ഹേഗ്: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരെ (ഐ സി സി) കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ അമേരിക്കയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം. ലോകത്തിന്റെ നിയമവ്യവസ്ഥയ്‌ക്കെതിരായ കടന്നാക്രമണമാണ് അമേരിക്ക നടത്തുന്നതെന്ന ആരോപണവും ഉയര്‍ന്നു.
കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അമേരിക്കക്കാരെ അന്യായമായി ലക്ഷ്യമിടുകയാണെന്നും ആരോപിച്ചാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഉപരോധങ്ങള്‍ ശക്തമാക്കുന്നത്. ഭരണകൂടത്തിന്റെ പുതിയ നടപടികള്‍ പ്രഖ്യാപിച്ച യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഐ സി സി ഭീഷണികള്‍ അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ തങ്ങള്‍ ഐ സി സിയെ തന്നെ അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.
മുന്‍ ഐ സി സി ജഡ്ജിക്ക് നൊബേല്‍ സമാധാന പുരസ്‌കാരം ലഭിച്ചതിനു പിന്നാലെയാണ് റൂബിയോ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ചത്. നീതിന്യായ നടപടികള്‍ തടസ്സപ്പെടുത്താനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ഐ സി സി ആരോപിച്ചു.
നിയമവിരുദ്ധ കോടതിയുമായുള്ള ഇടപാടുകള്‍ തങ്ങള്‍ നിരോധിക്കുമെന്നും അതിലൂടെ കോടതിയുടെ സാമ്പത്തിക സ്രോതസ്സുകള്‍ തടയുകയും തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ശേഷി ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്നും എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച വീഡിയോയില്‍ റൂബിയോ പറഞ്ഞു. അമേരിക്കയും അമേരിക്കന്‍ ജനതയും ഈ വ്യാജ കോടതിയുടെ അധികാരപരിധിക്ക് കീഴിലല്ലെന്നതാണ് തങ്ങളുടെ നിലപാടെന്നും തങ്ങള്‍ക്ക് പ്രസ്തു കോടതി ആവശ്യമില്ലെന്നും അതിനെ തങ്ങള്‍ ആഗ്രഹിക്കുന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെ നടപടി ചരിത്രം വിലയിരുത്തുമെന്നും കോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള ശ്രമമാണിതെന്നും ഐ സി സി പ്രസ്താവനയില്‍ വ്യക്തമാക്കി. നീതിന്യായ നടപടികള്‍ തടസ്സപ്പെടുത്താനും കോടതി സ്ഥാപിക്കപ്പെട്ട ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍നിന്ന് അതിനെ തടയാനുമുള്ള ശ്രമമാണിത്. നിയമവാഴ്ചയ്ക്കും അന്താരാഷ്ട്ര നിയമവ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. തങ്ങളുടെ പ്രവര്‍ത്തനം തുടരാന്‍ ആവശ്യമായ പിന്തുണ നല്‍കണമെന്ന് അംഗരാജ്യങ്ങളോട് ഐ സി സി അഭ്യര്‍ഥിച്ചു.
പുതിയ ഉപരോധങ്ങള്‍ പ്രകാരം അമേരിക്കയുടെ അധികാരപരിധിയിലുള്ള ഐ സി സിയുടെ ആസ്തികള്‍ മരവിപ്പിക്കും. കോടതിയുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ആറുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കന്‍ സര്‍ക്കാരിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി കോടതിക്ക് നടപടികള്‍ സ്വീകരിക്കാമെന്നും ചില ഇടപാടുകള്‍ക്ക് ഉപരോധത്തില്‍ ഇളവുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഐ സി സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ ട്രംപ് ഭരണകൂടം ആവര്‍ത്തിച്ച് വിമര്‍ശിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈനികര്‍ നടത്തിയ നടപടികളെക്കുറിച്ചും കോടതി അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍, ആ കേസ് പിന്നീട് അവസാനിപ്പിച്ചു.
യുദ്ധക്കുറ്റങ്ങള്‍, വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി 2002-ലാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സ്ഥാപിതമായത്.
ട്രംപ് തന്റെ ആദ്യ ഭരണകാലത്തും ഐ സി സിക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ജോ ബൈഡന്‍ ഭരണകൂടം അവ പിന്‍വലിച്ചു. എന്നാല്‍, 2025-ല്‍ വീണ്ടും അധികാരത്തിലെത്തിയ ട്രംപ്, ഇസ്രായേലിനെയും അമേരിക്കക്കാരെയും സംബന്ധിച്ച അന്വേഷണങ്ങളുടെ പേരില്‍ കോടതിക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചു. തുടര്‍ന്ന് ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമെതിരെയും ഭരണകൂടം ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ ഓഗസ്റ്റില്‍ ഐ സി സി പ്രസിഡന്റ് ടോമോകോ അകാനെയ്‌ക്കെതിരെയും അമേരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ നടപടികളും വിലയിരുത്തപ്പെടുന്നത്.
