ശത്രുരാജ്യത്ത് വീണാല്‍ എങ്ങനെ രക്ഷപ്പെടും? യുഎസ് പൈലറ്റുകളുടെ രഹസ്യ പരിശീലനം വെളിപ്പെടുത്തി വിദഗ്ധര്‍

ശത്രുരാജ്യത്ത് വീണാല്‍ എങ്ങനെ രക്ഷപ്പെടും? യുഎസ് പൈലറ്റുകളുടെ രഹസ്യ പരിശീലനം വെളിപ്പെടുത്തി വിദഗ്ധര്‍


വാഷിംഗ്ടണ്‍:  ഇറാനില്‍ തകര്‍ന്ന F-15 ഫൈറ്റര്‍ ജെറ്റ് യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനായി തിരച്ചില്‍ തുടരുന്നതിനിടെ, ശത്രുരാജ്യത്ത് കുടുങ്ങിയാല്‍ എങ്ങനെ രക്ഷപ്പെടാമെന്നുള്ള യുഎസ് പൈലറ്റുകളുടെ പ്രത്യേക പരിശീലനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു.

യുഎസ് വ്യോമസേനയിലെ വിരമിച്ച ബ്രിഗേഡിയര്‍ ജനറല്‍ ഹൂസ്റ്റണ്‍ കാന്റ് വെല്‍  പറയുന്നതനുസരിച്ച്, 'സര്‍വൈവല്‍, ഇവേഷന്‍, റെസിസ്റ്റന്‍സ് ആന്‍ഡ് എസ്‌കേപ്പ്' (SERE) എന്ന പരിശീലനമാണ് ഇത്തരം സാഹചര്യങ്ങളില്‍ പൈലറ്റുകള്‍ക്ക് രക്ഷാകവചമാകുന്നത്. വിമാനം വിട്ടിറങ്ങുന്ന നിമിഷം മുതല്‍ തന്നെ പൈലറ്റുകള്‍ ചുറ്റുപാടുകള്‍ നിരീക്ഷിച്ച് സുരക്ഷിതമായ സ്ഥലങ്ങളും അപകട സാധ്യതകളും തിരിച്ചറിയാന്‍ പരിശീലിക്കപ്പെട്ടവരാണ്.

പാരഷൂട്ടില്‍ താഴേക്ക് ഇറങ്ങുമ്പോഴാണ് ഏറ്റവും നല്ല അവലോകനം സാധ്യമാകുന്നതെന്നും, നിലത്തിറങ്ങുമ്പോള്‍ തന്നെ പരിക്കുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലത്ത് എത്തിച്ചേരുമ്പോള്‍ ആദ്യം സ്വന്തം ആരോഗ്യനില വിലയിരുത്തുകയാണ് പ്രധാനമെന്നും, പിന്നീട് ശത്രുക്കളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

മരുഭൂമി പ്രദേശങ്ങളില്‍ വെള്ളം കണ്ടെത്തുക പോലുള്ള അടിസ്ഥാന ആവശ്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും, സാധ്യമായിടത്ത് രാത്രി സമയത്ത് മാത്രം നീക്കം നടത്തുന്നതാണ് സുരക്ഷിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിടിയിലാകാതിരിക്കാനായി ഒളിവ് ഏറെ പ്രധാനമാണെന്നും, രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കുന്ന തുറന്ന സ്ഥലങ്ങളിലേക്ക് നീങ്ങുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങള്‍ വിമാനം പറക്കുന്നതിന് മുമ്പ് തന്നെ പദ്ധതിയിടുന്നതാണെന്ന് യുഎസ് വ്യോമസേനയിലെ വിരമിച്ച മാസ്റ്റര്‍ സര്‍ജന്റ് സ്‌കോട്ട് ഫെയില്‍സ് വ്യക്തമാക്കി. 'കോംബാറ്റ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ' (CSAR) സംഘങ്ങള്‍ ഉടന്‍ സജ്ജമാകുകയും ഡ്രോണ്‍, ഉപഗ്രഹം, മനുഷ്യവിവരശേഖരണം എന്നിവയുടെ സഹായത്തോടെ പൈലറ്റിന്റെ സ്ഥാനം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യും.

പൈലറ്റിന്റെ സ്ഥാനം കണ്ടെത്തിയാല്‍ അതിവേഗവും സൂക്ഷ്മവുമായ നീക്കങ്ങളിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തും. പൈലറ്റിന്റെ തിരിച്ചറിയല്‍ ഉറപ്പുവരുത്തി, പരിക്കുകള്‍ പരിശോധിച്ച് സ്ഥലത്തുവെച്ചുതന്നെ ചികിത്സ നല്‍കണമോ അതിവേഗം മാറ്റിപ്പാര്‍പ്പിക്കണമോ എന്ന് തീരുമാനിക്കും.

ഇതുവരെ കാണാതായ പൈലറ്റിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെങ്കിലും, അദ്ദേഹം സുരക്ഷിതമായി രക്ഷപ്പെടുകയോ രക്ഷിക്കപ്പെടുകയോ ചെയ്യുമെന്ന പ്രതീക്ഷ തുടരുകയാണ്.