വാഷിംഗ്ടണ്‍: സിറിയയിലെ അമേരിക്കന്‍ സൈനികര്‍ക്കെതിരെയുണ്ടായ മാരക ആക്രമണത്തിന് പ്രതികാരമായി ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക വന്‍ സൈനിക ആക്രമണം നടത്തി. 'ഓപ്പറേഷന്‍ ഹോക്കൈ സ്‌െ്രെടക്ക്' എന്ന പേരില്‍ നടത്തിയ ആക്രമണത്തില്‍ ഐഎസിന്റെ പോരാളികളെയും, അടിസ്ഥാന സൗകര്യങ്ങള്‍, ആയുധ സംഭരണ കേന്ദ്രങ്ങള്‍ എന്നിവയെയും നശിപ്പിച്ചതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത് വ്യക്തമാക്കി. സിറിയയുടെ മധ്യഭാഗങ്ങളിലായി യുദ്ധവിമാനങ്ങള്‍, ആക്രമണ ഹെലികോപ്റ്ററുകള്‍, ആര്‍ട്ടില്ലറി യൂണിറ്റുകള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. ജോര്‍ദാനില്‍ നിന്നുള്ള വിമാനങ്ങളും ദൗത്യത്തില്‍ പങ്കെടുത്തതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡിസംബര്‍ 13ന് പാല്‍മിറ നഗരത്തില്‍ ഐഎസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ രണ്ട് അമേരിക്കന്‍ സൈനികരും ഒരു അമേരിക്കന്‍ സിവിലിയന്‍ വിവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ തിരിച്ചടിയെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഐഎസ് ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശക്തമായി ആക്രമണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 'ഇത് ഒരു യുദ്ധത്തിന്റെ തുടക്കം അല്ല, മറിച്ച് പ്രതികാര പ്രഖ്യാപനമാണ്. ലോകത്തിന്റെ ഏത് ഭാഗത്തായാലും അമേരിക്കക്കാരെ ലക്ഷ്യമിടുന്നവര്‍ക്ക് കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും' എന്നായിരുന്നു ഹെഗ്‌സത്തിന്റെ മുന്നറിയിപ്പ്.
അതേസമയം, ഐഎസിനെതിരായ വലിയ തോതിലുള്ള സൈനിക ദൗത്യം ആരംഭിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) സ്ഥിരീകരിച്ചു. ആക്രമണത്തെ സിറിയന്‍ സര്‍ക്കാര്‍ പിന്തുണച്ചതായും ട്രംപ് അവകാശപ്പെട്ടു. റാഖ, ദെയര്‍ എല്‍ സോര്‍ നഗരങ്ങള്‍ക്ക് സമീപമുള്ള ഐഎസ് കേന്ദ്രങ്ങള്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ഒരു പ്രമുഖ ഐഎസ് നേതാവടക്കം നിരവധി പോരാളികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആക്രമണത്തെക്കുറിച്ച് ഐഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
2019ല്‍ സിറിയയിലെ അവസാന ഐഎസ് നിയന്ത്രിത പ്രദേശവും നഷ്ടപ്പെട്ടതായി പ്രഖ്യാപിച്ചിരുന്നെങ്കിലും സംഘടന ഇപ്പോഴും സിറിയയിലും ഇറാഖിലുമായി 5,000 മുതല്‍ 7,000 വരെ പോരാളികളുണ്ടെന്ന് യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2015 മുതല്‍ ഐഎസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി അമേരിക്കന്‍ സൈന്യം സിറിയയില്‍ സാന്നിധ്യം തുടരുകയാണ്.
പാല്‍മിറ ആക്രമണത്തിന് തിരിച്ചടി: സിറിയയില്‍ ഐഎസ് കേന്ദ്രങ്ങള്‍ തകര്‍ത്തു അമേരിക്കയുടെ വന്‍ സൈനിക ആക്രമണം
