യു എസ് പ്രസിഡന്റ് പ്രവര്‍ത്തന ശേഷിയുള്ള വ്യക്തി; കാത്തിരുന്ന് കാണുക: ഇറാനിലെ മൊബൈലുകളില്‍ സന്ദേശം

യു എസ് പ്രസിഡന്റ് പ്രവര്‍ത്തന ശേഷിയുള്ള വ്യക്തി; കാത്തിരുന്ന് കാണുക: ഇറാനിലെ മൊബൈലുകളില്‍ സന്ദേശം


തെഹ്‌റാന്‍: ഇറാനിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് അജ്ഞാത നമ്പറില്‍ നിന്നും വന്ന സന്ദേശത്തില്‍ യു എസ് പ്രസിഡന്റിനെ പ്രകീര്‍ത്തിക്കുന്ന സന്ദേശം ലഭിച്ചു. അമേരിക്കന്‍ പ്രസിഡന്റ് പ്രവര്‍ത്തന ശേഷിയുള്ള ആളാണെന്നും കാത്തിരുന്നു കാണുക എന്നുമായിരുന്നു പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നും വന്ന സന്ദേശത്തിന്റെ ഉള്ളടക്കം. ഇറാന്‍ ഇന്റര്‍നാഷണലാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. 

ഡൊണള്‍ട് ട്രംപും തെഹ്‌റാനും തമ്മിലുള്ള സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തിലാണ്  സന്ദേശം പുറത്ത് വന്നത്. ഇറാന്‍ നേതൃത്വത്തിനെതിരെ കടുത്ത ഭാഷ പ്രയോഗിച്ച ട്രംപ് മധ്യപൂര്‍വ്വേഷ്യയില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തിയതോടെ സൈനിക നടപടി സാധ്യതകളെക്കുറിച്ചുള്ള അനുമാനങ്ങള്‍ ശക്തമായി. 

ട്രംപ് അടുത്തിടെ ഇറാനെതിരെ പരിമിത സൈനിക ആക്രമണം പരിഗണിക്കുന്നതായി സൂചിപ്പിച്ചിരുന്നു.

പ്രാദേശിക സംഘര്‍ഷം വര്‍ധിച്ചതോടെ ലെബനനിലെ അമേരിക്കന്‍ എംബസി മുന്‍കരുതലായി നിരവധി ജീവനക്കാരെ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ, ഏതെങ്കിലും സൈനിക നടപടിക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് തെഹ്‌റാന്‍ വാഷിങ്ടണിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതിയ ആണവ കരട് നിര്‍ദ്ദേശം തയ്യാറാക്കുന്നുണ്ടെന്നും ഇറാന്‍ അധികൃതര്‍ അറിയിച്ചു. തങ്ങളുടെ ആണവ പദ്ധതി പൂര്‍ണമായും സമാധാനപരമാണെന്നാണ് ഇറാന്റെ നിലപാട്. 

മുമ്പ് ട്രംപ് ഇറാന് 15 ദിവസത്തെ സമയം നല്‍കിയതായി സൂചിപ്പിച്ചിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടി ഉണ്ടാകാമെന്ന മുന്നറിയിപ്പോടെയായിരുന്നു അത്. ഇറാന്‍ ചര്‍ച്ചകള്‍ ആണവ വിഷയത്തില്‍ മാത്രം കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ അമേരിക്ക മിസൈല്‍ വികസനവും പ്രാദേശിക സായുധ സംഘങ്ങള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണയും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു.

ഒമാന്‍ ഇടനിലക്കാരായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന രണ്ട് ഘട്ട പരോക്ഷ ചര്‍ച്ചകള്‍ക്ക് ശേഷം മറ്റൊരു ചര്‍ച്ചയും ഈ ആഴ്ച പ്രതീക്ഷിക്കപ്പെടുന്നു. യൂറോപ്യന്‍ യൂണിയന്‍ ഇരുപക്ഷത്തോടും നയതന്ത്രപരമായ മാര്‍ഗം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി പ്രദേശത്ത് മറ്റൊരു യുദ്ധം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറഞ്ഞു.

സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്കയില്‍ ഇന്ത്യ ഉള്‍പ്പെടെ സ്വീഡന്‍, സെര്‍ബിയ, പോളണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ പൗരന്മാരോട് ഇറാന്‍ വിട്ടുപോകാന്‍ യാത്രാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.