ബർഗൻസ്റ്റോക്ക്: പശ്ചിമേഷ്യയിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിന് യു.എസ്- ഇറാൻ സമാധാന കരാർ അന്തിമമാക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചു. ഖത്തർ, പാകിസ്ഥാൻ എന്നി രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചർച്ച നടക്കുന്നത്. ലെബനനിൽ ഉണ്ടായ പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ സമ്മർദ്ദം ചെലുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇടയ്ക്ക് നിലച്ചുപോയ മധ്യസ്ഥശ്രമങ്ങൾ വീണ്ടും സജീവമായത്.
ലെബനനിൽ സ്ഥിരമായ വെടിനിർത്തൽ, വിദേശത്ത് മരവിപ്പിച്ച ഇറാനിയൻ ആസ്തികളുടെ വിട്ടയയ്ക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിലാണ് ഇറാൻ, അമേരക്ക, ഖത്തർ എന്നി രാജ്യങ്ങളിലെ പ്രതിനിധികൾ സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ യോഗം ചേർന്നിരിക്കുന്നതെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ചർച്ചകൾ ഔദ്യോഗികമായി ആരംഭിച്ചതായും ദോഹയും ഇസ്ലാമാബാദും മധ്യസ്ഥരായി പ്രവർത്തിക്കുന്നതായും ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
സമാധാന കരാറിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ വശങ്ങളെയും അഭിസംബോധന ചെയ്യുകയും സമഗ്രവും സുസ്ഥിരവുമായ ഒരു കരാർ അന്തിമ രൂപത്തിലാക്കാൻ ഈ കൂടിക്കാഴ്ചകൾ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ലെബനനിലെ യുദ്ധം അവസാനിപ്പിക്കാതെ അന്തിമ കരാറുണ്ടാക്കൽ അസാധ്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
ഇറാനിൽ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെത്തുടർന്ന് മാസങ്ങളായി നിലനിന്ന സംഘർഷം അവസാനിപ്പിക്കുകയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ചെയ്തതിനെത്തുടർന്ന് ജൂണിൽ ആദ്യം ഒപ്പുവച്ച മെമ്മോറാണ്ടത്തിന് ശേഷമുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. അതിനുശേഷം ലെബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ വീണ്ടും ആരംഭിച്ച പോരാട്ടം അവസാനിപ്പിക്കാനും ചർച്ചകളിൽ ആവശ്യമുയർന്നിട്ടുണ്ട്.
ഖത്തറിന്റെ സമ്മർദ്ദം; യു.എസ്- ഇറാൻ ശാശ്വത കരാറിനുള്ള ചർച്ചകൾ സ്വിറ്റ്സർലൻഡിൽ ആരംഭിച്ചു
