ആണവായുധം വികസിപ്പിക്കാന്‍ സൗദി അറേബ്യയ്ക്ക് ഇപ്പോഴും താത്പര്യമെന്ന് യു എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ആണവായുധം വികസിപ്പിക്കാന്‍ സൗദി അറേബ്യയ്ക്ക് ഇപ്പോഴും താത്പര്യമെന്ന് യു എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്


വാഷിംഗ്്ടണ്‍: ആണവായുധം വികസിപ്പിക്കാനുള്ള സാധ്യത സൗദി അറേബ്യ തള്ളിക്കളഞ്ഞിട്ടില്ലെന്ന് യു എസ് രഹസ്യാന്വേഷണ വിഭാഗം കോണ്‍ഗ്രസിന് സമര്‍പ്പിച്ച രഹസ്യരേഖകളില്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ട്. വാഷിംഗ്്ടണ്‍ പോസ്റ്റ് ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

സൗദി അറേബ്യയുടെ സിവിലിയന്‍ ആണവ പദ്ധതിക്കായി യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ശേഷി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈയില്‍ യു എസും സൗദിയും ധാരണയിലെത്തിയിരുന്നു. സാധാരണ നിലയില്‍ ബാധകമായതിനെക്കാള്‍ കുറഞ്ഞ സുരക്ഷാ മാനദണ്ഡങ്ങളോടെയുള്ള ഈ ധാരണയെ വിദഗ്ധര്‍ ആശങ്കയോടെയാണ് കാണുന്നത്.

സൗദിക്ക് യുറേനിയം സമ്പുഷ്ടീകരണ ശേഷി ലഭിക്കുന്നത് ഭാവിയില്‍ ആണവായുധ വികസനത്തിലേക്ക് തിരിയാന്‍ വഴിയൊരുക്കുമെന്ന ആശങ്ക യു എസ് കോണ്‍ഗ്രസിലെ ഇരുപാര്‍ട്ടികളിലെയും ചില അംഗങ്ങളും ഇസ്രായേല്‍ ഉദ്യോഗസ്ഥരും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യു എസ് നിയമനിര്‍മാണ സഭ ധാരണ നടപ്പാക്കുന്നത് തടയാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, സൗദി അറേബ്യ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള അബ്രഹാം കരാറുകളില്‍ ചേരുകയും ഇസ്രായേലുമായി സൗഹൃദബന്ധം സ്ഥാപിക്കുകയും ചെയ്യുന്നതുവരെ ധാരണ പ്രാബല്യത്തില്‍ വരില്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

രഹസ്യരേഖകളില്‍ സൗദി അറേബ്യ ആണവായുധം വികസിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ സാധ്യത സംബന്ധിച്ച ആശങ്കകള്‍ പ്രകടിപ്പിച്ചുകൊണ്ട് മസാച്യുസെറ്റ്‌സില്‍ നിന്നുള്ള സെനറ്റര്‍ എഡ് മാര്‍ക്കിയും ഒറിഗണില്‍ നിന്നുള്ള ജെഫ് മെര്‍ക്ക്‌ലിയും ഉള്‍പ്പെടെയുള്ള ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്ക് കത്തയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആണവായുധം വികസിപ്പിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ ആഭ്യന്തരമായി യുറേനിയം സമ്പുഷ്ടീകരണവും പുനഃസംസ്‌കരണ ശേഷിയും നിലനിര്‍ത്തേണ്ട ആവശ്യമില്ലെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐ എ ഇ എ) കര്‍ശന പരിശോധനകള്‍ അംഗീകരിക്കണമെന്നും മെര്‍ക്ക്‌ലി പറഞ്ഞു.

വര്‍ഷങ്ങളായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ജൂലൈയില്‍ ഒപ്പുവെച്ച യു എസ്- സൗദി ആണവ ധാരണ സൗദിയില്‍ യു എസ് കമ്പനികള്‍ക്ക് ആണവ നിലയങ്ങള്‍ ഉള്‍പ്പെടെയുള്ള സിവിലിയന്‍ ആണവ സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് ഒരുക്കുന്നതാണ്.

ഇറാന്‍ ആണവായുധം വികസിപ്പിച്ചാല്‍ സൗദി അറേബ്യയും ആണവായുധം സ്വന്തമാക്കാന്‍ ശ്രമിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യു എസുമായുള്ള ചര്‍ച്ചകളിലും രാജ്യത്തിനകത്ത് യുറേനിയം സമ്പുഷ്ടീകരണം നടത്താനുള്ള ശേഷി ഉപേക്ഷിക്കാനോ ഐ എ ഇ എയുമായി കൂടുതല്‍ കര്‍ശനമായ സുരക്ഷാ കരാറില്‍ ഒപ്പുവയ്ക്കാനോ സൗദി തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.