യു എസ്- ഇറാന്‍ ധാരണയ്ക്ക് സാധ്യത; ഇസ്രായേല്‍- ഹിസ്ബുല്ല യുദ്ധം അവസാനിപ്പിക്കും

യു എസ്- ഇറാന്‍ ധാരണയ്ക്ക് സാധ്യത; ഇസ്രായേല്‍- ഹിസ്ബുല്ല യുദ്ധം അവസാനിപ്പിക്കും


വാഷിങ്ടണ്‍: ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ണായക വ്യവസ്ഥകളോടെ അമേരിക്കയും ഇറാനും തമ്മില്‍ പുതിയ ധാരണാപത്രം രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. 60 ദിവസത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നതും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ഉള്‍പ്പെടുന്ന കരാറിനാണ് ഇരുരാജ്യങ്ങളും അടുത്തെത്തിയിരിക്കുന്നതെന്ന് ആക്സിയോസ് ന്യൂസ് പോര്‍ട്ടല്‍ അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

കരാര്‍ പ്രകാരം ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് ടോള്‍ ഈടാക്കാതെ സഞ്ചരിക്കാനാകും. കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ നീക്കം ചെയ്യാനും തെഹ്‌റാന്‍ തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്. പകരം ഇറാനിയന്‍ തുറമുഖങ്ങളിലേയ്ക്കുള്ള അമേരിക്കന്‍ ഉപരോധത്തിന് ഇളവ് അനുവദിക്കുകയും ഇറാനെ സ്വതന്ത്രമായി എണ്ണ വില്‍ക്കാന്‍ അനുവദിക്കുന്നതിന് ചില ഉപരോധങ്ങളില്‍ ഇളവ് നല്‍കുകയും ചെയ്യുമെന്നാണ് സൂചന.

ഇറാന്റെ ആണവ പദ്ധതിയെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കരാറിന്റെ ഭാഗമാകും. ഉയര്‍ന്ന തോതില്‍ സമ്പുഷ്ടമാക്കിയ യുറേനിയം ശേഖരം ഉപേക്ഷിക്കുന്നതും യുറേനിയം സമ്പുഷ്ടീകരണ പദ്ധതി നിര്‍ത്തിവയ്ക്കുന്നതും സംബന്ധിച്ച് ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രാജ്യത്തിനുള്ളിലെ യുറേനിയം ശേഖരം വിദേശത്തേക്ക് കൈമാറാന്‍ സമ്മതിച്ചിട്ടില്ലെന്ന് പിന്നീട് ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് വ്യക്തമാക്കി.

ആണവ വിഷയം അന്തിമ കരാറിലേക്കുള്ള ചര്‍ച്ചകളുടെ ഭാഗമാണെന്നും നിലവിലെ ധാരണയില്‍ അതില്ലെന്നും ഉയര്‍ന്ന തോതില്‍ സമ്പുഷ്ടമാക്കിയ യുറേനിയം പുറത്തേക്ക് അയക്കുന്നതിലും ധാരണയായിട്ടില്ലെന്നുമായിരുന്നു ഇറാനിയന്‍ വൃത്തങ്ങളുടെ പ്രതികരണം.

അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല മൊജ്തബ ഖംനേയി ആയുധ നിലവാരത്തിന് അടുത്ത യുറേനിയം വിദേശത്തേക്ക് അയക്കരുതെന്ന് നിര്‍ദേശം നല്‍കിയതായും കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇസ്രയേലിനെ നശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഇറാന്റെ കൈവശം 400 കിലോഗ്രാമിലധികം ഉയര്‍ന്ന തോതില്‍ സമ്പുഷ്ടമാക്കിയ യുറേനിയം ഉണ്ടെന്നും ഇത് കൂടുതല്‍ സമ്പുഷ്ടമാക്കിയാല്‍ 11 ആണവ ബോംബുകള്‍ നിര്‍മിക്കാനാകുമെന്നുമാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥരുടെ അവകാശവാദം.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ചതോടെയാണ് മേഖലയിലെ സംഘര്‍ഷം ശക്തമായത്. ഇറാന്റെ ആണവ- ബാലിസ്റ്റിക് മിസൈല്‍ ശേഷി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം. മറുപടിയായി ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഇറാന്‍ അനുകൂല ഗ്രൂപ്പുകളായ ഇറാഖിലെയും ലെബനനിലെയും സായുധസംഘങ്ങളും ആക്രമണം ശക്തമാക്കിയിരുന്നു. ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇസ്രയേല്‍ ലെബനനില്‍ വ്യാപക വ്യോമാക്രമണവും നടത്തി.

ലോകത്തിലെ ഏകദേശം അഞ്ചിലൊന്ന് എണ്ണ ഗതാഗതം നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഉപരോധിച്ചതോടെ ആഗോള സമ്പദ്വ്യവസ്ഥയില്‍ വലിയ ആശങ്ക ഉയര്‍ന്നിരുന്നു. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍നിന്ന് ഇറാന്‍ ടോള്‍ ഈടാക്കുകയും ചില കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി ഇറാനിയന്‍ കപ്പലുകള്‍ക്കും തുറമുഖങ്ങള്‍ക്കുമെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി.

കരാര്‍ നടപ്പായാല്‍ അമേരിക്കന്‍ സേനയുടെ ഒരു വിഭാഗം മേഖലയില്‍നിന്ന് പിന്‍മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അന്തിമ ധാരണയിലെത്തിയ ശേഷമേ പൂര്‍ണ പിന്‍മാറ്റമുണ്ടാകൂ.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശനിയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഹിസ്ബുല്ലയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളില്‍ നെതന്യാഹു ആശങ്ക അറിയിച്ചതായാണ് വിവരം. എന്നാല്‍ ഇത് ഏകപക്ഷീയ വെടിനിര്‍ത്തല്‍ അല്ലെന്നും ഹിസ്ബുല്ല വീണ്ടും ആക്രമണം നടത്തിയാല്‍ ഇസ്രയേലിന് തിരിച്ചടി നല്‍കാനുള്ള അവകാശം നിലനില്‍ക്കുമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സൗദി അറേബ്യ, ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി, പാകിസ്ഥാന്‍ എന്നിവ ഉള്‍പ്പെടെയുള്ള രാജ്യ നേതാക്കളുമായി ട്രംപ് ചര്‍ച്ച നടത്തിയതായും എല്ലാവരും സമാധാന നീക്കത്തെ പിന്തുണച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ് ട്രംപിന്റെ സമാധാന ശ്രമങ്ങളെ അഭിനന്ദിക്കുകയും പ്രദേശത്ത് ദീര്‍ഘകാല സമാധാനം സ്ഥാപിക്കാന്‍ പാകിസ്ഥാന്‍ ശ്രമം തുടരുമെന്ന് അറിയിക്കുകയും ചെയ്തു.