വാഷിംഗ്ടണ്‍: 'ഉത്കണ്ഠാജനക രാജ്യങ്ങള്‍' എന്നറിയപ്പെടുന്ന 19 രാജ്യങ്ങളില്‍ നിന്ന് യു.എസിലേക്കു കുടിയേറിയ എല്ലാ ഗ്രീന്‍ കാര്‍ഡ് ഉടമകളുടെയും കേസുകള്‍ വീണ്ടും കര്‍ശനമായി പരിശോധിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ചതായി യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) ഡയറക്ടര്‍ ജോസഫ് എഡ്ലോ അറിയിച്ചു. പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം, ഈ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ വിദേശ പൗരന്മാരുടെയും ഗ്രീന്‍ കാര്‍ഡുകള്‍ 'പൂര്‍ണമായും കര്‍ശനമായും' പുനഃപരിശോധിക്കുമെന്നും, രാജ്യസുരക്ഷ പരമപ്രധാനമാണെന്നും എഡ്ലോ 'എക്സ്' പ്ലാറ്റ്ഫോമില്‍ പറഞ്ഞു. മുന്‍ ഭരണകൂടത്തിന്റെ 'അശ്രദ്ധമായ പുനരധിവസന നയങ്ങളുടെ ഭാരം അമേരിക്കന്‍ ജനങ്ങള്‍ വഹിക്കില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏത് രാജ്യങ്ങളാണ് 'ഉത്കണ്ഠാജനക' പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന ചോദ്യത്തിന്, സ്ക്രീനിംഗിലും വെറ്റിങ്ങിലും അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂണില്‍ പുറത്തിറക്കിയ പ്രസിഡന്‍ഷ്യല്‍ പ്രോക്ലമേഷന്‍ ഉള്‍പ്പെടുന്ന 19 രാജ്യങ്ങളുടെ പട്ടികയിലേക്കാണ് USCIS വിരല്‍ചൂണ്ടിയത്. അഫ്ഗാനിസ്ഥാന്, ഹൈത്തി, ഇറാന്, വെനിസ്വേല എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
വൈറ്റ് ഹൗസിനു സമീപം രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്കു നേരെയുണ്ടായ വെടിവയ്പ്പിനു പിന്നാലെയാണു തീരുമാനം. സംഭവത്തില്‍ 20 വയസ്സുള്ള സാറ ബെക്സ്ട്രം എന്ന ഗാര്‍ഡ് അംഗം മരിക്കുകയും, 24 കാരനായ ആന്‍ഡ്രൂ വോള്‍ഫ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയും ചെയ്യുകയാണ്. ട്രംപിന്റെ നിര്‍ദേശപ്രകാരം നിരവധി യു.എസ്. നഗരങ്ങളിലേക്കു ഫെഡറല്‍ സേന വിന്യസിച്ചതിന്റെ ഭാഗമായി വാഷിംഗ്ടണിലെത്തിയതായിരുന്നു അവര്‍.
ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ നല്കിയ വിവരപ്രകാരം, റഹ്മത്തുള്ള ലക്ഷന്‍വാല്‍ (29) എന്ന അഫ്ഗാന് പൗരനാണ് പ്രതി. അഫ്ഗാനിസ്ഥാനിലെ യു.എസ്. പിന്മാറ്റത്തിനു പിന്നാലെ 2021ല്‍ 'ഓപ്പറേഷന് അലൈസ് വെല്‍ക്കം' പദ്ധതിയിലൂടെ യു.എസിലേക്കു പുനരധിവസിക്കപ്പെട്ടയാളാണ് ലക്ഷന്‍വാല്‍. കഴിഞ്ഞ ഏപ്രിലിലാണ് ഇയാള്‍ക്ക് അഭയം അനുവദിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍, പ്രതിയുടെ കുടിയേറ്റ ചരിത്രവും യു.എസിലേക്കുള്ള പ്രവേശനത്തില്‍ ഉണ്ടായ വെറ്റിങ് പ്രക്രിയയും പരിശോധിക്കുകയാണെന്ന് ഡി.സി.യിലെ യു.എസ്. അറ്റോര്‍ണി ജീനിന് പിറോ വ്യക്തമാക്കി.
ആക്രമണത്തെ 'ഭീകരാക്രമണം' എന്ന് വിശേഷിപ്പിക്കുകയും, രാജ്യതലസ്ഥാനത്തേക്ക് കൂടുതല്‍ നാഷണല്‍ ഗാര്‍ഡ് സേനയെ വിന്യസിക്കുമെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ട്രംപ് അറിയിച്ചു. പിന്നാലെ, അഫ്ഗാന് പൗരന്മാരുമായി ബന്ധപ്പെട്ട എല്ലാ കുടിയേറ്റ അപേക്ഷകളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി ഭരണകൂടം പ്രഖ്യാപിച്ചു.
സംഭവത്തിന്റെ പ്രേരണ വ്യക്തമല്ലെങ്കിലും, ഇത് ലക്ഷ്യമിട്ട ആക്രമണമാണെന്ന് ഡി.സി. മേയര്‍ മ്യുരിയല്‍ ബൗസര്‍ പറഞ്ഞു. പ്രതി നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ ചോദ്യംചെയ്തതായി അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിച്ചു. എന്‍.ബി.സി. ന്യൂസിനോട് സംസാരിച്ച പ്രതിയുടെ ബന്ധു, 10 വര്‍ഷം അഫ്ഗാന് സൈന്യത്തില്‍ യു.എസ്. സ്പെഷ്യല്‍ ഫോഴ്സസിനൊപ്പം സേവനം ചെയ്ത ഇയാള്‍ 2021 സെപ്റ്റംബറില്‍ യു.എസിലെത്തിയതാണെന്നും, വാഷിംഗ്ടണ്‍ സംസ്ഥാനത്തിലെ ബെല്ലിംഗ്ഹാമില്‍ ഭാര്യയും അഞ്ച് മക്കളുമൊപ്പമാണു താമസിച്ചിരുന്നതെന്നും പറഞ്ഞു. 'താലിബാനെ നോട്ടമിട്ടവരായിരുന്നു ഞങ്ങള്‍; ഇത്തരമൊരു സംഭവം വിശ്വസിക്കാനാവുന്നില്ല' എന്നും ബന്ധു പ്രതികരിച്ചു.
സി.ഐ.എ വക്താവിന്റെ വിശദീകരണമനുസരിച്ച്, 2021ലെ പിന്മാറ്റം വരെ കന്ദഹാറില്‍ യു.എസ്. സര്‍ക്കാരുമായി സഹകരിച്ച പങ്കാളി സേനാംഗമായാണ് ലക്ഷന്‍വാല്‍ പ്രവര്‍ത്തിച്ചിരുന്നത്.
19 'ഉത്കണ്ഠാജനക' രാജ്യങ്ങളില്‍ നിന്ന് എത്തിയ ഗ്രീന്‍കാര്‍ഡ് ഉടമകളെ വീണ്ടും പരിശോധിക്കാന്‍ ഉത്തരവ്; അഫ്ഗാന് പൗരന്മാര്ക്കുള്ള എല്ലാ കുടിയേറ്റ അപേക്ഷകളും യു.എസ്. താല്‍ക്കാലികമായി നിര്‍ത്തി
