അങ്കാറ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ കരാർ ഇനി നിലവിലില്ലെന്ന് പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം രൂക്ഷമാകുന്നു. 2026 നാറ്റോ ഉച്ചകോടിയിൽ വേദിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇറാനുമായുള്ള ചർച്ചകൾ "സമയനഷ്‌ടം" മാത്രമാണെന്നും താൻ ഇനി ഇറാനുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയത്.
നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയ്‌ക്കൊപ്പമുള്ള വാർത്താസമ്മേളനത്തിൽ വെടിനിർത്തൽ കരാർ അവസാനിച്ചോ എന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഈ പ്രതികരണം നടത്തിയത്. ഇറാൻ ഭരണകൂടത്തിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച ട്രംപ്, അവിടുത്തെ നേതൃത്വത്തെയും ശക്തമായി കുറ്റപ്പെടുത്തി. എന്നാൽ, പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍ ആരോപിച്ചു. വാഷിംഗ്ടണ്‍ മുന്‍പ് ഒപ്പുവെച്ച കരാറുകള്‍ ലംഘിച്ചതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ട്രംപിൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെ അമേരിക്ക ഇറാനെതിരെ പുതിയ സൈനിക ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് പുറത്തിറക്കിയ പ്രസ്‌താവനയിൽ, ഇറാൻ്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രങ്ങൾ, തീരദേശ റഡാർ സംവിധാനങ്ങൾ, കപ്പൽവിരുദ്ധ മിസൈൽ ശേഷികൾ, കൂടാതെഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ൻ്റെ 60-ലധികം ചെറു ബോട്ടുകൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അറിയിച്ചു.
അന്താരാഷ്ട്ര വ്യാപാരക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടി സ്വീകരിച്ചതെന്നും അമേരിക്ക വ്യക്തമാക്കി. മാർഷൽ ദ്വീപുകളുടെ പതാകയുള്ള എം/ടി അൽ റെകയ്യാത്ത്, സൗദി അറേബ്യയുടെ പതാകയുള്ള എം/ടി വെഡ്യാൻ, ലൈബീരിയൻ പതാകയുള്ള എം/ടി സൈപ്രസ് പ്രോസ്പെരിറ്റി എന്നീ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ആരോപണവും അമേരിക്ക ഉന്നയിച്ചു.
അതേസമയം, മൂന്ന് ടാങ്കറുകൾക്ക് നേരെ ആക്രമണം നടന്ന് മണിക്കൂറുകൾക്കകം, ഇറാനിയൻ എണ്ണ വിൽക്കാൻ അനുമതി നൽകുന്ന ലൈസൻസ് അമേരിക്ക റദ്ദാക്കി. പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള താത്കാലിക കരാറിൻ്റെ ഭാഗമായാണ് ഈ ലൈസൻസ് നൽകിയിരുന്നത്. കടലിടുക്കിലെ ഇറാൻ്റെ നടപടികൾ അംഗീകരിക്കാനാകില്ലെന്നും ഇതിന് പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പേരു വെളിപ്പെടുത്താത്ത ഒരു യുഎസ് ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസിഡനോട് പറഞ്ഞു. എന്നാൽ അമേരിക്കയുടെ നടപടിയെ അപലപിച്ച ഇറാൻ വിദേശകാര്യ മന്ത്രാലയം, ഇത് താത്കാലിക കരാറിൻ്റെ ലംഘനമാണെന്നും പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം യുഎസ് സർക്കാരിനാണെന്നും പ്രതികരിച്ചു. അമേരിക്കയുടെ പുതിയ ആക്രമണങ്ങൾ കരാർ ലംഘനമാണെന്ന് ഇറാൻ ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദിയും എക്സിൽ കുറിച്ചു.
വെടിനിർത്തൽ അവസാനിച്ചെന്ന് ട്രംപ്; അമേരിക്ക-ഇറാൻ സംഘർഷം വീണ്ടും കത്തുന്നു, കാരണക്കാര്‍ അമേരിക്കയെന്ന് ഇറാന്‍
