തകര്‍ന്ന യുഎസ് യുദ്ധവിമാനത്തില്‍ നിന്ന് കാണാതായ പൈലറ്റിനെ ഇറാനും യുഎസും മത്സരിച്ചു തിരയുന്നു

തകര്‍ന്ന യുഎസ് യുദ്ധവിമാനത്തില്‍ നിന്ന് കാണാതായ പൈലറ്റിനെ ഇറാനും യുഎസും മത്സരിച്ചു തിരയുന്നു


ടെഹ്‌റാന്‍: ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ഇറാന്‍ ഭൂപ്രദേശത്ത് തകര്‍ന്ന യുഎസ് യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനെ കണ്ടെത്താന്‍ ഇരുരാജ്യങ്ങളും തിരച്ചില്‍ ശക്തമാക്കി. F15 ഫൈറ്റര്‍ ജെറ്റ് തകര്‍ത്തതായി ഇറാന്‍ അവകാശപ്പെട്ടതോടെയാണ് സംഭവം ശ്രദ്ധേയമായത്.

വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരില്‍ ഒരാളെ അമേരിക്കന്‍ പ്രത്യേക സേന രക്ഷപ്പെടുത്തിയതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, മറ്റൊരാരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഈ പൈലറ്റിനെ ജീവനോടെ പിടികൂടുന്നവര്‍ക്ക് 'വിലമതിക്കാനാകാത്ത പ്രതിഫലം' നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ മധ്യഭാഗത്തെ വ്യോമപരിധിയില്‍ കടന്നുകയറിയ യുഎസ് യുദ്ധവിമാനം ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തതാണെന്ന് ഇറാനിയന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്.

ഇതിനിടെ, A-10 തണ്ടര്‍ബോള്‍ട്ട് II ഗള്‍ഫ് മേഖലയില്‍ തകര്‍ന്നുവീണെങ്കിലും അതിലെ പൈലറ്റിനെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. കൂടാതെ, UH-60 ബ്ലാക്ക് ഹാക്ക് ഹെലികോപ്റ്റര്‍ ഇറാന്‍ അതിര്‍ത്തിക്ക് സമീപം വെടിവെച്ച് തകര്‍ത്തതായും ടെഹ്‌റാന്‍ അവകാശപ്പെട്ടു.

കാണാതായ പൈലറ്റിനെക്കുറിച്ച് അമേരിക്ക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുഎസ് സെന്‍ട്രല്‍ കമാന്റ് സാധാരണ സജീവമായ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലും ഈ വിഷയത്തില്‍ മൗനം തുടരുകയാണ്.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഈ വിഷയത്തെക്കുറിച്ച് ബോധ്യമുള്ളതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇറാനുമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഈ സംഭവം ബാധകമാകില്ലെന്നും 'ഇത് യുദ്ധമാണ്' എന്നും ട്രംപ് പ്രതികരിച്ചു.

മാസത്തോളം നീണ്ടുനില്‍ക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ, ഈ സംഭവം മേഖലയിലെ സംഘര്‍ഷാവസ്ഥയെ കൂടുതല്‍ ഗുരുതരമാക്കുമെന്ന ആശങ്ക ഉയരുന്നു.