ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണയുമായി പോയ ടാങ്കറിൽ യുഎസ് സേനയുടെ പരിശോധന

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണയുമായി പോയ ടാങ്കറിൽ യുഎസ് സേനയുടെ പരിശോധന


വാഷിങ്ടൺ: ഇറാനിയൻ ക്രൂഡ് ഓയിൽ കടത്തിയെന്നാരോപിച്ച് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ എണ്ണക്കപ്പലിൽ യുഎസ് സേന കയറി പരിശോധന നടത്തി.ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ച  'എം.ടി. ഡാവിന' എന്ന കപ്പലിലാണ് രാത്രി നടത്തിയ പ്രത്യേക സമുദ്ര പരിശോധനാ നടപടിയുടെ ഭാഗമായി യുഎസ് സൈനികർ പ്രവേശിച്ചതെന്ന് യുഎസ് ഇൻഡോപസഫിക് കമാൻഡ് അറിയിച്ചു.

ഇറാനെ പിന്തുണയ്ക്കുന്ന അനധികൃത ശൃംഖലകളെ തടയുന്നതിനും ഉപരോധ ലംഘനങ്ങളിൽ ഏർപ്പെടുന്ന കപ്പലുകളെ കണ്ടെത്തുന്നതിനുമുള്ള നടപടികൾ തുടരുമെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.

2024ൽ ഇറാനിൽ നിന്ന് ചൈനയിലേക്ക് എണ്ണ എത്തിച്ചതായാണ് ആരോപണം. ഇതിനെ തുടർന്നാണ് യുഎസ് ട്രഷറി വകുപ്പ് എം.ടി. ഡാവിനയ്ക്ക് ഉപരോധം ഏർപ്പെടുത്തിയത്.

അതേസമയം, ഫെബ്രുവരി അവസാനം ആരംഭിച്ച യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ ഇറാൻ നാവിക നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. ഗൾഫ് മേഖലയെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന നിർണായക ജലപാതയായ ഹോർമുസ് കടലിടുക്ക് ആഗോള എണ്ണ വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമാണ്.

ഇതിന് പിന്നാലെ ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കാൻ അമേരിക്കയും സമുദ്ര നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധ എണ്ണക്കടത്തും ഉപരോധ ലംഘനങ്ങളും തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ പരിശോധനയെന്ന് യുഎസ് അധികൃതർ അറിയിച്ചു.