വാഷിംഗ്ടൺ: വെനിസ്വേലയുമായി ബന്ധമുള്ള മറ്റൊരു എണ്ണക്കപ്പൽ കൂടി പിടിച്ചെടുത്ത് അമേരിക്ക. ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച 'ഉപരോധ' നടപടികളുടെ ഭാഗമായാണ് യുഎസ് സേന ഈ നീക്കം നടത്തിയത്. 'മോട്ടോർ വെസൽ സജിറ്റ' എന്ന എണ്ണടാങ്കറാണ് കരീബിയൻ കടലിൽ നിന്ന് പിടിച്ചെടുത്തത്. ഇതോടെ വെനിസ്വേലൻ എണ്ണ കയറ്റുമതിക്കെതിരായ നടപടികളിൽ പിടിച്ചെടുക്കപ്പെട്ട ടാങ്കറുകളുടെ എണ്ണം ഏഴായി.
യുഎസ് സതേൺ കമാൻഡ് ചൊവ്വാഴ്ച അറിയിച്ചതനുസരിച്ച്, 'ജോയിന്റ് ടാസ്ക് ഫോഴ്സ് സൗതേൺ സ്പിയർ' എന്ന ഓപ്പറേഷന്റെ ഭാഗമായാണ് ടാങ്കർ നിയന്ത്രണത്തിലാക്കിയത്. യുഎസ് സൈന്യത്തോടൊപ്പം ആഭ്യന്തര സുരക്ഷാ വകുപ്പ്, ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് എന്നിവയും ഈ നീക്കത്തിൽ പങ്കാളികളാണ്. യാതൊരു സംഘർഷവുമില്ലാതെയാണ് കപ്പൽ പിടിച്ചെടുത്തതെന്ന് സദേൺ കമാൻഡ് വ്യക്തമാക്കി.
സാമൂഹ്യമാധ്യമമായ എക്സിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ, പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 'ക്വാറന്റീൻ' ലംഘിച്ച് പ്രവർത്തിക്കുന്ന ഉപരോധവിധേയ കപ്പലുകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് യുഎസ് സതേൺ കമാൻഡ് പറഞ്ഞു. 'നിയമപരമായും ഏകോപിതമായും അല്ലാതെ വെനിസ്വേലയിൽ നിന്ന് ഒരു തുള്ളി എണ്ണ പോലും പുറത്തുപോകില്ലെന്ന് ഉറപ്പാക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയമാണ് ഈ നടപടി കാണിക്കുന്നത്,' പ്രസ്താവനയിൽ വ്യക്തമാക്കി.
പടിഞ്ഞാറൻ അർധഗോളത്തിൽ സംയുക്ത സേന പ്രവർത്തിക്കുന്നതിനിടെ, അമേരിക്കൻ ജനങ്ങളുടെ സുരക്ഷയ്ക്കാണ് പരമാവധി മുൻഗണന നൽകുന്നതെന്നും, കരീബിയനിൽ വിന്യസിച്ചിരിക്കുന്ന എലിറ്റ് സംയുക്ത സേനയുടെ പൂർണ ശക്തിയോടെയാണ് ഈ ഓപ്പറേഷനുകളെന്നും യുഎസ് സേന അറിയിച്ചു.
ലൈബീരിയൻ പതാക വഹിക്കുന്ന എണ്ണടാങ്കറാണ് 'മോട്ടോർ വെസൽ സജിറ്റ'. ഹോങ്കോംഗ് ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. യുഎസ് സൈന്യം ഉദ്ധരിച്ച ട്രാക്കിങ് വിവരങ്ങൾ പ്രകാരം, വടക്കൻ യൂറോപ്പിലെ ബാല്ടിക് കടലിൽ നിന്ന് പുറപ്പെട്ട ശേഷം രണ്ടുമാസത്തിലേറെയായി കപ്പൽ അതിന്റെ സ്ഥാനം കാണിച്ചിരുന്നില്ല.
വെനിസ്വേലൻ എണ്ണക്കെതിരെ ട്രംപിന്റെ 'ക്വാറന്റീൻ' കടുപ്പിക്കുന്നു; ഏഴാമത്തെ ടാങ്കർ യുഎസ് പിടിച്ചെടുത്തു
