സോൾ: അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിൽ നടന്ന ആണവ പ്രതിരോധ ചർച്ചകൾക്കെതിരെ ശക്തമായ പ്രതികരണവുമായി ഉത്തരകൊറിയ. രാജ്യത്തിന്റെ ആണവശക്തി പദവി ഇനി മാറ്റാനാകാത്തതാണെന്നും 'ആണവനിരായുധീകരണം' എന്ന വിഷയം എന്നെന്നേക്കുമായി അവസാനിച്ചതാണെന്നും ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച സിയോളിൽ നടന്ന അമേരിക്ക-ദക്ഷിണ കൊറിയ ആണവ ഉപദേശക സമിതി (NCG) യോഗത്തിൽ ഉത്തരകൊറിയയുടെ വർധിച്ചുവരുന്ന ആയുധശേഖരത്തെ നേരിടുന്നതിനുള്ള പ്രതിരോധ നടപടികൾ ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ പ്രതികരണം.
അമേരിക്കയും അതിന്റെ സഖ്യകക്ഷികളും ആണവ ഭീഷണി ഉയർത്തിക്കാട്ടി നടത്തുന്ന നീക്കങ്ങൾ ഉത്തരകൊറിയയുടെ നിലപാടിൽ യാതൊരു മാറ്റവും ഉണ്ടാക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎയിലൂടെ അറിയിച്ചു. രാജ്യത്തിന്റെ ആണവായുധ പദവി 'തിരിച്ചുപിടിക്കാനാവാത്ത വിധം ഉറപ്പിച്ച ഒന്നാണ്' എന്നും അദ്ദേഹം പറഞ്ഞു.
ഇതിനുമുമ്പ് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങും സമാന നിലപാട് വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ ആണവായുധ പദ്ധതി യാതൊരു സാഹചര്യത്തിലും ചർച്ചയ്ക്ക് വിധേയമല്ലെന്നും അമേരിക്ക 'കാലഹരണപ്പെട്ട സ്വപ്‌നങ്ങളിൽ' നിന്ന് പുറത്തുവരണമെന്നും അവർ പറഞ്ഞിരുന്നു.
അതേസമയം, അന്താരാഷ്ട്ര ആണവായുധ നിരോധന പ്രചാരണ സംഘടനയുടെ (ICAN) റിപ്പോർട്ട് പ്രകാരം 2025ൽ ആണവായുധ വികസനത്തിനായി ഉത്തരകൊറിയ ഏകദേശം 656 മില്യൺ ഡോളർ ചെലവഴിച്ചതായും ഇത് മുൻവർഷത്തേക്കാൾ നാല് ശതമാനം കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ആണവനിരായുധീകരണം ചർച്ചാവിഷയമല്ല; ആണവശക്തി പദവി മാറ്റാനാകില്ലെന്ന് ഉത്തരകൊറിയ
