ടോക്യോ: ജപ്പാനിലെ ഒകിനാവയിൽ ഹോട്ടലിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുഎസ് മറൈൻ സൈനികനെ കൊലപാതകവും കവർച്ചയും സംശയിച്ച് അറസ്റ്റ് ചെയ്തു. ഒകിനാവ പ്രിഫെക്ചറിലെ നഹ നഗരത്തിലെ ഹോട്ടലിലാണ് 39കാരിയായ യാഗി അന്നയെ ശനിയാഴ്ച പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ 20കാരനായ മറൈൻ ലാൻസ് കോർപറൽ ഡെവിൻ ജേക്കബ് ബാലാർഡിനെയാണ് അറസ്റ്റ് ചെയ്തതെന്ന് ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അന്നയുടെ കഴുത്തിൽ സമ്മർദമേറ്റതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഹോട്ടലിലെ സുരക്ഷാ ക്യാമറ ദൃശ്യങ്ങളിൽ വിദേശിയെന്ന് തോന്നിക്കുന്ന ഒരാൾ യുവതിക്കൊപ്പം എത്തുകയും പിന്നീട് അവരുടെ സാധനങ്ങളുമായി പുറത്തുപോകുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങളിലെ വ്യക്തിയുടെ മുടിയും ടാറ്റൂകളും ബാലാർഡിന്റേതുമായി സാമ്യമുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ആരോപണം ബാലാർഡ് നിഷേധിച്ചെന്നുമാണ് വിവരം.
സംഭവത്തിൽ ജപ്പാൻ സർക്കാർ യുഎസിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യുഎസ് സൈനികർക്ക് അച്ചടക്കം ഉറപ്പാക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജപ്പാൻ ആവശ്യപ്പെട്ടു. അന്വേഷണവുമായി പൂർണമായി സഹകരിക്കുകയാണെന്ന് യുഎസ് മറൈൻ കോർപ്സും ടോക്യോയിലെ യുഎസ് എംബസിയും അറിയിച്ചു. പതിനായിരക്കണക്കിന് യുഎസ് സൈനികർ താവളങ്ങളുള്ള ഒകിനാവയിൽ സംഭവം വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയത്.
ജപ്പാനിൽ യുവതിയുടെ മരണം; കൊലപാതകക്കുറ്റം ചുമത്തി യുഎസ് മറൈൻ അറസ്റ്റിൽ
