വെനിസ്വേലയുടെ എണ്ണക്കപ്പലുകള്‍ക്കെതിരെ അമേരിക്കയുടെ കടുത്ത നടപടി: മറ്റൊരു 'ഡാര്‍ക്ക് ഫ്‌ലീറ്റ്' കപ്പലിനെ പിന്തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ്

വെനിസ്വേലയുടെ എണ്ണക്കപ്പലുകള്‍ക്കെതിരെ അമേരിക്കയുടെ കടുത്ത നടപടി: മറ്റൊരു 'ഡാര്‍ക്ക് ഫ്‌ലീറ്റ്' കപ്പലിനെ പിന്തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ്


വാഷിംഗ്ടണ്‍: വെനിസ്വേലയിലെ അനധികൃത എണ്ണ വ്യാപാരത്തിനെതിരെ അമേരിക്ക കടുത്ത നിലപാട് തുടരുന്നതിനിടെ, ഉപരോധങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരു 'ഡാര്‍ക്ക് ഫ്‌ലീറ്റ്' കപ്പലിനെ യുഎസ് കോസ്റ്റ് ഗാര്‍ഡ് സജീവമായി പിന്തുടരുകയാണെന്ന് അമേരിക്കന്‍ ഉേദ്യാഗസ്ഥര്‍ അറിയിച്ചു.
 തെറ്റായ പതാക ഉയര്‍ത്തി സഞ്ചരിക്കുന്നതും കോടതി ഉത്തരവിലൂടെ പിടിച്ചെടുക്കാന്‍ അനുമതി ലഭിച്ചതുമായ കപ്പലാണിതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച വെനിസ്വേല തീരത്തിനു സമീപം ഒരു എണ്ണ ടാങ്കര്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് പുതിയ നടപടി. പത്ത് ദിവസത്തിനിടെ ഇത് രണ്ടാമത്തെ കപ്പല്‍ പിടിച്ചെടുക്കലാണ്. എന്നാല്‍ ശനിയാഴ്ച പിടിച്ചെടുത്ത ടാങ്കര്‍ യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍, ഐക്യരാഷ്ട്രസഭ തുടങ്ങിയവയുടെ ഔദ്യോഗിക ഉപരോധ പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു ഗതാഗത-ലജിസ്റ്റിക്‌സ് വിവരങ്ങള്‍ ശേഖരിക്കുന്ന ക്പ്ലര്‍ സ്ഥിരീകരിച്ചു.  കപ്പല്‍ പിടിച്ചതായി ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമും സാമൂഹിക മാധ്യമത്തിലൂടെ സ്ഥിരീകരിച്ചു. പ്രതിരോധ വകുപ്പിന്റെ പിന്തുണയോടെ പുലര്‍ച്ചെ നടത്തിയ ഓപ്പറേഷനിലൂടെയാണ് ടാങ്കര്‍ പിടിച്ചെടുത്തതെന്നും, കപ്പല്‍ അവസാനമായി വെനിസ്വേലയില്‍ തുറമുഖം കണ്ടതായും അവര്‍ വ്യക്തമാക്കി. 

ഉപരോധിത എണ്ണയുടെ അനധികൃത നീക്കം പ്രദേശത്തെ നാര്‍ക്കോ ഭീകരതയ്ക്ക് ധനസഹായമാകുന്നതാണെന്നും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അമേരിക്ക പിന്നോട്ടില്ലെന്നും നോം മുന്നറിയിപ്പ് നല്‍കി. 

ഇതിന് മുമ്പ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെനിസ്വേലയിലേക്ക് വരികയും പോവുകയും ചെയ്യുന്ന എല്ലാ ഉപരോധിത എണ്ണക്കപ്പലുകള്‍ക്കും 'പൂര്‍ണമായ നിരോധനം' ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എണ്ണ കയറ്റുമതിയില്‍ ആശ്രയിക്കുന്ന നിക്കോളാസ് മദൂറോ സര്‍ക്കാരിന് ഇത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലുകള്‍ ഉയരുന്നതിനിടെ, ട്രംപിന്റെ നീക്കം ഭരണകൂട മാറ്റം ലക്ഷ്യമിട്ടതാണെന്നാരോപിച്ച് മദൂറോ രംഗത്തെത്തി. വെനിസ്വേല ഒരിക്കലും ആരുടെയും കോളനിയാകില്ലെന്നും, എണ്ണ വ്യാപാരം തുടരുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനിടെ, പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ സൈനിക സാന്നിധ്യമാണ് അമേരിക്ക കരീബിയന്‍ മേഖലയിലേക്കു വിന്യസിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പല്‍ ഉള്‍പ്പെടെയുള്ള സൈനിക ശക്തിക്കൊപ്പം, കരീബിയന്‍-കിഴക്കന്‍ പസഫിക് മേഖലകളില്‍ ഇതുവരെ 28 സംശയാസ്പദ മയക്കുമരുന്ന് ബോട്ടുകള്‍ പെന്റഗണ്‍ ആക്രമിച്ചതായും, കൊല്ലപ്പെട്ടവരെക്കുറിച്ചോ ബോട്ടുകളിലെ ചരക്കുകളെക്കുറിച്ചോ വ്യക്തമായ തെളിവുകള്‍ പുറത്തുവിട്ടിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.