ഇറാൻ മിസൈൽ ആക്രമണം നടത്തുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി അമേരിക്ക ബ്രിട്ടന്റെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതായി ബ്രിട്ടൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച സാമൂഹ്യമാധ്യമത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഇറാനിലെ മിസൈൽ ശേഖരണ കേന്ദ്രങ്ങളും വിക്ഷേപണ സംവിധാനങ്ങളും ലക്ഷ്യമാക്കി പ്രതിരോധ ആക്രമണം നടത്തുന്നതിനായി അമേരിക്ക ആവശ്യപ്പെട്ട അനുമതി സർക്കാർ അംഗീകരിക്കുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ ബ്രിട്ടന്റെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുന്നതിൽ സ്റ്റാർമർ സർക്കാർ വൈകുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വിമർശിച്ചിരുന്നു.
ഇതിനിടെ ബ്രിട്ടൻ സൈന്യം പ്രദേശത്ത് സുരക്ഷ ശക്തമാക്കുന്നതിനായി വ്യോമ പ്രവർത്തനങ്ങളും തുടരുകയാണ്. ജോർദാൻ, ഖത്തർ, സൈപ്രസ് എന്നിവിടങ്ങളുടെയും സമീപ പ്രദേശങ്ങളുടെയും മുകളിലൂടെ ബ്രിട്ടീഷ് വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ നിരീക്ഷണവും സുരക്ഷാ ദൗത്യവും തുടരുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കൂടാതെ അധിക നിരീക്ഷണത്തിനും പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുമായി ഒരു സൈനിക ഹെലികോ്ര്രപറും പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ബ്രിട്ടന്റെ താൽപര്യങ്ങളും കൂട്ടാളി രാജ്യങ്ങളുടെ സുരക്ഷയും ഉറപ്പാക്കുകയാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇറാൻ മിസൈൽ ഭീഷണി: അമേരിക്കയ്ക്ക് ബ്രിട്ടൻ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി
