അദാനിക്കെതിരായ വഞ്ചന, തട്ടിപ്പ് കേസുകൾ യു.എസ് പിൻവലിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

അദാനിക്കെതിരായ വഞ്ചന, തട്ടിപ്പ് കേസുകൾ യു.എസ് പിൻവലിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്


ന്യൂയോർക്ക്: ഇന്ത്യൻ ശതകോടീശ്വരനായ ​ഗൗതം അദാനി, അനന്തിരവൻ സാ​ഗർ അദാനി എന്നിവർക്കെതിരേയുള്ള കൈക്കൂലി, തട്ടിപ്പ്, വഞ്ചനാകേസുകൾ പിൻവലിക്കാൻ യു.എസ് നീതിന്യായ വകുപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസാണ് ഈ വാർത്ത പുറത്തുവിട്ടത്. ഈ ആഴ്ച തന്നെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. 
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യ അഭിഭാഷകരിലൊരാളായ റോബർട്ട്.ജെ.​ഗിയുഫ്ര ജൂനിയറിനെ അദാനി കേസ് വാദിക്കാൻ ഏൽപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം നടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസ് പിൻവലിക്കുകയാണെങ്കിൽ അമേരിക്കൻ സമ്പദ് വ്യവസ്ഥയിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാനും 15,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അദാനി തയ്യാറാണെന്ന് അഭിഭാഷകൻ നീതിന്യായ വകുപ്പിന്റെ യോ​ഗത്തിൽ അറിയിച്ചു. കേസിൽ അടിസ്ഥാന തെളിവുകളില്ലെന്നും അധികാര പരിധിയില്ലാത്തതിന്റെയും 100ഓളം സ്ലൈഡുകൾ വിശദീകരിച്ചാണ് ​ഗിയുഫ്ര വാദം നിരത്തിയത്. എന്നാൽ, നിക്ഷേപം കേസിനെ ബാധിക്കില്ലെന്ന് പ്രോസിക്യൂട്ടർമാരിൽ ചിലർ വ്യക്തമാക്കി. അതേസമയം, പ്രോസിക്യൂട്ടർമാരിൽ ചിലർ അനുകൂല സമീപനം സ്വീകരിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 
ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ പദ്ധതിക്കായി ഇന്ത്യയിലെ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നും ഇത് മറച്ചുവച്ച് പദ്ധതിയുടെ പേരിൽ യു.എസിലെ നിക്ഷേപകരുടെ ഇടയിൽ തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്. ഇത് കൂടാതെ, അദാനിക്കെതിരേ 2024ൽ യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ ചുമത്തിയ മറ്റൊരു കേസുമുണ്ട്. ഇവയെല്ലാം പിൻവലിക്കാനാണ് നീക്കം.