വാഷിംഗ്ടണ്‍: സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ താവളങ്ങള്‍ ലക്ഷ്യമാക്കി യുഎസും സഖ്യസേനകളും വന്‍തോതില്‍ വ്യോമാക്രമണം നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) അറിയിച്ചു. ഡിസംബര്‍ 13ന് സിറിയയില്‍ യുഎസ് സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായാണ് 'ഓപ്പറേഷന്‍ ഹോക്ക്‌ഐ സ്‌െ്രെടക്ക്' എന്ന പേരിലുള്ള നടപടി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരം ശനിയാഴ്ച നടപ്പാക്കിയത്.
ഭീകരവാദം ചെറുക്കാനും മേഖലയില്‍ യുഎസിനും സഖ്യസേനകള്‍ക്കും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് സെന്റ്‌കോമിന്റെ വിശദീകരണം. 'ഞങ്ങളുടെ സൈനികരെ ആക്രമിക്കുന്നവരെ ലോകത്തിന്റെ ഏത് കോണിലിരുന്നാലും കണ്ടെത്തി ഇല്ലാതാക്കും. നീതി ഒഴിവാക്കാന്‍ ആരെയും അനുവദിക്കില്ല,' സെന്റ്‌കോം എക്‌സില്‍ കുറിച്ചു.
സി.ബി.എസ് ന്യൂസിനെ ഉദ്ധരിച്ച് പുറത്തുവന്ന വിവരമനുസരിച്ച് 20ലേറെ യുദ്ധവിമാനങ്ങള്‍ പങ്കെടുത്ത ആക്രമണത്തില്‍ 35ലേറെ ലക്ഷ്യങ്ങളിലേക്കായി 90ലധികം കൃത്യനിര്‍ണിത ആയുധങ്ങള്‍ പ്രയോഗിച്ചു(precision munitiosn). എഫ്15E, A10, എസി130ജെ, എംക്യൂ9 ഡ്രോണുകള്‍, ജോര്‍ദാന്റെ എഫ്16 വിമാനങ്ങള്‍ എന്നിവ ഓപ്പറേഷനില്‍ പങ്കെടുത്തു. ആക്രമണം നടന്ന പ്രദേശങ്ങളും ഭീകരസംഘത്തിനുണ്ടായ നഷ്ടങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
'ഞങ്ങള്‍ മറക്കില്ല, പിന്മാറുകയുമില്ല,' പ്രതിരോധമന്ത്രി പീറ്റ് ഹെഗ്‌സെത്ത് എക്‌സില്‍ പ്രതികരിച്ചു. ഡിസംബറില്‍ പാല്‍മൈറയില്‍ നടന്ന ഐഎസ് ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികരും ഒരു യുഎസ് പൗരനായ വിവര്‍ത്തകനും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 'ഹോക്ക്‌ഐ സ്‌െ്രെടക്ക്' ആരംഭിച്ചത്. 'ഇത് യുദ്ധത്തിന്റെ തുടക്കമല്ല, പ്രതികാരത്തിന്റെ പ്രഖ്യാപനമാണ്,' ഹെഗ്‌സെത്ത് അന്ന് വ്യക്തമാക്കിയിരുന്നു.
ഡിസംബര്‍ 20 മുതല്‍ 29 വരെ നടത്തിയ 11 ദൗത്യങ്ങളില്‍ 25ലേറെ ഐഎസ് അംഗങ്ങളെ വധിക്കുകയോ പിടികൂടുകയോ ചെയ്തതായും സെന്റ്‌കോം അറിയിച്ചു. ആദ്യ ദൗത്യമായ ഡിസംബര്‍ 19ന് യുഎസും ജോര്‍ദാനും ചേര്‍ന്ന് കേന്ദ്ര സിറിയയിലെ വിവിധ കേന്ദ്രങ്ങളിലായി 70ലേറെ ഐഎസ് ലക്ഷ്യങ്ങളില്‍ 100ലേറെ കൃത്യനിര്‍ണിത ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഐഎസിന്റെ ആയുധശേഖരങ്ങളും അടിസ്ഥാനസൗകര്യങ്ങളും തകര്‍ക്കുകയായിരുന്നു അന്നത്തെ ലക്ഷ്യമെന്ന് സെന്റ്‌കോം വ്യക്തമാക്കി.
സിറിയയില്‍ യുഎസ്-സഖ്യസേനയുടെ വന്‍ വ്യോമാക്രമണം; ഐഎസ് കേന്ദ്രങ്ങള്‍ തകര്‍ത്തു
