉണ്ടാകും. ഏപ്രിലിന് ശേഷം ആദ്യമായാകും ഇത്രയും വലിയ വിമാനവാഹിനി സാന്നിധ്യം. 

റൂസ്‌വെൽറ്റ് സംഘത്തിലും മക്കിൻ ഐലൻഡ് സംഘത്തിലും ഉൾപ്പെട്ട കപ്പലുകളിൽ 7,000ലേറെ നാവികരും 2,000ഓളം മറൈൻ സൈനികരുമുണ്ട്. നിലവിൽ മേഖലയിലുള്ള സൈനികർക്കൊപ്പം ഇവരെ കൂടി ഉൾപ്പെടുത്തിയാൽ അമേരിക്കൻ നാവികമറൈൻ സാന്നിധ്യം 20,000ലേറെയാകുമെന്നാണ് റിപ്പോർട്ടുകൾ. 

അതേസമയം, യുഎസ് സൈനിക നീക്കത്തിന്റെ സമയക്രമത്തെക്കുറിച്ച് റിപ്പോർട്ടുകളിൽ ചെറിയ വ്യത്യാസമുണ്ട്. ചില യുഎസ് ഉദ്യോഗസ്ഥരുടെ കണക്കിൽ മൂന്നാമത്തെ വിമാനവാഹിനി ഒക്ടോബർ അവസാനത്തോടെ തന്നെ മേഖലയിൽ എത്തിയേക്കാം. എന്നാൽ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പ്രകാരം പുതിയ കപ്പലുകളും സേനയും നവംബർ അവസാനത്തോടെ മേഖലയിലെത്താനാണ് സാധ്യത. 

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരായ ആക്രമണം വീണ്ടും ആരംഭിക്കുന്നതിനുള്ള സാധ്യത പരസ്യമായി തള്ളിയിട്ടില്ല. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ വ്യോമാക്രമണം ശക്തമാക്കുന്നത് പരിഗണിക്കാമെന്ന് ടൈം മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ഇറാന്റെ ഏറ്റവും പുതിയ ഏഴുദിവസത്തെ വെടിനിർത്തൽ നിർദേശം അംഗീകരിക്കാനും അദ്ദേഹം വിസമ്മതിച്ചു. 

ഇറാന്റെ നിർദേശത്തിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ആണവപരിപാടിയുമായി ബന്ധപ്പെട്ട ചർച്ചകൾ പുനരാരംഭിക്കുന്നതും ഉൾപ്പെട്ടിരുന്നു. പകരമായി ഇറാന്റെ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ ഉപരോധം പിൻവലിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ നിർദേശം പര്യാപ്തമല്ലെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ആഗോള എണ്ണവിതരണത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്ന തന്ത്രപ്രധാന ജലപാതയാണ് ഹോർമുസ് കടലിടുക്ക്. 

പ്രധാന യുദ്ധസന്നാഹങ്ങൾക്ക് ആവശ്യമായ മറ്റ് സൈനിക വിന്യാസങ്ങളും അമേരിക്ക നീട്ടിയിട്ടുണ്ട്. ഇറാന്റെ മിസൈലുകളും ഡ്രോണുകളും നേരിടുന്നതിനുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളും 82ാം എയർബോൺ ഡിവിഷനും ഇതിൽ ഉൾപ്പെടുന്നു. അടിയന്തര സാഹചര്യങ്ങളിൽ ശത്രുപ്രദേശത്ത് പാരച്യൂട്ട് വഴി ഇറങ്ങി വിമാനത്താവളങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെ വിവിധ ദൗത്യങ്ങൾ നിർവഹിക്കാൻ 82ാം ഡിവിഷന് കഴിയും. 

അതേസമയം, ദീർഘകാല സൈനിക വിന്യാസം യുഎസ് നാവികസേനയ്ക്ക് വലിയ സമ്മർദം സൃഷ്ടിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അടുത്ത മാസങ്ങളിൽ മേഖലയിലുടനീളം ഏകദേശം 20 നാവികക്കപ്പലുകൾ അമേരിക്ക നിലനിർത്തിയിരുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ യുദ്ധക്കപ്പലുകളുടെ സുരക്ഷയും പ്രധാന ആശങ്കയായി തുടരുകയാണ്. 

മൂന്നാമത്തെ വിമാനവാഹിനി സംഘം കൂടി എത്തുന്നതോടെ ഇറാനെ ചുറ്റിപ്പറ്റിയുള്ള അമേരിക്കൻ സൈനിക സാന്നിധ്യം കൂടുതൽ ശക്തമാകും. എന്നാൽ ഈ വിന്യാസം നേരിട്ടുള്ള ആക്രമണത്തിനുള്ള അന്തിമ തീരുമാനമാണെന്ന് പെന്റഗൺ പ്രഖ്യാപിച്ചിട്ടില്ല. ട്രംപ് ഭരണകൂടത്തിന്റെ അടുത്ത നീക്കവും ഇറാനുമായുള്ള ചർച്ചകളുടെ ഗതിയും ഇതിൽ നിർണായകമാകും.