വാഷിങ്ടൺ: അധീന വെസ്റ്റ് ബാങ്ക് സന്ദർശനത്തിനിടെ ആയുധധാരികളായ ഇസ്രയേൽ കുടിയേറ്റക്കാർ തനെയും സംഘത്തെയും തടഞ്ഞുവെച്ചതായി ഇന്ത്യൻ വംശജനായ അമേരിക്കൻ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം റോ ഖന്ന ആരോപിച്ചു. വെസ്റ്റ് ബാങ്കിലെ ഖിർബത്ത് സനൂത ഗ്രാമം സന്ദർശിക്കവെയാണ് സംഭവം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
കുടിയേറ്റക്കാരുടെ ആക്രമണത്തെ തുടർന്ന് ഒഴിഞ്ഞുപോകേണ്ടിവന്ന ഗ്രാമവാസികളുടെ സ്ഥിതി നേരിൽ വിലയിരുത്താനായിരുന്നു സന്ദർശനം. ഗ്രാമത്തിലെ സ്‌കൂളും നിരവധി കെട്ടിടങ്ങളും തകർക്കപ്പെട്ട നിലയിലായിരുന്നുവെന്ന് ഖന്ന പറഞ്ഞു.
സന്ദർശനത്തിനിടെ അമേരിക്കൻ നിർമിത എം4 റൈഫിളുകളുമായി എത്തിയ ആയുധധാരികളായ കുടിയേറ്റക്കാർ സംഘത്തിന്റെ വാഹനം തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. തുടർന്ന് അവർ ഇസ്രയേൽ സൈന്യത്തെ (ഐ.ഡി.എഫ്.) വിളിച്ചുവരുത്തിയെന്നും, സൈന്യം അമേരിക്കൻ പൗരന്മാർക്കല്ല മറിച്ച് കുടിയേറ്റക്കാർക്കൊപ്പമാണ് നിന്നതെന്നും ഖന്ന വിമർശിച്ചു.
ഒരു മണിക്കൂറിലേറെ നേരം സംഘം അവിടെ കുടുങ്ങിക്കിടന്നു. പിന്നീട് എത്തിയ ഇസ്രയേൽ പൊലീസ് ഉദ്യോഗസ്ഥരാണ് ഇവരെ പോകാൻ അനുവദിച്ചതെന്ന്
ഖന്നയ്‌ക്കൊപ്പമുണ്ടായിരുന്ന സഹായി കാമറൺ കാസ്‌കി പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ തന്റെ നിലപാട് കൂടുതൽ ശക്തമായതായി ഖന്ന പറഞ്ഞു. ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെയും വെസ്റ്റ് ബാങ്കിലെ പലസ്തീൻ ജനതയുടെ അവസ്ഥയെയും കുറിച്ച് മൗനം പാലിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഗാസയിൽ വംശഹത്യ നടക്കുകയാണെന്നും വെസ്റ്റ് ബാങ്കിൽ വർണവിവേചന ഭരണമാണ് നിലനിൽക്കുന്നതെന്നുമുള്ള ആരോപണങ്ങൾ ഇസ്രയേൽ വീണ്ടും തള്ളി.
2028ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും വെസ്റ്റ് ബാങ്ക് സന്ദർശനം ആ തീരുമാനത്തിന് കൂടുതൽ പ്രചോദനമായെന്നും റോ ഖന്ന പറഞ്ഞു.
അമേരിക്കയിൽ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, ഇസ്രയേലിന് നൽകുന്ന വാർഷിക സൈനിക സഹായത്തിന് വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്ന ആവശ്യവും പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ശക്തമാക്കുന്നുണ്ട്.
വെസ്റ്റ് ബാങ്ക് സന്ദർശനത്തിനിടെ ഇസ്രയേൽ കുടിയേറ്റക്കാർ തടഞ്ഞുവെച്ചെന്ന് ഇന്ത്യൻ വംശജനായ യുഎസ് എംപി റോ ഖന്ന
