ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ലെബനന്റെ അവസ്ഥയില്‍ ദുഃഖം രേഖപ്പെടുത്തി യു എന്‍ സെക്രട്ടറി ജനറല്‍

ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ലെബനന്റെ അവസ്ഥയില്‍ ദുഃഖം രേഖപ്പെടുത്തി യു എന്‍ സെക്രട്ടറി ജനറല്‍


ബെയ്‌റൂത്ത്: ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ലെബനന്റെ അവസ്ഥയില്‍ യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അതീവ ദു:ഖം രേഖപ്പെടുത്തി. ആക്രമണത്തില്‍ പരിക്കേറ്റ സിവിലിയന്മാരെയും അഭയാര്‍ഥികളായ ലക്ഷക്കണക്കിന് ആളുകളെയും നേരിട്ട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണ ലെബനനന്‍ ഒരു ശൂന്യഭൂമിയായി മാറാന്‍ സാധ്യതയുണ്ടെന്നും ഇസ്രയേല്‍ ഒഴിപ്പിക്കല്‍ ഉത്തരവു നല്‍കിയ തെക്കന്‍ ബെയ്‌റൂത്ത് പൂര്‍ണമായും ബോംബിട്ട് നശിപ്പിക്കപ്പെടാന്‍ ഇടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ലെബനനിലെ ജനങ്ങള്‍ തെരഞ്ഞെടുത്തതല്ല ഈ യുദ്ധമെന്നും അവര്‍ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു എന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി. യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ക്ക് തനിക്ക് നല്‍കാനുള്ള സന്ദേശം വ്യക്തമാണെന്നും ഉടന്‍ തന്നെ പോരാട്ടവും ബോംബാക്രമണവും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ പ്രതിസന്ധിക്ക് പരിഹാരം സൈനികമല്ലെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും യുഎന്നിന്റെ ചാര്‍ട്ടറുകളും സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളും നടപ്പിലാക്കുകയാണ് വഴിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതു സാഹചര്യത്തിലും സിവിലിയന്മാരെ ആദരിക്കുകയും അവര്‍ക്ക് സംരക്ഷണം നല്‍കുകയും വേണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ലെബനന്റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും എല്ലാ രാജ്യങ്ങളും മാനിക്കണമെന്നും യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് ആഹ്വാനം ചെയ്തു. ലെബനനിലെ നിലവിലെ ഭയാനകമായ സാഹചര്യത്തില്‍ ലോകരാജ്യങ്ങളുടെ ഇടപെടല്‍ അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.