ഗാസയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ യു എസിന് പദ്ധതി; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട്

ഗാസയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ യു എസിന് പദ്ധതി; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട്


വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം പരിഗണിക്കുന്ന പദ്ധതി പ്രകാരം ഗാസയിലെ മുഴുവന്‍ ജനങ്ങളെയും മാറ്റിപ്പാര്‍പ്പിക്കുമെന്നും പാലസ്തീന്‍ പ്രദേശത്തിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

2023ലെ ഹമാസ് ആക്രമണത്തെത്തുടര്‍ന്ന് ഇസ്രായേലിന്റെ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ എന്‍ക്ലേവ് കുറഞ്ഞത് 10 വര്‍ഷത്തേക്ക് അമേരിക്കയുടെ ഭരണത്തിന്‍ കീഴിലുള്ള ട്രസ്റ്റിഷിപ്പായി മാറ്റുമെന്ന് പത്രം പറഞ്ഞു.

'മിഡില്‍ ഈസ്റ്റിന്റെ റിവിയേര' (കടലിനോടു ചേര്‍ന്ന സുഖവാസ സ്ഥലം) ആക്കുക എന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാഴ്ചപ്പാടിനെ മാതൃകയാക്കിയുള്ള പദ്ധതിയുടെ മറ്റൊരു ലക്ഷ്യം പാലസ്തീനികള്‍ ഭാവിയിലെ ഒരു രാജ്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ഭൂമിയായ ഗാസയെ ടൂറിസം റിസോര്‍ട്ടും ഹൈടെക് ഹബ്ബുമായി മാറ്റുക എന്നതാണ്. ഈ സംരംഭത്തിന്റെ രൂപരേഖ സമര്‍ഥിക്കുന്ന 38 പേജുള്ള പ്രോസ്പെക്ടസ് കണ്ടതായി പോസ്റ്റ് പറഞ്ഞു.

ഗാസയിലെ രണ്ട് ദശലക്ഷം വരുന്ന മുഴുവന്‍ ജനസംഖ്യയെയും താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്നു, പുനര്‍നിര്‍മ്മാണ സമയത്ത് മറ്റൊരു രാജ്യത്തേക്ക് 'സ്വമേധയാ' പോകുകയോ എന്‍ക്ലേവിനുള്ളിലെ നിയന്ത്രിതവും സുരക്ഷിതവുമായ മേഖലകളിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറഞ്ഞു.

സ്വന്തമായി ഭൂമിയുള്ള ഗാസ നിവാസികള്‍ക്ക് അവരുടെ സ്വത്ത് വികസിപ്പിക്കുന്ന അവകാശത്തിന് പകരമായി ട്രസ്റ്റ് ഒരു ഡിജിറ്റല്‍ ടോക്കണ്‍ നല്‍കും. പദ്ധതി പ്രകാരം സ്വീകര്‍ത്താക്കള്‍ക്ക് മറ്റെവിടെയെങ്കിലും പുതിയ ജീവിതം ആരംഭിക്കാന്‍ ഈ ടോക്കണ്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ ഒടുവില്‍ ഗാസയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ആറ് മുതല്‍ എട്ട് വരെ പുതിയ 'എഐ പവര്‍ഡ്, സ്മാര്‍ട്ട് സിറ്റികളില്‍' ഒന്നില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിനായി അത് ഉപയോഗിക്കുകയുമാകാം. 

യുദ്ധാനന്തര ഗാസയെക്കുറിച്ചുള്ള ട്രസ്റ്റിന്റെ ആസൂത്രണവും ഭരണപരമായ ചര്‍ച്ചകളും അറിയുന്നവരെ വാഷിംഗ്ടണ്‍ പോസ്റ്റ് ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് എ എഫ് പി നല്‍കിയ അഭ്യര്‍ഥനകളോട് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മറുപടി നല്‍കിയില്ല.

ഈ വര്‍ഷം ആദ്യം അമേരിക്ക ഗാസ മുനമ്പിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്നും അതിലെ എല്ലാ ആളുകളെയും പുറത്താക്കണമെന്നും കടല്‍ത്തീര റിയല്‍ എസ്റ്റേറ്റ് നിര്‍മ്മിക്കണമെന്നും നിര്‍ദ്ദേശിച്ച് ട്രംപ് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ നിര്‍ദ്ദേശത്തെ പ്രശംസിച്ചെങ്കിലും നിരവധി യൂറോപ്യന്‍, അറബ് രാജ്യങ്ങള്‍ നിശിതമായി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. 

ഗാസയ്ക്കുള്ള യുദ്ധാനന്തര പദ്ധതികളെക്കുറിച്ച് കഴിഞ്ഞ ആഴ്ച ട്രംപ് ഒരു യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എന്നാല്‍ വൈറ്റ് ഹൗസ് പിന്നീട് കുറിപ്പ് പുറത്തിറക്കുകയോ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുകയോ ചെയ്തില്ല.

ഇപ്പോള്‍ പരിഗണിക്കുന്ന പദ്ധതി പ്രകാരം ഗാസയെ ഭരിക്കുന്ന സംഘടനയെ ഗാസ റീകണ്‍സ്റ്റിറ്റിയൂഷന്‍, ഇക്കണോമിക് ആക്‌സിലറേഷന്‍ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ട്രസ്റ്റ് അല്ലെങ്കില്‍ ഗ്രേറ്റ് ട്രസ്റ്റ് എന്ന് വിളിക്കുമെന്ന് പോസ്റ്റ് പറഞ്ഞു.

സഹായ ഗ്രൂപ്പുകളില്‍ നിന്നും ഐക്യരാഷ്ട്രസഭയില്‍ നിന്നുമുള്ള നിരവധി വിമര്‍ശനങ്ങള്‍ക്കിടയിലും എന്‍ക്ലേവിനുള്ളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന യു എസ് ഇസ്രായേല്‍ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജി എച്ച് എഫ്) സൃഷ്ടിച്ച അതേ ഇസ്രായേലികളില്‍ ചിലരാണ് ഈ നിര്‍ദ്ദേശം വികസിപ്പിച്ചെടുത്തതെന്ന് പോസ്റ്റ് പറഞ്ഞു.

ജൂലൈ 22ന്, ജിഎച്ച്എഫ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനുശേഷം ഗാസയില്‍ ഭക്ഷ്യസഹായം ലഭിക്കാന്‍ ശ്രമിച്ച ആയിരത്തിലധികം പാലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതായി യു എന്‍ അവകാശ ഓഫീസ് പറഞ്ഞു. അവരില്‍ മുക്കാല്‍ ഭാഗവും ജിഎച്ച്എഫ് സൈറ്റുകളുടെ പരിസരത്താണ്.